ഒറ്റ വെടിയുണ്ട, ഹൃദയം തുളഞ്ഞുകയറി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഉന്നത സംഘം എത്തുന്നു
ബെംഗളൂരു: റിയല്‍ എസ്‌റ്റേറ്റ് വ്യവസായി ഡോ. സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഹൃദയം തുളഞ്ഞു കയറിയ വെടിയുണ്ടയാണ് മരണ കാരണം. ബൗറിങ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരവിന്ദിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. വെടിയേറ്റ വേളയില്‍ തന്നെ മരണം സംഭവിച്ചിട്ടുണ്ട്.
ഇടതുനെഞ്ചിലാണ് വെടിയേറ്റത്. ഒരു വെടി മാത്രമാണ് ഏറ്റിട്ടുള്ളത്. ഹൃദയവും ശ്വാസകോശവും തുളച്ചുകയറി വെടിയുണ്ട പുറത്തുവന്നു. തൊട്ടടുത്ത് വച്ചാണ് വെടിവച്ചത് എന്നാണ് മനസിലാകുന്നത്. രക്തസാംപിളുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്. ഇതുകൂടി ലഭ്യമായാല്‍ അന്വേഷണത്തിന് വേഗതയേറും. ലോക്കല്‍ പോലീസില്‍ നിന്ന് അന്വേഷണം പ്രത്യേക സംഘത്തിന് കര്‍ണാടക സര്‍ക്കാര്‍ കൈമാറി.

അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിസിപി (സൗത്ത്) ലോകേഷ് ജഗലസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇനി അന്വേഷണം നടത്തുക. ജോയിന്റ് കമ്മീഷണര്‍ (വെസ്റ്റ് സോണ്‍) സി വംശി കൃഷ്ണ മേല്‍നോട്ടം വഹിക്കും എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പ്രസ്താവനയില്‍ അറിയിച്ചു.
കോണ്‍ഫിഡന്റ് ഗ്രൂപ് ചെയര്‍മാന്‍ സിജെ റോയ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൊസൂര്‍ റോഡിലെ ഓഫീസിലാണ് വെടിയേറ്റ് മരിച്ചത്. സ്വയം വെടിവച്ചു മരിച്ചു എന്നാണ് ഇതുവരെയുള്ള നിഗമനം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര റെയ്ഡും മാനസിക പീഡനവുമാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കേരളത്തില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ബെംഗളൂരുവിലെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നത്. നേരത്തെ റെയ്ഡ് നടത്തുകയും റോയിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം വിദേശ യാത്ര കഴിഞ്ഞ് എത്തിയ ശേഷം വീണ്ടും റെയ്ഡ് നടത്തി ചോദ്യം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു എന്നാണ് വിവരങ്ങള്‍.
ഇതിനിടെയാണ് ഓഫീസില്‍ വച്ച് അത്യാഹിതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. റോയിക്ക് കടം ഉണ്ടായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്. സാമ്പത്തിക ഭദ്രയുള്ള വ്യക്തി എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യം ബാക്കിയാണ്. ഇവിടെയാണ് ഉദ്യോഗസ്ഥരുടെ പീഡനം എന്ന ആരോപണം ശക്തമാകുന്നത്. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും.












Click it and Unblock the Notifications