'അറസ്റ്റിന് തയ്യാറാണ്'; സിജെപി സമാധാനപരമായ പ്രതിഷേധമാണ് ആഗ്രഹിക്കുന്നതെന്ന് അഭിജീത് ദിപ്‌കെ
'കോക്രോച്ച് ജനതാ പാര്‍ട്ടി' (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെ ജൂണ്‍ 6-ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്ത് സമാധാനപരമായ പ്രക്ഷോഭം തുടരും എന്നും ആ മുന്നേറ്റത്തിന് നേരിട്ടെത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലേക്ക് എത്തിയാല്‍ തന്നെ തടങ്കലില്‍ വെക്കാനുള്ള സാധ്യതകള്‍ ഉണ്ട് എന്നും ദിപ്‌കെ പറഞ്ഞു.
ബോസ്റ്റണില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയ ദിപ്‌കെ, തന്റെ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയെ 'റോളര്‍ കോസ്റ്റര്‍ യാത്ര' എന്നാണ് വിശേഷിപ്പിച്ചത്. ഇത്രയധികം പൊതുജന ശ്രദ്ധ നേടാന്‍ തന്റെ സംരംഭത്തിന് കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഭൂരിപക്ഷ നിരാശയില്‍ നിന്നാണ് പ്രസ്ഥാനം ഉയര്‍ന്നുവന്നതെന്ന് ദിപ്‌കെ പറയുന്നു.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, നീറ്റ്, സിബിഎസ്ഇ, സിയുഇടി എന്നിവയുള്‍പ്പെടെയുള്ള മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവ ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ പോസ്റ്റില്‍, തന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇന്ത്യയിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് ആശങ്കാകുലരാണെന്നും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഭയപ്പെടുന്നുണ്ടെന്നും ദിപ്‌കെ വെളിപ്പെടുത്തി.
എന്നിരുന്നാലും, ജനാധിപത്യ സ്ഥാപനങ്ങളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സമാധാനപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ പ്രതിഷേധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. 'നമ്മുടെ രാജ്യം ഒരു ജനാധിപത്യമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അനുമതി ലഭിക്കുമെന്നും എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്,' ദിപ്‌കെ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
ഭരണഘടനയിലും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള പൗരന്റെ അവകാശത്തിലും താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷാ സംബന്ധമായ വിവാദങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സമാധാനപരമായ പ്രചാരണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സിജെപി സ്ഥാപകന്‍. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പറഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സിജെപിയുടെ അതിവേഗത്തിലുള്ള ഓണ്‍ലൈന്‍ ജനപ്രീതി കാരണം പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ സിജെപയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതിന് നിലവില്‍ സമയമായിട്ടില്ല എന്നും ദിപ്‌കെ പറഞ്ഞു. നിലവില്‍, വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ആശങ്കകള്‍ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ഒരു യുവജന പ്രസ്ഥാനമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
സറ്റയറിക്കല്‍ സന്ദേശങ്ങളിലൂടെയും സോഷ്യല്‍ മീഡിയ ഇടപെടലിലൂടെയും ആരംഭിച്ച ഈ പ്രസ്ഥാനം യുവാക്കളില്‍ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, അവസരങ്ങള്‍ എന്നിവയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിരവധി യുവ ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ പ്രതികരണം എന്ന് ദിപ്‌കെ വിശ്വസിക്കുന്നു.
അതിനിടെ 2020 നും 2023 നും ഇടയില്‍ ആം ആദ്മി പാര്‍ട്ടിയുമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ദിപ്‌കെ സമ്മതിച്ചു. എന്നിരുന്നാലും, നിലവിലെ സംരംഭം സ്വതന്ത്രമാണെന്നും ഒരു രാഷ്ട്രീയ സംഘടനയുമായും ബന്ധമില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ചില രാഷ്ട്രീയ നേതാക്കള്‍ പ്രസ്ഥാനം ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരസ്യമായി പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു പ്രതിപക്ഷ നേതാവും തന്നെ നേരിട്ട് സമീപിച്ചിട്ടില്ലെന്നും, പ്രചാരണം സ്വതന്ത്രമായി നിലനിര്‍ത്താനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം തന്റെ അനുയായികളുമായും രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുമായും കൂടിയാലോചിച്ചാകും പ്രസ്ഥാനത്തിന്റെ ഭാവി ദിശ രൂപപ്പെടുത്തുന്നതെന്ന് ദിപ്‌കെ അറിയിച്ചു. വിദ്യാഭ്യാസ പരിഷ്‌കരണങ്ങളിലും വിദ്യാര്‍ത്ഥി സംബന്ധമായ വിഷയങ്ങളിലും അധിഷ്ഠിതമായ സമാധാനപരവും ജനാധിപത്യപരവുമായ ഈ പ്രചാരണത്തില്‍ തന്നോടൊപ്പം ചേരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.















Click it and Unblock the Notifications