ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി സിജെപി; സൗരവും അശുതോഷ് റങ്കയും ഷിന്‍ഡെയും കസ്റ്റഡിയില്‍
ജന്തര്‍ മന്തറിനെ ഔദ്യോഗിക സമരവേദിയെന്ന പദവിയില്‍ നിന്ന് നീക്കം ചെയ്ത് ഒരു ദിവസത്തിന് ശേഷം പുലര്‍ച്ചെ അവിടെ പ്രതിഷേധം സംഘടിപ്പിച്ചതിന് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് നേതാക്കളേയും കസ്റ്റഡിയിലെടുത്ത കാര്യം സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്‌കെ സ്ഥിരീകരിച്ചു.
ദിപ്‌കെ പങ്കുവെച്ച പ്രതിഷേധത്തിന്റെ വീഡിയോയില്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ പതാകകളുമായി ഗേറ്റ് ചാടിക്കടന്ന് സമരസ്ഥലത്തേക്ക് പ്രവേശിക്കുന്നതും പ്രകടനം നടത്തുന്നതും കാണാം. 'ഭാരത് മാതാ കീ ജയ്', 'ഇന്‍ക്വിലാബ് സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നോട്ട് നീങ്ങിയ പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ച പൊലീസുകാരുമായി നേരിയ വാക്കേറ്റവുമുണ്ടായി.

'ത്രിവര്‍ണ്ണ പതാകയേന്തിയ സിജെപി പ്രവര്‍ത്തകര്‍ ഇന്ന് പുലര്‍ച്ചെ ജന്തര്‍ മന്തറിലേക്ക് രഹസ്യമായി കടന്നുകയറി. പിന്നീട് ഡല്‍ഹി പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധിക്കാനുള്ള അവകാശത്തെ നിങ്ങള്‍ക്ക് ഇല്ലാതാക്കാനാവില്ല',' ദിപ്‌കെ പറഞ്ഞു. ജന്തര്‍ മന്തറിനെ വീണ്ടുമൊരു സമരവേദിയാക്കാന്‍ സിജെപി നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റഡി നടപടി എന്നതും ശ്രദ്ധേയമാണ്.
സമരവേദി തിരിച്ചുപിടിക്കാനുള്ള ശ്രമമായാണ് ഈ നടപടിയെന്ന് സിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ എത്തിയ തന്നെയും സഹപ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തതായി സൗരവ് ദാസും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ജന്തര്‍ മന്തറിനെ സമരവേദിയായി അംഗീകരിക്കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിജെപി ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
സര്‍ക്കാരിന്റെ ഈ നീക്കം അംഗീകരിക്കാനാവില്ല എന്നും ഏകപക്ഷീയമായ ഈ തീരുമാനം തള്ളിക്കളയുന്നതായും സിജെപി വ്യക്തമാക്കി. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശ്‌നം സമരത്തോടാണ്, സ്ഥലത്തോടല്ല. ജന്തര്‍ മന്തറിനെ സമരവേദിയായി അംഗീകരിക്കുന്നത് അവസാനിപ്പിച്ചാല്‍ ഞങ്ങളുടെ സമരങ്ങള്‍ നിലയ്ക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്,' ദിപ്‌കെ പറഞ്ഞു.
ഒക്ടോബര്‍ 11-ന് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ജന്തര്‍ മന്തറിനെ സമരവേദിയായി അംഗീകരിക്കുന്നത് അവസാനിപ്പിക്കുകയും പകരം രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കന്‍ ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയെ സമരവേദികളായി നിശ്ചയിക്കുകയും ചെയ്തത്. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള മധ്യ ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍, ഇതുവരെ പ്രതിഷേധങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സ്ഥലമായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു സമിതിയുടെ ശുപാര്‍ശ പ്രകാരം, ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും കുത്തിയിരിപ്പ് സമരങ്ങള്‍ക്കുമായി മൂന്ന് പുതിയ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10 മുതല്‍ ഡല്‍ഹി പോലീസ് ജന്തര്‍ മന്തറില്‍ സുരക്ഷ ശക്തമാക്കുകയും പ്രതിഷേധക്കാരെ അവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 10-ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ സിജെപി ആഹ്വാനം ചെയ്തിരുന്നു.
സംഘടനയുടെ പ്രധാന നേതാക്കളായ ദീപ്‌കെ, ദാസ്, രങ്ക എന്നിവരെ ഒക്ടോബര്‍ 10-ന് രാവിലെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ വിമാനത്തിനുള്ളില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications
