സെപ്റ്റംബര്‍ 5 ലെ ഡല്‍ഹി മാര്‍ച്ച് പിന്‍വലിച്ച് സിജെപി; കേസുകള്‍ ഒഴിവാക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
സെപ്റ്റംബര്‍ 5-ന് ന്യൂഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് സിജെപി പിന്‍വലിച്ചു. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി വക്താവ് സൗരവ് ദാസ് സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് സൗരവ് ദാസ് ഹാജരായത്.
കോടതിയില്‍ പാര്‍ട്ടിയുടെ പ്രസ്താവന വായിച്ച അദ്ദേഹം, പ്രതിഷേധക്കാര്‍ക്കെതിരായ കേസുകളുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നടപടികളെത്തുടര്‍ന്ന് സെപ്റ്റംബര്‍ 5-ലെ മാര്‍ച്ച് പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി വ്യക്തമാക്കി. നിര്‍ദ്ദിഷ്ട മാര്‍ച്ചിനെതിരെ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ച് ഒരു ദിവസത്തിന് ശേഷമാണ് പ്രതിഷേധം പിന്‍വലിക്കാന്‍ സിജെപി തയ്യാറായത്.

നേരത്തെ സിജെപി മാര്‍ച്ച് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നിരുന്നു. എന്നാല്‍ പ്രതിഷേധം അനിഷ്ട സംഭവങ്ങളിലേക്ക് നയിക്കുമെന്ന് കരുതാന്‍ നിലവില്‍ ശക്തമായ കാരണങ്ങളൊന്നുമില്ലെന്ന് തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചിരുന്നു. കമസമാധാനം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിനും പൊലീസിനും വിടുകയും ചെയ്തു.
ചൊവ്വാഴ്ച നടന്ന വാദം കേള്‍ക്കലില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പോലീസിനും വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. താന്‍ അഞ്ച് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, സര്‍ക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ചകളുടെ പശ്ചാത്തലം ബെഞ്ചിന് വിശദീകരിച്ചുവെന്നും മേത്ത കോടതിയെ അറിയിച്ചു. ഡല്‍ഹി പോലീസിന്റെ അപേക്ഷയിലെ വിവരങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയ അദ്ദേഹം, ക്രിമിനല്‍ പശ്ചാത്തലമുള്ള 2,873 വ്യക്തികളെക്കുറിച്ചുള്ള ഭാഗവും പരാമര്‍ശിച്ചു.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം എന്നീ നാല് സംസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മേത്ത സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍, അത് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ അതിന്റെ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിവരങ്ങള്‍ അവതരിപ്പിച്ചതിന് പിന്നാലെ സൗരവ് ദാസ് കോടതിയില്‍ പാര്‍ട്ടിയുടെ പ്രസ്താവന വായിക്കുകയും സെപ്റ്റംബര്‍ 5-ലെ മാര്‍ച്ച് പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഡല്‍ഹി പൊലീസ് മുന്‍ ഉദ്യോഗസ്ഥനായ രാജേന്ദ്ര സിംഗാണ് പ്രതിഷേധ മാര്‍ച്ചിനെതിരെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സെപ്റ്റംബര്‍ 12-13 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധ മാര്‍ച്ച് തടയണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.





Click it and Unblock the Notifications