സിജെപി പ്രതിഷേധത്തിലെ 'ലോക്ക്ഡൗണ്‍'; സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് ഡല്‍ഹി പൊലീസ്
ഒക്ടോബര്‍ 10-ന് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ ലംഘനമോ മനഃപൂര്‍വ്വമായ അനുസരണക്കേടോ അല്ലെന്ന് ഡല്‍ഹി പൊലീസ്. ക്രമസമാധാനം നിലനിര്‍ത്താന്‍ തങ്ങളുടെ നടപടികള്‍ അനിവാര്യമായിരുന്നുവെന്ന് പൊലീസ് അവകാശപ്പെട്ടു. ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ കമ്മീഷണര്‍ അനുരാഗ് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണ് പ്രതികരണം.
ശനിയാഴ്ചത്തെ സംഭവവികാസങ്ങളില്‍ കോടതിക്ക് മുന്നില്‍ നിരുപാധികവും പൂര്‍ണവുമായ ക്ഷമാപണം നടത്തുന്നതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 9-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ്, ജിടിബി നഗര്‍, വിശ്വവിദ്യാലയ മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകള്‍ അടച്ചതിലൂടെ ലംഘിക്കപ്പെട്ടുവെന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയിലെ ആരോപണം.

എന്നാല്‍, തങ്ങളുടെ നടപടികള്‍ കൃത്യസമയത്തുള്ളതും, ആനുപാതികവും, നിയമപരവുമായിരുന്നുവെന്നും, വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അവ സഹായിച്ചുവെന്നും പൊലീസ് വാദിച്ചു. സത്യവാങ്മൂലമനുസരിച്ച്, ആദ്യം 57 മെട്രോ സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, ഒടുവില്‍ ഡല്‍ഹിയിലെ ആകെ 303 സ്റ്റേഷനുകളില്‍ 45 എണ്ണത്തില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്.
ഇത് മൊത്തം ശൃംഖലയുടെ ഏകദേശം 15 ശതമാനം മാത്രമാണ്. ഒക്ടോബര്‍ 10-ന് രാത്രി 10 മണി മുതല്‍ മെട്രോ സേവനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിച്ചു. പൊതുവായ ഇന്റര്‍നെറ്റ് സേവനങ്ങളെയല്ല, മറിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളെയാണ് നിയന്ത്രണങ്ങള്‍ ബാധിച്ചതെന്ന് േെപാലീസ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനോട് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച്, റൈസീന ഹില്ലിന് നാല് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
നിയമവിരുദ്ധമായ തടങ്കലില്‍ വെച്ചു എന്ന ആരോപണവും പൊലീസ് നിഷേധിച്ചു. ഡല്‍ഹി പൊലീസ് ആക്ടിലെ സെക്ഷന്‍ 65, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 172 എന്നിവ പ്രകാരമാണ് വ്യക്തികളെ അവിടെ നിന്ന് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. ഇവരെ പൊലീസ് ലോക്കപ്പുകളിലോ ജയിലുകളിലോ അല്ല പാര്‍പ്പിച്ചത്, മറിച്ച് താല്‍ക്കാലിക കേന്ദ്രങ്ങളില്‍ രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം മാത്രമാണ് ഇരുത്തിയത്.
രാഷ്ട്രീയ നേതാക്കളെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുറികളിലാണ് ഇരുത്തിയതെന്നും, അവര്‍ക്ക് ചായയും ഭക്ഷണവും നല്‍കിയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു. മറ്റൊരു സത്യവാങ്മൂലത്തില്‍, ഏതെങ്കിലും തൊഴില്‍ ചെയ്യുന്ന വ്യക്തികളെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സുപ്രീം കോടതി വളപ്പിനുള്ളില്‍ സെക്ഷന്‍ 163 പ്രകാരമുള്ള നോട്ടീസ് പതിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കോടതി വളപ്പ് പ്രതിഷേധ വേദിയാക്കാന്‍ അനുവദിക്കാനാവില്ലെന്നും അവര്‍ വാദിച്ചു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച പൊലീസ്, ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് സിജെപിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ജന്തര്‍ മന്തറില്‍ ഒരു ദിവസത്തേക്ക് മാത്രം അനുമതി നല്‍കിയ പ്രതിഷേധം 36 ദിവസത്തോളം നീണ്ടുനിന്നുവെന്ന് പൊലീസ് ആരോപിച്ചു. കൂടാതെ, ജൂലൈ 20-ന് പാര്‍ലമെന്റിലേക്ക് നടത്തിയ അനധികൃത മാര്‍ച്ചില്‍ 1,000 പേര്‍ക്ക് മാത്രം അനുമതിയുണ്ടായിരുന്നിടത്ത് 35,000-ത്തിലധികം ആളുകള്‍ പങ്കെടുത്തതായും പൊലീസ് ചൂണ്ടിക്കാട്ടി.
240-ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ ആള്‍ക്കൂട്ട ആക്രമണം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുകള്‍ മധ്യ ഡല്‍ഹിയിലെ ഗതാഗതത്തെയും സഞ്ചാരത്തെയും തടസപ്പെടുത്തിയെന്നും പൊലീസ് ആരോപിച്ചു.
ഒക്ടോബര്‍ 10 ലെ പ്രതിഷേധത്തിന് സിജെപി ഔദ്യോഗിക അപേക്ഷയ്ക്ക് പകരം ഒക്ടോബര്‍ 7-ലെ തീയതി വെച്ചുള്ള ഒരു അറിയിപ്പ് മാത്രമാണ് നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഒക്ടോബര്‍ 9-ന് ഈ ആവശ്യം തള്ളിക്കളഞ്ഞു. സുപ്രീം കോടതിയുടെ ഒക്ടോബര്‍ 11-ലെ ഉത്തരവിലെ 16-ാം ഖണ്ഡികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറ് നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെട്ടു.
ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണ നടപടികളും ഇപ്പോഴും പരിശോധനയിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കോടതി ഉത്തരവുകള്‍ ലംഘിക്കാന്‍ മനഃപൂര്‍വ്വമായോ ബോധപൂര്‍വ്വമായോ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും സുപ്രീം കോടതിയെ അറിയിച്ചു.
നിരുപാധികമായ ക്ഷമാപണം നടത്തിയ അദ്ദേഹം, തനിക്കെതിരെ പുറപ്പെടുവിച്ച കോടതിയലക്ഷ്യ നോട്ടീസ് പിന്‍വലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സമാധാനം നിലനിര്‍ത്താനും ക്രമസമാധാന തകര്‍ച്ച തടയാനുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 9-ലെ ഉത്തരവ് ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മേധാവി ഡി. താരയും സത്യവാങ്മൂലം സമര്‍പ്പിച്ചു. ഒക്ടോബര്‍ 10-ന് 271 ട്രെയിനുകള്‍ തങ്ങളുടെ നിശ്ചിത 157 സര്‍വീസുകളും പൂര്‍ത്തിയാക്കിയെന്നും, ആകെ 303 സ്റ്റേഷനുകളില്‍ 45 എണ്ണത്തില്‍ മാത്രമാണ് പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിച്ചിരുന്നതെന്നും താര പറയുന്നു.
സാധാരണയായി രണ്ടാം ശനിയാഴ്ച ഏകദേശം 58 ലക്ഷം യാത്രക്കാര്‍ സഞ്ചരിക്കാറുണ്ടെങ്കില്‍, അന്ന് യാത്ര ചെയ്തത് 32 ലക്ഷത്തോളം പേര്‍ മാത്രമാണ്. പ്രതിഷേധം കാരണം യാത്രക്കാര്‍ വീടുകളില്‍ തന്നെ തുടര്‍ന്നതാണ് ഈ കുറവിന് കാരണമെന്ന് ഡിഎംആര്‍സി വിശദീകരിക്കുന്നു. ഒക്ടോബര്‍ 9-ലെ ഉത്തരവ് തങ്ങളെ കേള്‍ക്കാതെയാണ് പുറപ്പെടുവിച്ചതെന്നും, ആ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ അവര്‍, നിരുപാധികമായി ക്ഷമ ചോദിക്കുകയും ചെയ്തു


Click it and Unblock the Notifications
