സ്‌റ്റേഡിയങ്ങള്‍ തടങ്കല്‍ കേന്ദ്രങ്ങളാക്കി, ഇന്റര്‍നെറ്റ് നിരോധിച്ചു; പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ്
ഡല്‍ഹിയില്‍ സിജെപിയും വിദ്യാര്‍ത്ഥി സംഘടനകളും പ്രഖ്യാപിച്ച ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധം നേരിടാന്‍ കര്‍ശന നടപടികളാണ് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും സ്വീകരിച്ചിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കൊവിഡ് കാലത്തെ ലോക്ക്ഡൗണിന് സമാനമായ അവസ്ഥയാണ് ജന്തര്‍ മന്തര്‍ പ്രദേശവും ഡല്‍ഹിയും അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ജനജീവിതം സ്തംഭിക്കുന്ന നിലയാണ് ദൃശ്യമാകുന്നത്.
45 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടും 254 ട്രെയിനുകള്‍ റദ്ദാക്കിയും റോഡുകള്‍ പലയിടത്തും ബാരിക്കേഡ് കൊണ്ട് തടഞ്ഞും സഞ്ചാരസ്വാതന്ത്ര്യം പോലും വിലക്കിയിരിക്കുകയാണ്. ഒരുപക്ഷെ ജൂലൈയില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധം നേരിട്ട രീതിയേക്കാള്‍ എത്രയോ വ്യത്യസ്തമായാണ് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും ഇത്തവണ പ്രതികരിക്കുന്നത്.

സുരക്ഷയ്ക്ക് 35000 ത്തിലധികം ഉദ്യോഗസ്ഥര്‍
അനധികൃത ഒത്തുചേരലുകള്‍ തടയുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി 35,000-ത്തിലധികം ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. പ്രധാന ജംഗ്ഷനുകള്‍, ഗതാഗത കേന്ദ്രങ്ങള്‍, മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സേനയില്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സിലെ 120ലധികം കമ്പനികളുടെ പിന്തുണയും ഉള്‍പ്പെടുന്നു.
കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണത്തിനായി ന്യൂഡല്‍ഹിയെ 20 മേഖലകളായി തിരിച്ചിട്ടുണ്ട്. ജോയിന്റ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കാണ് നിരീക്ഷണ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ കമ്മീഷണര്‍മാരും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കുന്നതിനായി പൊലീസ് മോക്ക് ഡ്രില്ലുകളും നടത്തി. എവിടെ വെച്ചായാലും അനധികൃത പ്രതിഷേധം നടത്താന്‍ ശ്രമിക്കുന്നവരെ കസ്റ്റഡിയിലെടുക്കണം എന്നാണ് ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശം.

പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകള്‍ക്കായി ആയുധങ്ങള്‍ ഉപയോഗിക്കരുതെന്ന് സിഎപിഎഫ് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലാത്തികളും ബാറ്റണുകളും കൈവശം വെക്കാന്‍ അനുമതിയുണ്ട്. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഇടപെടലുകള്‍ സംബന്ധിച്ച വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, പ്രതിഷേധക്കാരുമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആറ് തടങ്കല്‍ കേന്ദ്രങ്ങള്‍
പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുക്കുന്നവരെ പാര്‍പ്പിക്കാനായി ഡല്‍ഹി പൊലീസ് ആറ് കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഛത്രസാല്‍ സ്റ്റേഡിയം, രാജീവ് ഗാന്ധി സ്റ്റേഡിയം, യമുന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സൂരജ്മാല്‍ സ്റ്റേഡിയം, ദൗലത്പൂരിലെയും പാണ്ഡ്രവാലിലെയും കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. കൊണാട്ട് പ്ലേസ് മേഖലയിലെ ജന്‍പഥിന് സമീപം പൊലീസ് ഏതാനും പ്രതിഷേധക്കാരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാധ്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, പ്രതിഷേധത്തിന് മുന്നോടിയായി ക്രിമിനല്‍ പശ്ചാത്തലമുള്ള 30 മുതല്‍ 40 വരെ ആളുകളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. പ്രതിഷേധത്തിനായി ആളുകളെ സംഘടിപ്പിക്കാന്‍ സാധ്യതയുള്ള വ്യക്തികളെയും അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ വീടുകള്‍ക്ക് സമീപം നിരീക്ഷണം ശക്തമാക്കുകയും അവരുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിക്കുകയും ചെയ്യുന്നു.

ബോഡി ക്യാമറകള്‍, ഡ്രോണുകള്‍, മുഖം തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സാങ്കേതികവിദ്യയുടെ സഹായവും പൊലീസ് ഉപയോഗിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം ആകാശത്തുനിന്നും കെട്ടിടങ്ങളുടെ മുകളില്‍നിന്നും നിരീക്ഷണം നടത്താനും പദ്ധതിയിടുന്നുണ്ട്. പ്രതിഷേധത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ യൂണിഫോമില്‍ ബോഡി ക്യാമറകള്‍ ധരിച്ചിട്ടുണ്ട്.
ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഈ ഉപകരണങ്ങള്‍, ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ഇടപെടലുകള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്നു. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനങ്ങള്‍, അധിക സിസിടിവി ക്യാമറകള്‍, ഡ്രോണുകള്‍, കെട്ടിടങ്ങളുടെ മുകളില്‍ വിന്യസിക്കുന്ന നിരീക്ഷകര്‍ (റൂഫ്ടോപ്പ് സ്‌പോട്ടര്‍മാര്‍) എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും പൊലീസ് ഒരേസമയം പരിശോധിക്കുന്നുണ്ട്.
ആളുകളെ അണിനിരത്താനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ടേക്കാവുന്ന പോസ്റ്റുകളും സന്ദേശങ്ങളും അധികൃതര്‍ നിരീക്ഷിക്കുന്നതിനാല്‍, ഇരുനൂറിലധികം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
ഗതാഗത നിയന്ത്രണങ്ങള്‍, അതിര്‍ത്തി പരിശോധനകള്‍
ശനിയാഴ്ച രാവിലെ 6 മണി മുതല്‍ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. സുരക്ഷാ സാഹചര്യത്തിനനുസരിച്ച് ഗതാഗതം നിയന്ത്രിക്കേണ്ട പ്രധാന ജംഗ്ഷനുകള്‍ ഡല്‍ഹി ട്രാഫിക് പോലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കൊണാട്ട് പ്ലേസ്, ജന്തര്‍ മന്തര്‍, മാണ്ഡി ഹൗസ്, പട്ടേല്‍ ചൗക്ക് എന്നിവയ്ക്കൊപ്പം അശോക റോഡ്, ജന്‍പഥ്, സന്‍സദ് മാര്‍ഗ് എന്നിവിടങ്ങളിലെ പ്രധാന ജംഗ്ഷനുകളും പരിസര പ്രദേശങ്ങളും നിയന്ത്രണങ്ങള്‍ ബാധകമാകുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.

മിന്റോ റോഡ്-ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ് ജംഗ്ഷന്‍, ബരാഖംബ റോഡ്, ലോധി റോഡ് ഫ്‌ലൈഓവര്‍, ഭിക്കാജി കാമ പ്ലേസ്, മോട്ടി ബാഗ് പരിസരം എന്നിവിടങ്ങളിലും ഗതാഗത തടസങ്ങള്‍ ഉണ്ടായേക്കാം. തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നുണ്ട്. സുരക്ഷാ നടപടികള്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍ ഇവിടെ അധിക പരിശോധനകള്‍ നടത്തുന്നു. ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍, ധര്‍മ്മശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. ഒപ്പം റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, മറ്റ് യാത്രാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ച് ഗതാഗത നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയോ ഇളവ് വരുത്തുകയോ ചെയ്‌തേക്കാമെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് അറിയിച്ചു.
യാത്രക്കാര്‍, പ്രത്യേകിച്ച് മധ്യ ഡല്‍ഹി വഴി റെയില്‍വേ സ്റ്റേഷനുകളിലേക്കോ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളിലേക്കോ വിമാനത്താവളത്തിലേക്കോ പോകുന്നവര്‍, യാത്രയ്ക്കായി കൂടുതല്‍ സമയം അനുവദിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
സമരത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചത് എന്തുകൊണ്ട്?
ക്രമസമാധാന പ്രശ്‌നങ്ങള്‍, പൊതുജനങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍, മുന്‍കാല സമരങ്ങളില്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. സിജെപി സഹ-കണ്‍വീനര്‍ സൗരവ് ദാസ്, ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ എന്നിവര്‍ക്ക് അയച്ച കത്തില്‍, നിര്‍ദ്ദിഷ്ട ഒത്തുചേരല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ന്യൂഡല്‍ഹി ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ജന്തര്‍ മന്ദറില്‍ പരിപാടികള്‍ നടത്തുന്നതിനുള്ള അപേക്ഷകള്‍ പരിപാടിക്ക് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും സമര്‍പ്പിക്കേണ്ടതുണ്ട്. ഒക്ടോബര്‍ 7-നാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും, അതായത് സമരത്തിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അപേക്ഷ ലഭിച്ചതെന്നും ജോയിന്റ് പോലീസ് കമ്മീഷണര്‍ നൂപുര്‍ പ്രസാദ് പറഞ്ഞു.


Click it and Unblock the Notifications
