പൊലീസ് പൊളിച്ചുമാറ്റിയ സമരവേദി തിരിച്ചുപിടിച്ച് 'പാറ്റകള്‍'; പാര്‍ലമെന്റ് മാര്‍ച്ച് ഇന്നും തുടരുമെന്ന് സിജെപി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി (കോക്രോച്ച് ജനതാ പാര്‍ട്ടി) നടത്തുന്ന പ്രതിഷേധ സമരം കൂടുതല്‍ ശക്തമാകുന്നു. ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ ജന്തര്‍ മന്തറിലെ സമരസ്ഥലം തിങ്കളാഴ്ച രാത്രിയോടെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തിരിച്ചുപിടിച്ചു. ഇന്നലെ രാവിലെ സോനം വാങ്ചുക് നിരാഹാര സമരം നടത്തിയിരുന്ന വേദി പോലീസ് പൊളിച്ചുമാറ്റിയിരുന്നു.
കൂടാതെ വേദിയിലുണ്ടായിരുന്നു ടാര്‍പോളിനുകള്‍, പരവതാനികള്‍, മെത്തകള്‍, മറ്റ് സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരെ ക്രൂരമായ ലാത്തിച്ചാര്‍ജാണ് പൊലീസ് അഴിച്ചുവിട്ടത്. രാത്രിയില്‍ ജന്തര്‍ മന്തറിലേക്ക് തിരിച്ചെത്തിയ സിജെപി. പ്രവര്‍ത്തകര്‍ അവിടെ ഒരു കൂടാരവും താല്‍ക്കാലിക വേദിയും സ്ഥാപിച്ചു.

അതേസമയം പൊലീസ് നടപടി രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. ഇന്ന് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും എന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. അതിനിടെ ഇന്നലെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ് എന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. 'ക്രൂരമായ ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ പെണ്‍കുട്ടി ആര്‍എംഎല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഞാന്‍ ഇന്ന് അവരെ പോയി കണ്ടിരുന്നു,' ദീപ്‌കെ പറഞ്ഞു.
അതേസമയം പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് ഇന്നും തുടരുമെന്ന് ദീപ്‌കെ വ്യക്തമാക്കി. അതിനിടെ പൊലീസ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജനവിരുദ്ധ പ്രധാനമന്ത്രിയാണ് മോദി എന്നും പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാന്‍ പോലും കഴിയാത്തത്ര യുവജനവിരുദ്ധനാണ് അദ്ദേഹം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി പ്രവര്‍ത്തകര്‍ ജൂണ്‍ 6 മുതല്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുകയാണ്. സിജെപി പ്രതിഷേധത്തെ പിന്തുണച്ച് വിദ്യാഭ്യാസ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. സമരത്തിന്റെ 20-ാം ദിനം അദ്ദേഹത്തെ പിന്നീട് കസ്റ്റഡിയിലെടുത്ത് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ സിജെപി മാര്‍ച്ചിന് നേരെ രൂക്ഷമായ ആക്രമണമാണ് പൊലീസ് നടത്തിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ പരിക്കേറ്റ പൊലീസുകാരുടെ എണ്ണം 118-ല്‍ അധികമാണെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്.
അതിനിടെ യൂണിഫോമില്ലാതെയും ബാഡ്ജില്ലാതെയും എത്തിയ സംഘമാണ് തങ്ങളെ നേരിട്ടത് എന്ന് സമരക്കാര്‍ ആരോപിച്ചു. പൊലീസ് മര്‍ദ്ദനത്തിന്റെ വിവരമറിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, ഇടത് എംപിമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരെല്ലാം ജന്തര്‍ മന്തറിലേക്ക് എത്തിയിരുന്നു.


Click it and Unblock the Notifications