സിജെപിയുടെ പ്രതിഷേധ മാര്‍ച്ച് തടയാനാകില്ലെന്ന് സുപ്രീംകോടതി; 'ക്രമസമാധാനം നിലനിര്‍ത്തേണ്ടത് കേന്ദ്രം'
സെപ്തംബര്‍ അഞ്ചിന് സിജെപി പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ച് തടയാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബ്രിക്‌സ് ഉച്ചകോടിയ്ക്ക് മുന്നോടിയായി ഡല്‍ഹിയില്‍ പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ച് തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് കരുതാന്‍ തക്ക നിര്‍ണായകമായ സാഹചര്യമൊന്നും നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു. സെപ്തംബര്‍ 12-13 തീയതികളില്‍ ആണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്.
നീറ്റ് പ്രതിഷേധങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ പൊലീസ് കേസുകളും എഫ്ഐആറുകളും ഉടന്‍ പിന്‍വലിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും പ്രതിഷേധത്തിനിറങ്ങാന്‍ സിജെപി തീരുമാനിച്ചത്. അതിനിടെ ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങവെ, കേന്ദ്രം സമര്‍പ്പിച്ച മറ്റൊരു അപേക്ഷയെക്കുറിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാക്കാല്‍ പരാമര്‍ശിച്ചു.

നീറ്റ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എഫ്ഐആറുകള്‍ റദ്ദാക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ അപേക്ഷ. സെപ്റ്റംബര്‍ 1-ന് തന്നെ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണമെന്ന് മേത്ത ആവശ്യപ്പെട്ടു. സെപതംബര്‍ 1-ന് അപേക്ഷ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിക്കുകയും ചെയ്തു.
'കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ എതിര്‍പ്പില്ല,' അദ്ദേഹം പറഞ്ഞു. നേരത്തെ, സെപ്റ്റംബര്‍ 5-ലെ പ്രതിഷേധ മാര്‍ച്ചിനെതിരെ വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന് സിജെപി പൊലീസിനോടോ കോടതികളോടോ അനുമതി തേടിയിട്ടില്ലെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞത് എന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ റിസ്വാന്‍ അഹമ്മദ് പറഞ്ഞു.
മാര്‍ച്ച് നടത്താനുള്ള തീരുമാനം സോഷ്യല്‍ മീഡിയ വഴിയാണ് പ്രഖ്യാപിച്ചത്. സിജെപി മാര്‍ച്ച് 10 ദിവസം കൂടി നീട്ടിവെച്ച് സെപ്റ്റംബര്‍ 15-ലേക്ക് മാറ്റിയാല്‍ അത് ദേശീയ താല്‍പ്പര്യത്തിന് കൂടുതല്‍ ഗുണകരമാകുമെന്ന് ഹര്‍ജിക്കാരനായ രാജേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. 'സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അന്താരാഷ്ട്ര പ്രമുഖര്‍ തലസ്ഥാനത്തെത്തുന്നുണ്ട്. ബ്രിക്‌സ് ഉച്ചകോടി തടസ്സമില്ലാതെ നടക്കാന്‍ അനുവദിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് സെപ്റ്റംബര്‍ 15 വരെ, കാത്തിരിക്കാനാവില്ലേ?' എന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചോദിച്ചു.
എന്നാല്‍ മോശമായ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതാന്‍ തക്കതായ സാഹചര്യങ്ങളൊന്നുമില്ല എന്നും എല്ലാവരും സമാധാനപരമായും നിയമപരമായും യുക്തിസഹമായും പെരുമാറുമെന്ന് പ്രതീക്ഷിക്കാം എന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. ക്രമസമാധാനം നിലനിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും ഉത്തരവാദിത്തമാണ്. നിയമവിരുദ്ധമായതോ അനുവദനീയമായതോ ആയ കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിക്കൊള്ളുമെന്നും കോടതി പറഞ്ഞു.
റാലി നടത്താന്‍ ആഗ്രഹിക്കുന്നവരും പൊലീസും രാജ്യത്തെ നിയമങ്ങളെ മാനിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന് കോടതി പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. അപേക്ഷയുടെ പകര്‍പ്പ് സോളിസിറ്റര്‍ ജനറലിന്റെ ഓഫീസിന് നല്‍കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. സെപ്റ്റംബര്‍ 10-ന് പരിഗണിക്കാന്‍ നിശ്ചയിച്ചിട്ടുള്ള നീറ്റ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രധാന ഹര്‍ജികള്‍ക്കൊപ്പം ഈ അപേക്ഷയും ഉള്‍പ്പെടുത്തുമെന്ന് ബെഞ്ച് അറിയിച്ചു.
ഇടവേളയില്‍ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അഭിഭാഷകന് അനുമതി നല്‍കുകയും ചെയ്തു. രാജ്യം ശ്രദ്ധിച്ച സിജെപിയുടെ നീറ്റ് പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന് രാജി വെക്കേണ്ടി വന്നിരുന്നു. ഈ സംഭവത്തിന് ശേഷം രാജ്യത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായുള്ള ക്യാംപെയ്ന്‍ നടത്തി വരികയാണ് സിജെപി.
ഇതിനിടെയാണ് സെപ്തംബര്‍ അഞ്ചിന് വീണ്ടും മാര്‍ച്ച് പ്രഖ്യാപിച്ചത്. ദേശീയ അധ്യാപക ദിനത്തിനാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.





Click it and Unblock the Notifications