സൗരവ് ദാസും അശുതോഷ് രംഗയും ജയിലില്‍ തന്നെ; കസ്റ്റഡി കാലാവധി അവസാനിച്ചിട്ടും വാദം കേട്ടില്ല
സിജെപി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചെങ്കിലും, വിഷയം പരിഗണിക്കാന്‍ മന്ദിര്‍ മാര്‍ഗ് സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തയാറായില്ല. തനിക്ക് ഭീഷണി സന്ദേശം ലഭിച്ചെന്നും കേസ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മറ്റൊരു സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചതായി സിജെപി ലീഗല്‍ ഹെഡ് രത്‌ന സിങ് പറഞ്ഞു.
ദാസിന്റെയും രംഗയുടെയും കസ്റ്റഡി മനപ്പൂര്‍വം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുകയാണ് എന്ന് അഭിജിത് ദീപ്‌കെ ആരോപിച്ചു. എല്ലാ മോശം കളികളും നടക്കുന്നുണ്ട്. രണ്ടുപേരെയും ഇനിയും തടവിലിടാന്‍ നിയമപരമായി സാധിക്കില്ല. അതുകൊണ്ടാണ് നടപടികള്‍ വൈകിപ്പിക്കാന്‍ ചില കളികള്‍ ഇറക്കിയത് എന്നും ദീപ്‌കെ എക്‌സില്‍ കുറിച്ചു.

രാവിലെ മുതല്‍ തങ്ങള്‍ മന്ദിര്‍ മാര്‍ഗ് പോലിസ് സ്റ്റേഷനിലുണ്ടായിരുന്നെന്നും ഉച്ചയ്ക്ക് 12 മണിക്ക് വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരുന്നതെന്നു രത്‌ന സിങ് പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉച്ചയ്ക്ക് 1.30ഓടെ പോലിസ് സ്റ്റേഷനില്‍ എത്തിയെങ്കിലും വൈകിട്ട് അഞ്ചുമണി വരെ കോടതി മുറിയിലെത്തിയില്ലെന്നും അവര്‍ പറഞ്ഞു.
ഒടുവില്‍ കോടതി മുറിയിലെത്തിയ അദ്ദേഹം, കേസിന്റെ മെറിറ്റ് പരിഗണിച്ച് വാദം കേള്‍ക്കാന്‍ വിസമ്മതിച്ചു. നടപടികള്‍ ആരംഭിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അറിയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളെല്ലാം ആ സന്ദേശത്തെക്കുറിച്ച് മാത്രമായി ഒതുങ്ങി. ഇതൊരു ആസൂത്രിത നീക്കമാണെന്ന് വ്യക്തമാണെന്നും രത്‌ന സിങ് പറഞ്ഞു. ഭീഷണി സന്ദേശത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
അതിനിടെ, സിജെപിയുടെ തിരംഗ മാര്‍ച്ചുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഭിജിത് ദിപ്‌കെ, നേഹ ബോറ, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ക്കെതിരേയാണ് കേസുകള്‍. മാര്‍ച്ചിനിടെ ആയുധങ്ങളും വടികളുമായി എത്തിയെന്നാരോപിച്ച് ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരെയും പോലിസ് അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് 17 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരേയും നടപടിയെടുത്തു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ ജന്തര്‍മന്തര്‍ ലക്ഷ്യമാക്കി മാര്‍ച്ച് നടത്തി. അശോക റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇവരെ പോലിസ് തടഞ്ഞു കസ്റ്റഡിയിലെടുത്ത് നീക്കി. ദസറയോടനുബന്ധിച്ച് ഇടവേള നല്‍കിയ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ഈ മാസം 25ഓടെ സജീവമാകും. നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്കു മുന്നോടിയായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.


Click it and Unblock the Notifications
