ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; സമയം തേടി സർക്കാർ..നാളെ വീണ്ടും ചർച്ച
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ചർച്ച പൂർത്തിയാക്കി സിജെപി പ്രതിനിധി സംഘം. തങ്ങളുടെ രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി ചർച്ചയ്ക്ക് ശേഷം സിജെപി അറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സമയം തേടിയിട്ടുണ്ടെന്നും നാളെ വീണ്ടും ചർച്ച നടക്കുമെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു. മന്ത്രി രാജി വെയ്ക്കാത്തെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നേതാക്കൾ ആവർത്തിച്ചു.

ഇന്ന് കേന്ദ്രസർക്കാരുമായി രണ്ടാം ഘട്ട ചർച്ചയാണ് നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ, മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരാണ് ചർച്ച നടത്തിയത്. സിജെപി ദേശീയ വക്താക്കളായ സൌരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരാണ് സിജെപിയെ പ്രതിനീധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ പിൻവലിക്കുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് സിജെപി പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചത്. ഇതിൽ പ്രധാൻ്റെ രാജി ഒഴികെയുള്ള രണ്ട് ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ചുവെന്ന് സിജെപി വ്യക്തമാക്കി. അതേസമയം പ്രധാൻ്റെ രാജിയാണ് പ്രധാനമെന്നും ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും പ്രതിനിധികൾ പറഞ്ഞു. മാത്രമല്ല പ്രധാൻ രാജിവെച്ചില്ലെങ്കിൽ സമരം കൂടുതൽ വ്യാപിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.
'പ്രധാൻ്റെ രാജി സംബന്ധിച്ച് തീരുമാനമെടുക്കാൻ ശനിയാഴ്ച ഉച്ച വരെയാണ് സർക്കാർ സമയം തേടിയിരിക്കുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ സർക്കാർ പുറത്താക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്', സിജെപി നേതാക്കൾ പറഞ്ഞു. അതേസമയം ചർച്ച സൌഹാർദപരമായിരുന്നുവെന്ന് മന്ത്രി ജെപി നദ്ദയും പ്രതികരിച്ചു. ' രണ്ട് മണിക്കൂറോളം ചർച്ച നടന്നു. അവർ പ്രധാനമായും 3 ആവശ്യങ്ങളാണ് ഉയർത്തിയത്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് അഞ്ച് മാറ്റങ്ങളും നിർദേശിച്ചിട്ടുണ്ട്. സർക്കാരുമായി ചർച്ച നടത്തി നാളെ ഉച്ചയോടെ വീണ്ടും അവരെ കാണുമെന്ന് ഞങ്ങൾ അറിയിച്ചിട്ടുണ്ട്', ചർച്ചയ്ക്ക് ശേഷം ജെപി നദ്ദ പറഞ്ഞു.
അതേസമ.ം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടപടി തേടി കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. സമനാ ആവശ്യം ഉന്നയിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ആരംഭിച്ച നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ യാതൊരു ശിക്ഷാനടപടിയും സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതോടെയാണ് അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെ തൻ്റെ സമരം അവസാനിപ്പിച്ചത്.
ഉത്തരവാദിതം ഏറ്റെടുക്കാതെ
അഴിമതിക്ക് കൂട്ടുനിൽക്കുന്നു:സർക്കാരിനെതിരെ അഭിജിത്ത് ദീപ്കേ
വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥലം മാറ്റിയ നടപടിയിൽ കേന്ദ്രത്തിനെതിരെ തുറന്നടിച്ച് അഭിജിത് ദീപ്കേ. വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം സർക്കാർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് അഭിജിത് കുറ്റപ്പെടുത്തി.
അഴിമതി ആരോപണങ്ങൾ നേടുന്ന മൃഗസംരക്ഷണ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥനെ പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി സർക്കാർ നിയമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ ക്രമക്കേടും കൃത്യമായ അഴിമതിയുടെ തെളിവുകളായിരുന്നു. എന്നാൽ അതിനൊന്നും പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ല. അതിനുപകരം ഒരു ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു അഴിമതിക്കാരാനായ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുകയാണ്. ഇത് രാജ്യത്താകമാനമുള്ള യുവാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നത് വരെ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ല, അഭിജിത്ത് പറഞ്ഞു.


Click it and Unblock the Notifications