ദിപ്‌കെയുടെ വീട്ടിലേക്ക് ഇരച്ചെത്തി പൊലീസ് സംഘം... തിരംഗ മാര്‍ച്ചില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യം
തിരംഗ മാര്‍ച്ചില്‍ നിന്ന് പിന്‍മാറണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ വീട്ടില്‍. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജണ്ഡേവാലാനില്‍ ദിപ്‌കെ താമസിച്ചിരുന്ന സ്ഥലത്ത് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെത്തിയത്. മധ്യ ഡല്‍ഹിയിലെ ഈ വസതിയിലേക്ക് വനിതാ ഉദ്യോഗസ്ഥരടക്കം പന്ത്രണ്ടോളം പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
തോളില്‍ ദേശീയ പതാക പുതച്ച്, നിശബ്ദ പ്രതിഷേധമെന്ന നിലയില്‍ ദിപ്‌കെ അവിടെ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹത്തിനരികില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇരിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍, ദിപ്‌കെ ചില രേഖകളില്‍ ഒപ്പിടുന്നത് കാണാം. ഇത് സമാധാനം പാലിക്കാനുള്ള ഉടമ്പടി ആയിരിക്കാം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹി പൊലീസ് ആക്റ്റിലെ സെക്ഷന്‍ 29 പ്രകാരമാണ് ദിപ്കെയ്ക്ക് നോട്ടീസ് നല്‍കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പൊതു ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ വകുപ്പ് പൊലീസിന് അധികാരം നല്‍കുന്നു. എങ്കിലും, ദിപ്‌കെയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ അതോ വീട്ടുതടങ്കലിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഡല്‍ഹി പൊലീസില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം മാര്‍ച്ചിന് മുന്നോടിയായി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കാമെന്ന് ദിപ്‌കെ പറഞ്ഞിരുന്നു. വ്യാഴാഴ്ച മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ദിപ്‌കെ, രാത്രി വൈകി നടത്തിയ പത്രസമ്മേളനത്തില്‍, നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനങ്ങള്‍ തന്നെ പിന്തുടരുന്നതായും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തന്റെ വസതി നിരീക്ഷിക്കുന്നതായും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലൊന്നായ കണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍, വൈകുന്നേരം അഞ്ച് മണിക്ക് ദേശീയ പതാകയുമായി ഒത്തുചേരണം എന്ന് ദിപ്‌കെ ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധ സ്ഥലമെന്ന പദവി എടുത്തുമാറ്റപ്പെട്ട ജന്തര്‍ മന്ദിറിലേക്ക് അതിക്രമിച്ച് കയറിയെന്നാരോപിച്ച്, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കര്‍ശനമായ സുരക്ഷാ വലയം ഭേദിച്ച് അകത്തുകടന്ന ദാസും റാങ്കയും ജന്തര്‍ മന്ദിറിന് സമീപം ദേശീയ പതാക ഉയര്‍ത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതിന് പിന്നാലെയാണ് തിരംഗ മാര്‍ച്ചിന് സിജെപി ആഹ്വാനം ചെയ്തത്.
അതിനിടെ തിരംഗ മാര്‍ച്ചിന് മുന്നോടിയായി, കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചിടാന്‍ ഡല്‍ഹി പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം, കൊണാട്ട് പ്ലേസിലെ ഇന്നര്‍, ഔട്ടര്‍ സര്‍ക്കിളുകളില്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസ്സമുണ്ടാകില്ല.


Click it and Unblock the Notifications
