കോക്രോച്ച് ഈസ് ബാക്ക്, പൂട്ടിയ അക്കൗണ്ടിന് പകരം പുതിയത് തുറന്ന് സിജെപി, ഇൻസ്റ്റയിൽ ബിജെപിയെ വീഴ്ത്തി കുതിപ്പ്
രൂപീകരിക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം വഴി അറിയിച്ചത്. @CJP_2029 എന്ന എക്സ് അക്കൗണ്ടാണ് ഇന്ത്യയിൽ ലഭ്യമല്ലാതായിരിക്കുന്നത്.
ഇതിന് പിന്നാലെ എക്സിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കോക്രോച്ച് ഈസ് ബാക്ക്' (@Cockroachisback) എന്ന പേരിലാണ് പുതിയ അക്കൗണ്ട്. വെറും നാല് ദിവസത്തിനുള്ളിൽ മുൻപത്തെ അക്കൗണ്ടിന് 2 ലക്ഷത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചതിനാലാണ് അത് നിരോധിക്കപ്പെട്ടതെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു. കൂടാതെ പാർട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും തന്റെ അക്കൗണ്ടും ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അക്കൗണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് തങ്ങൾ നിയമപരമായി മുന്നോട്ട് പോകുമെന്ന് അഭിജിത്ത് വ്യക്തമാക്കി. പുതിയ അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനകം പതിനാറായിരത്തിലധികം ഫോളോവേഴ്സിനെ എക്സിൽ സിജെപി സ്വന്തമാക്കുകയും ചെയ്തു. രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് "പാറ്റകൾ" എന്ന് വിളിച്ചതിനോടുളള പ്രതിഷേധമെന്ന നിലയ്ക്കാണ് അഭിജിത്ത് ആക്ഷേപഹാസ്യ പേജ് ഇൻസ്റ്റഗ്രാമിൽ ആരംഭിച്ചത്. ദിവസങ്ങൾക്കകം പേജ് വൈറലാവുകയും ഒരു ഡിജിറ്റൽ പ്രതിഷേധ കൂട്ടായ്മയുടെ രൂപത്തിലേക്ക് വളരുകയുമായിരുന്നു.

സ്വന്തമായി വെബ്സൈറ്റും പ്രകടന പത്രികയുമടക്കം സിജെപിക്കുണ്ട്.
അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങൾ ദേശസാൽക്കരിക്കുക, "ഗോദി മീഡിയ" അവതാരകരുടെ ബാങ്ക് അക്കൗണ്ടുകളിൽ അന്വേഷണം നടത്തുക, പാർട്ടി മാറുന്ന എം.എൽ.എമാർക്കും എം.പിമാർക്കും 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ പദവികൾ വഹിക്കുന്നതിനോ വിലക്കേർപ്പെടുത്തുക തുടങ്ങിയവയാണ് തങ്ങളുടെ ലക്ഷ്യങ്ങളായി ഇവർ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇതിനകം തന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബിജെപിയേയും കോൺഗ്രസിനേയും സിജെപി മറികടന്ന് കഴിഞ്ഞു. 15 മില്യൺ അതായത് 1.5 കോടിയിലധികം ആളുകളാണ് സിജെപിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ബിജെപിക്ക് 8.8 മില്യണും കോൺഗ്രസിന് 13 മില്യണുമാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് ഉളളത്. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജി വെക്കണം എന്നതടക്കമുളള ആവശ്യങ്ങൾ സിജെപി ഉന്നയിക്കുന്നുണ്ട്.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ രാഷ്ട്രീയക്കാരും പ്രശാന്ത് ഭൂഷൺ, അഞ്ജലി ഭരദ്വാജ് തുടങ്ങിയ സാമൂഹിക പ്രവർത്തകരും വിശാൽ ദദ്ലാനി, ദിയ മിർസ അടക്കമുളളവരും സിജെപിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.














Click it and Unblock the Notifications