കെജ്‌രിവാളിന്റെ വീടിന് മുന്നിലെ സംഘർഷം: തേജസ്വി സൂര്യക്ക് നോട്ടീസ് നല്‍കി ദില്ലി പൊലീസ്
ദില്ലി: ദില്ലി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചെന്ന കേസിൽ ബി ജെ പി നേതാവ് തേജസ്വി സൂര്യയ്ക്ക് നോട്ടീസ് നല്‍കി ഡല്‍ഹി പൊലീസ്. ബി ജെ പി എം പിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയതിന് പിന്നാലെ കെജ്രിവാളിന്റെ വസതിയുടെ മുൻവശത്തെ ഗേറ്റ് അടിച്ചു തകർത്തു. കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തുവെന്ന വാദം തെറ്റാണെന്ന കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ബി ജെ പിയുടെ പ്രതിഷേധം.
കശ്മീർ ഫയല്‍സ് എന്ന സിനിമയെ പ്രോത്സാഹിപ്പിക്കുന്ന ബി ജെ പിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് എ എ പി നേതാവ് തന്റെ മണ്ഡലത്തില്‍ പ്രസംഗം നടത്തിയിരുന്നു. ചിത്രത്തിന് നികുതിയിളവ് നല്‍കണമെന്ന ബി ജെ പിയുടേ ആവശ്യത്തേയും അദ്ദേഹം പരിഹസിച്ചു. എല്ലാവരിലേക്കും എത്തണമെങ്കില്‍ സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ പോരെയെന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. ഇതിന് പിന്നാലെയായിരുന്നു ദില്ലി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ബി ജെ പി രംഗത്ത് എത്തിയത്.

മാർച്ച് 30 ന് കെജ്രിവാളിന്റെ വസതിയേലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലായിരുന്നു കലാശിച്ചത്. പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റും സമീപത്തെ സി സി സി ടിവികളും അടിച്ച് തകർത്തു. തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു ബി ജെ പിയുടെ പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ദില്ലി പൊലീസിന്റെ അനാസ്ഥയാണ് മുഖ്യമന്ത്രിയുടെ വീടിന് നേരെ നടന്ന ആക്രമണം എന്നാണ് എ എ പിയുടെ ആരോപണം. കേസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നു.
മറുവശത്ത്, കെജ്രിവാള്‍ പരസ്യമായി മാപ്പ് പറയുന്നതുവരെ യുവമോർച്ചയുടെ പ്രതിഷേധം തുടരുമെന്നാണ് ബി ജെ പി -യുവമോർച്ച നേതാക്കള്‍ വ്യക്തമാക്കുന്നത്. 'കശ്മീരിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ പരിഹസിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരിഹാസത്തിനെതിരെയാണ് ബി ജെ പി-യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തിയത്. കെജ്‌രിവാൾ നിരുപാധികം മാപ്പ് പറയണമെന്നാണ് യുവമോർച്ചയുടെ ആവശ്യം. മാപ്പ് പറയുന്നതുവരെ യുവമോർച്ചയുടെ പ്രതിഷേധം തുടരും. രാമക്ഷേത്രത്തെ കളിയാക്കുക, ഹിന്ദു ദൈവങ്ങളെ കളിയാക്കുക, ബട്‌ല ഹൗസിനെ ചോദ്യം ചെയ്യുക, സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുക എന്നിവയാണ് ആം ആദ്മി പാർട്ടിയുടെ നയം-തേജസ്വി സൂര്യ വ്യക്തമാക്കി.












Click it and Unblock the Notifications