ഛത്തീസ്ഗഡില്‍ മാവോയ്സ്റ്റുകളുമായി ഏറ്റുമുട്ടല്‍: മൂന്ന് സൈനികർക്ക് വീരമൃത്യു, 14 പേർക്ക് പരിക്ക്
റായ്പൂർ: ഛത്തീസ്ഗഡില്‍ മാവോയ്സ്റ്റുകളുമുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികർക്ക് വീരമൃത്യു. സുക്മ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് ആക്രമണത്തില്‍ അർദ്ധസൈനിക വിഭാഗത്തിലെ മൂന്ന് സൈനികർ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടലില്‍ 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പരിക്കേറ്റവരുടെ കൃത്യമായ എണ്ണത്തില്‍ നിശ്ചയമില്ലെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. തെക്കൽഗുഡെം ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് മാവോയിസ്റ്റുകളുടെ ആക്രമണം നടന്നതെന്ന് ബസ്തർ പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

"തിങ്കളാഴ്‌ച, മാവോയിസ്റ്റ് ശക്തികേന്ദ്രമായ തെക്കൽഗുഡെമിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാമ്പ് സ്ഥാപിച്ചു. ക്യാമ്പ് സജ്ജീകരിച്ചതിന് ശേഷം, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ - സിആർപിഎഫിൻ്റെ ജംഗിൾ വാർഫെയർ യൂണിറ്റ്) എന്നിവ അടുത്തുള്ള ജോനഗുഡ-അലിഗുഡ ഗ്രാമങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിവയ്പ്പും ഏറ്റുമുട്ടലും ആരംഭിച്ചു", ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദരരാജ് പി പറഞ്ഞു.
പരിക്കേറ്റ ജവാന്മാരെ വനത്തിൽ നിന്ന് പുറത്തേക്ക് എത്തിക്കുകയാണെന്നും ഏറ്റുമുട്ടലിൻ്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഐജി പറഞ്ഞു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ 2023 നവംബർ മുതൽ വലിയ തോതില്‍ വർധിച്ചിട്ടുണ്ട്. ഇതിനിടെയാണ് മാവോയിസ്റ്റുകളുടെ ആക്രമണം വീണ്ടും ഉണ്ടാകുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാല് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പൊലീസില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ രണ്ടായി കുറഞ്ഞു. എന്നാല്‍ ഇത് നവംബറിൽ എണ്ണം 12 ആയി ഉയർന്നു. 2023 ഡിസംബറിൽ ഒമ്പത് ഓപ്പറേഷനുകളും നടത്തി.
2023-ൽ ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ മാവോയിസ്റ്റുകൾ അറസ്റ്റിലായത് ഡിസംബറിലായിരുന്നു. 59 പേരെയായിരുന്നു കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. മൊത്തത്തിൽ, 2023 ജൂലൈ മുതൽ ഡിസംബർ വരെ 173 മാവോയിസ്റ്റുകൾ അറസ്റ്റിലായി. കൂടാതെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 12 പേർ കൊല്ലപ്പെടുകയും ചെയ്തു.












Click it and Unblock the Notifications