ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, പാക് ഭീകരനെ വധിച്ച് സൈന്യം
ഡൽഹി: ജമ്മു കാശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരു മേജർ അടക്കം അഞ്ച് സൈനികര്‍ക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്.
'നിയന്ത്രണ രേഖയിലെ മച്ചൽ സെക്ടറിലെ കാംകാരിയിലെ ഫോർവേഡ് പോസ്റ്റിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു പാക് പൗരനെ വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്', സൈന്യം ട്വീറ്റിൽ പറഞ്ഞു. പാക് ബോഡർ ഫോഴ്സ് ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.

കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ച ആദ്യം പ്രദേശം സന്ദർശിച്ച് സാഹചര്യങ്ങൾ അവലോകനം ചെയ്തിരുന്നു. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം സംസാരിച്ചു. പ്രദേശത്തിന്റെ സുരക്ഷാ സംബന്ധമായ സാഹചര്യങ്ങളെക്കുറിച്ചും സായുധ സേന നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി.ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ആവശ്യമെങ്കിൽ കൂടുതൽ സൈന്യത്തെ മേഖലയിൽ വിന്യസിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications