മദ്രസ പൊളിച്ചതിന് പിന്നാലെ ഹല്‍ദ്വാനിയില്‍ സംഘർഷം: 2 പേർ കൊല്ലപ്പെട്ടു, 250 ലേറെ പേർക്ക് പരിക്ക്
ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയില്‍ സംഘർഷത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 250 ലേറെപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ 4 പേർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുണ്ടായിരുന്നെങ്കിലും മരണ സംഖ്യ രണ്ട് മാത്രമാണെന്നാണ് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കുന്നത്.
മദ്രസ പൊളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. മസ്ജിദും അതിനോട് ചേർന്ന മദ്രസയും സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ചതാണെന്നും ഇത് പൊളിച്ച് മാറ്റണമെന്നും കോടതി വിധിയുണ്ടായിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്രസ പൊളിച്ചു നീക്കാന്‍ തുടങ്ങിയതോടെയാണ് സംഘർഷമുണ്ടായത്.

മദ്രസ പൊളിക്കുന്നതിനിടെ ജനക്കൂട്ടം അധികൃതർക്കെതിരെ സംഘടിച്ച് എത്തുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ തിരിയുകയുമായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തതോടെ പ്രകോപിതരായ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ഇവർ ബാരിക്കേഡുകൾ തകർത്ത് പോലീസുമായി ഏറ്റുമുട്ടിയതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത്. ജനക്കൂട്ടം പോലീസുകാർക്കും മുനിസിപ്പൽ തൊഴിലാളികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ കല്ലെറിഞ്ഞു.
ഏറ്റുമുട്ടലിൽ 50-ലധികം പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ, മുനിസിപ്പൽ തൊഴിലാളികൾ, പത്രപ്രവർത്തകർ എന്നിവർക്കും പരിക്കുണ്ട്. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനു പുറത്തുള്ള വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിവെപ്പ് നടത്തിയത്. മെഷിന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ് പൊലിസ് വെടിവച്ചതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഉന്നത തല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് സർക്കാർ അറിയിച്ചു. സംഘർഷ ബാധിത പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്
"പോലീസ് ആരെയും പ്രകോപിപ്പിച്ചിട്ടില്ല. എന്നാല്‍, അവരെ ആക്രമിക്കുകയും ഒരു പോലീസ് സ്റ്റേഷൻ നശിപ്പിക്കുകയും കലാപകാരികൾ സ്റ്റേഷനുള്ളിൽ പോലീസുകാരെ ചുട്ടെരിക്കാൻ ശ്രമിക്കുകയും ചെയ്തു," നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിംഗ് പറയുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ പൊലീസിന് നേരെ തിരിയുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും പറഞ്ഞു.
ഉത്തരാഘണ്ഡ നിയമസഭ ബുധനാഴ്ച പാസ്സാക്കിയ ഏകസിവില്‍കോഡിനെതിരേ മുസ്ലിം വിഭാഗം പ്രതിഷേധം രേഖപ്പെടുത്തിവരുന്നതിനിടെയാണ് മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹല്‍ദ്വാനിലേക്ക് ബുള്‍ഡോസറുമായി ഹല്‍ദ്വാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ മദ്രസ പൊളിക്കാനത്തിയതെന്നാണ് ശ്രദ്ധേയം.












Click it and Unblock the Notifications