'ഞാന്‍ ഇല്ലായിരുന്നെങ്കില്‍ ഗെലോട്ട് ജയിലില്‍ പോവുമായിരുന്നു'; വെളിപ്പെടുത്തി പുറത്താക്കിയ മന്ത്രി
ജയ്പൂര്‍: മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി രാജേന്ദ്ര ഗുദ്ദ. ഞാന്‍ ഗെലോട്ടിനെ രക്ഷിക്കുകയാണ് ചെയ്തത്. എന്നാല്‍ വിശദീകരണം നല്‍കാനുള്ള അവസരം പോലും അവര്‍ നല്‍കിയില്ല. രാജേന്ദ്ര ഗുദ്ദ ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജുന്‍ജുനുവില്‍ ഒരു പരിപാടിക്കിടെയായിരുന്നു രാജേന്ദ്ര ഗുദ്ദയുടെ അമ്പരപ്പിക്കുന്ന പരാമര്‍ശം വന്നത്. നേരത്തെ മണിപ്പൂരിനെയും രാജസ്ഥാനെയും താരതമ്യം ചെയ്ത് കൊണ്ട് ഗുദ്ദ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു.ഇഡിയും, ആദായനികുതി വകുപ്പും റെയ്ഡ് നടത്തുന്ന സമയത്ത്, മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഒരു ചുവന്ന ഡയറി താന്‍ കൈവശപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് ധര്‍മേന്ദ്ര റാത്തോറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുമ്പോഴായിരുന്നു അതെന്നും ഗുദ്ദ പറഞ്ഞു. മുഖ്യമന്ത്രി എന്നെ നേരിട്ട് വിളിച്ചു. എന്ത് വില കൊടുത്തും ആ ഡയറി കൈക്കലാക്കാനാണ് മുഖ്യമന്ത്രി എന്നോട്ട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇങ്ങനെയുള്ള ഡയറിയുടെ ഉള്ളടക്കത്തെ കുറിച്ച് മുന്‍ മന്ത്രി യാതൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നോട് നിരന്തരം ചോദിച്ചിരുന്നു ചില കാര്യങ്ങള്‍. ആ ഡയറി കത്തിച്ചുകളഞ്ഞോ എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നതെന്നും ഗുദ്ദ അവകാശപ്പെട്ടു.
ഈ ഡയറിയില്‍ യാതൊന്നും ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രി അത് നശിപ്പിക്കാന്‍ പറയില്ലായിരുന്നുവെന്നും ഗുദ്ദ പറയുന്നു. അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ ബിജെപി വിമര്‍ശനങ്ങളുമായി രംഗ്‌തെത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയുടെ മുഴുവന്‍ വിവരങ്ങളുമാണ് ഗുദ്ദ പറഞ്ഞ ഡയറിയില്‍ ഉള്ളതെന്ന് ബിജെപി ആരോപിച്ചു. ഇതിനെ കുറിച്ച് അറിയുന്നവര്‍ സത്യം പറയണമെന്നും ബിജെപി വക്താവ് ഷഹസാദ് പൂനാവാല പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗെലോട്ട് സര്‍ക്കാരിനെ ലക്ഷ്യമിട്ടാണ് ഗുദ്ദയുടെ പരാമര്‍ശങ്ങള്‍. ഇത് ബിജെപി ഏറ്റുപിടിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് എന്നോട്ട് രാജി ആവശ്യപ്പെടാമായിരുന്നു. ഞാനത് സന്തോഷത്തോടെ ചെയ്യുമായിരുന്നു. ഒരു നോട്ടീസ് പോലും എനിക്ക് നല്‍കിയില്ല. കോടതിയില്‍ നടപടിയെടക്കുന്നതിന് മുമ്പ് പോലും ജഡ്ജിമാര്‍ ഒരവസരം നല്‍കും. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്നും ഗുദ്ദ പറഞ്ഞു. നേരത്തെ ബിഎസ്പി ടിക്കറ്റില്‍ വിജയിച്ചാണ് ഗുദ്ദ നിയമസഭയിലെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് കൂറുമാറുകയായിരുന്നു. നേരത്തെ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കമുണ്ടായപ്പോള്‍ ഗെലോട്ടിനെയാണ് ബിഎസ്പിയില്‍ നിന്ന് വന്ന ആറ് എംഎല്‍എമാരും പിന്തുണച്ചത്. എന്നാല്‍ നിലവില്‍ സച്ചിന്‍ പൈലറ്റിന് അനുകൂലമായ കാര്യങ്ങളാണ് അദ്ദേഹം സംസാരിക്കുന്നത്.












Click it and Unblock the Notifications