വിമത ശബ്ദം പൊറുക്കില്ല; സിഎം ഇബ്രാഹിം പുറത്ത്, കുമാരസ്വാമി ജെഡിഎസ് അധ്യക്ഷന്‍
ബെംഗളൂരു: ബിജെപിയുമായി സഖ്യം ചേരാനുള്ള എച്ച്ഡി ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും തീരുമാനം ജെഡിഎസില്‍ പൊട്ടിത്തെറിക്ക് കാരണമായി. വിമത ശബ്ദം മുഴക്കിയ സിഎം ഇബ്രാഹീമിനെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്റെ പദവയില്‍ നിന്ന് നീക്കി. എച്ച്ഡി കുമാരസ്വാമിയാകും പുതിയ സംസ്ഥാന അധ്യക്ഷന്‍. ഇന്ന് വിളിച്ചുചേര്‍ത്ത നേതൃയോഗത്തിലാണ് തീരുമാനം.
ബിജെപിയുമായി സഖ്യം ചേരുന്നത് കുമാരസ്വാമിയുടെ കുടുംബത്തിന്റെ മാത്രം തീരുമാനമാണെന്നും ജെഡിഎസ് ഇതിനോട് യോജിക്കില്ല എന്നും സിഎം ഇബ്രാഹീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല, ബിജെപി സഖ്യത്തില്‍ പ്രതിഷേധിച്ച് ചേര്‍ന്ന യോഗത്തില്‍ സിഎം ഇബ്രാഹിം പങ്കെടുക്കുകയും ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ ഇന്ന് നടപടിയെടുത്തിരിക്കുന്നത്.

ജെഡിഎസ് ഫലത്തില്‍ പിളര്‍ന്ന മട്ടാണ്. ബിജെപി സഖ്യത്തെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമായി രണ്ട് വിഭാഗം പാര്‍ട്ടിയിലുണ്ട്. രണ്ട് വിഭാഗവും തങ്ങളാണ് ഔദ്യോഗികം എന്ന് അവകാശപ്പെടുന്നു. കേരളത്തിലെ ജെഡിഎസ് നേതൃത്വം കുമാരസ്വാമിയുടെ തീരുമാനം എതിര്‍ത്ത് രംഗത്തുവന്നിരുന്നു. കര്‍ണാടകയില്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ബിജെപി സഖ്യത്തെ എതിര്‍ത്തിരുന്നു.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍ അപ്രതീക്ഷിതമായിട്ടാണ് ജെഡിഎസ് ചേര്‍ന്നത്. ബിജെപിയുടെ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. ഡല്‍ഹിയിലെത്തി സഖ്യചര്‍ച്ച നടക്കുന്ന വേളയില്‍, തങ്ങള്‍ ഒന്നുമറിഞ്ഞില്ല എന്നാണ് കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചിരുന്നത്. ഇതോടെയാണ് പിളര്‍പ്പിന് സാഹചര്യമൊരുങ്ങിയത്.
പിന്നീട് ബിജെപി സഖ്യത്തെ എതിര്‍ക്കുന്നവര്‍ പല തവണ യോഗം ചേരുകയും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും തീരുമാനം അംഗീകരിക്കുന്ന നേതാക്കളും ജെഡിഎസിലുണ്ട്. സിഎം ഇബ്രാഹീമിനെ സംസ്ഥാന അധ്യക്ഷ പദവയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ ജെഡിഎസ് പിളരുമെന്ന് ഉറപ്പായി.
എല്ലാ എംഎല്‍എമാരും എംഎല്‍സിമാരും വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ ആവശ്യപ്പെട്ടിരുന്നു. ജില്ലാ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. ഈ യോഗത്തിലാണ് സിഎം ഇബ്രാഹീമിനെ മാറ്റുന്നതിന് തീരുമാനിച്ചത്. അതേസമയം, ബിജെപിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് നിരവധി നേതാക്കള്‍ ജെഡിഎസില്‍ നിന്ന് രാജിവച്ചിട്ടുണ്ട്.
ബിജെപിയുമായി സഖ്യം ചേരാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തത് സിഎം ഇബ്രാഹീമിന്റെ അറിവോടെയാണ് എന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം, ബിജെപി-ജെഡിഎസ് സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ എന്‍ഡിഎയ്ക്ക് നേട്ടമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജെഡിഎസ് വോട്ടുകള്‍ ഭിന്നിക്കുമെന്നും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications