വിജയ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക്; എംജിആര്‍ മോഡല്‍ യാത്ര, കര്‍ണാടകയെ അറിയിച്ചു
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രി ക്ഷേത്രത്തില്‍ എത്തുമെന്ന് തമിഴ്‌നാട് സിഐഡി കര്‍ണാടക പോലീസിനെ അറിയിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ വരുത്തണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ് ജോസഫ് വിജയ്.
മംഗളൂരു വിമാനത്താവളത്തില്‍ എത്തുന്ന വിജയ് റോഡ് മാര്‍ഗമാണ് ക്ഷേത്രത്തിലേക്ക് വരിക. ഉച്ചയ്ക്ക് 12.30നാണ് വിജയ് വിമാനത്താവളത്തില്‍ എത്തുന്നത്. 3 മണിക്ക് ക്ഷേത്രത്തിലെത്തും. പ്രാര്‍ഥന കഴിഞ്ഞ് വേഗത്തില്‍ മടങ്ങും. ഭക്തരുടെ തിരക്ക് കുറഞ്ഞ വേളയില്‍ ക്ഷേത്രത്തിലെത്താനാണ് വിജയ് ഉദ്ദേശിക്കുന്നത്. എങ്കിലും ആരാധകര്‍ വിവിധ ജങ്ഷനുകളില്‍ അദ്ദേഹത്തിന് അഭിവാദ്യം ചെയ്യാനെത്തുമെന്നാണ് വിവരം.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തില്‍ എത്തിയിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രിമാരായിരുന്നു എംജിആറും ജയലളിതയും. വിജയ് അതേ പാത പിന്തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വിജയ് ഡല്‍ഹിയില്‍ ആയിരുന്നു. നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ സന്ദര്‍ശിച്ചിരുന്നു.
എവിടെയാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം? യാത്ര ഇതുവഴി
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കേരളത്തില്‍ നിന്ന് വലിയൊരു വിഭാഗം ഭക്തരാണ് വര്‍ഷം തോറും ദര്‍ശനത്തിനായി ഇവിടെയെത്തുന്നത്. സുഗമമായ ഒരു തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് യാത്രയ്ക്ക് മുന്‍പായി അവിടുത്തെ ഗതാഗത സൗകര്യങ്ങളെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും ഒരു ധാരണ ഉണ്ടായിരിക്കുന്നത് ഏറെ ഗുണകരമാണ്.
വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗം തുടങ്ങി വിവിധ വഴികളിലൂടെ ക്ഷേത്രത്തില്‍ എത്തിച്ചേരാം. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്; അവിടെ നിന്ന് ടാക്‌സിയില്‍ ഏകദേശം മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്താം. ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യാനാണ് താല്പര്യമെങ്കില്‍ മൂകാംബിക റോഡ് ബൈന്ദൂര്‍ അല്ലെങ്കില്‍ കുന്ദാപുര റെയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുക്കാം. സ്റ്റേഷനുകളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളോ ടാക്‌സികളോ എളുപ്പത്തില്‍ ലഭ്യമാണ്.
സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് എന്‍ എച്ച് 66 വഴി സുഖകരമായി യാത്ര ചെയ്യാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് സന്ദര്‍ശനത്തിന് ഏറ്റവും ഉചിതം. എങ്കിലും, വിശേഷ ദിവസങ്ങളിലെ, പ്രത്യേകിച്ച് നവരാത്രി കാലത്തെ തിരക്ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാലാവസ്ഥയും യാത്രാ പ്ലാനും മുന്‍കൂട്ടി പരിശോധിക്കാം. വേഷവിധാനത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതും താമസസൗകര്യങ്ങള്‍ നേരത്തെ ബുക്ക് ചെയ്യുന്നതും യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഭക്തരെ സഹായിക്കും.















Click it and Unblock the Notifications