വോയ്‌സ് കോളിംഗ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണം: ആവശ്യവുമായി എയര്‍ടെല്ലും വോഡഫോണും
ദല്‍ഹി: വോയ്‌സ് കോളിംഗ് ആപ്ലിക്കേഷനുകള്‍ക്കെതിരെ നടപടി തേടി മൊബൈല്‍ സേവന ദാതാക്കളുടെ സംഘടന. ഇത്തരത്തിലുള്ള സൗജന്യ കോളിംഗ് ആപ്ലിക്കേഷനുകള്‍ നിര്‍ത്തണമെന്നും ഇതിനായി ടെലികോം വകുപ്പ് ഇടപെടണമെന്നുമാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ബിഎസ്എന്‍എല്‍ അടുത്തിടെ കൊണ്ടുവന്ന ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സംഘടന ടെലികോം വകുപ്പിനെ സമീപിച്ചിട്ടുള്ളത്.
ഇപ്പോള്‍ പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് കേന്ദ്രീകരിച്ചുള്ള ആപ്ലിക്കേഷന്‍ കോളിംഗ് സംവിധാനം ലാന്‍ഡ് ലൈനുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ നമ്പറുകളില്‍ നിന്ന് വിളിക്കാനും വൈഫൈ ഉള്‍പ്പെടെയുള്ള ഡാറ്റാ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ സംവിധാനം ഇന്റര്‍കണക്ഷന്‍ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും ഇത് ടെലികോം സേവനദാതാക്കള്‍ക്കും സര്‍ക്കാരിനും നഷ്ടമുണ്ടാക്കുന്നതായി ടെലികോം സെക്രട്ടറി ജെ എസ് ദീപകിനയച്ച കത്തില്‍ സംഘടന വ്യക്തമാക്കുന്നു.

അതിനാല്‍ നിയമാനുസൃതമല്ലാത്ത ഇത്തരം കോളിംഗ് സംവിധാനം ഇന്റര്‍കണക്ടിംഗ് മാനദണ്ഡങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ആവശ്യമായ ലൈസന്‍സ് നേടണമെന്ന് നിര്‍ദ്ദേശിക്കണമെന്നുമാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ടെലികോം വകുപ്പിന് മുന്നില്‍ വയ്ക്കുന്ന ആവശ്യം. സിഒഎഐ ഡയറക്ടര്‍ ജനറല്‍ രഞ്ജന്‍ എസ് മാത്യൂസാണ് ടെലികോം വകുപ്പിന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്തയച്ചിട്ടുള്ളത്.
ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍, ടെലിനോര്‍ എന്നീ സേവനദാതാക്കളും ബിഎസ്എന്‍എല്ലിന്റെ ലാന്‍ഡ് ലൈന്‍- മൊബൈല്‍ എന്നിവ ഒരുമിച്ച് ചേര്‍ത്തുള്ള സേവനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം വകുപ്പിന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ സിഒഎഐയില്‍ അംഗമായിട്ടുള്ള റിലയന്‍സ് ജിയോക്ക് വിഷയത്തിലുള്ള നിലപാട് വ്യത്യസ്തമാണ്.
ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ഉപയോഗിച്ച് രാജ്യത്തിന് പുറത്തുള്ളപ്പോഴും വൈഫൈയോ ഡാറ്റാ കണക്ഷനോ ഉപയോഗിക്കാനും വിളിക്കാനും കഴിയുന്ന എഫ്എംസി ആപ്ലിക്കേഷനെതിരെയാണ് ഇപ്പോള്‍ സ്വകാര്യ ടെലികോം ദാതാക്കളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. സിഒഎഐയുടെ പരാതിയെ തുടര്‍ന്ന് ട്രായിയില്‍ നിന്നുള്ള പ്രതികരണം ലഭിക്കാത്തതിനാലാണ് ബിഎസ്എന്‍എല്‍ ഈ സംവിധാനം നിര്‍ത്തിവച്ചിട്ടുള്ളത്.
ലൈസന്‍സ് മാനദണ്ഡങ്ങള്‍ പ്രകാരം ലാന്‍ഡ് ഫോണുകളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പറുകള്‍ സ്ഥിരമാക്കി നിര്‍ത്തണമെങ്കില്‍ ടെലികോം സേവനദാതാക്കള്‍ക്ക് നാഷണല്‍ നമ്പറിംഗ് പ്ലാന്‍ അനിവാര്യമാണെന്നും സിഒഎഐ ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന ബിഎസ്എന്‍എല്ലിന്റെ പദ്ധതിക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിലാണ് സ്വകാര്യ ടെലികോം സേവനദാതാക്കള്‍.












Click it and Unblock the Notifications