അനിൽ അംബാനിയുടെ റിലയൻസിനെതിരെ കോബ്രാ പോസ്റ്റ്, 41,921 കോടി തട്ടിപ്പ് ആരോപണം, നിഷേധിച്ച് കമ്പനി
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി കോബ്രാ പോസ്റ്റ്. 41,921 കോടിയിലധികം രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയെന്ന് കോബ്രാപോസ്റ്റ് അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു. 2006 മുതൽ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് ഫണ്ടുകൾ വകമാറ്റിയെന്നാണ് വെളിപ്പെടുത്തൽ. അതേസമയം ആരോപണം തള്ളിക്കൊണ്ട് അനിൽ അംബാനി ഗ്രൂപ്പ് രംഗത്ത് എത്തി. സ്റ്റോക്ക് വില തകർക്കാൻ ലക്ഷ്യമിട്ടുളള ദുഷ്പ്രചാരണമാണിതെന്നാണ് റിലയൻസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
ബാങ്ക് വായ്പകൾ, ഐപിഒ വരുമാനം, ബോണ്ടുകൾ എന്നിവയിലൂടെ സമാഹരിച്ച 28,874 കോടി രൂപ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ് എന്നിവയുൾപ്പെടെയുള്ള ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊമോട്ടർമാരുമായി ബന്ധപ്പെട്ട കമ്പനികളിലേക്ക് വകമാറ്റിയതായി കോബ്രാപോസ്റ്റ് ആരോപിക്കുന്നു.

സിംഗപ്പൂർ, മൗറീഷ്യസ്, സൈപ്രസ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ്, യുഎസ്, യുകെ എന്നിവിടങ്ങളിലെ ഓഫ്‌ഷോർ സ്ഥാപനങ്ങൾ വഴി 1.535 ബില്യൺ ഡോളർ (ഏകദേശം 13,047 കോടി രൂപ) നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയതായും ആരോപണമുണ്ട്. അനുബന്ധ സ്ഥാപനങ്ങളുടെയും ഷെൽ കമ്പനികളുടെയും ശൃംഖല ഉപയോഗിച്ചായിരുന്നു ഈ നീക്കം എന്നും കോബ്രാ പോസ്റ്റ് വാർത്തയെ ഉദ്ധരിച്ച് പിടിഐ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സിംഗപ്പൂർ ആസ്ഥാനമായുള്ള എമർജിംഗ് മാർക്കറ്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് & ട്രേഡിംഗ് പിറ്റിഇ എന്ന കമ്പനിക്ക് രഹസ്യ സ്വഭാവമുളള നെക്സ്ജെൻ ക്യാപിറ്റലിൽ നിന്ന് 750 മില്യൺ ഡോളർ ലഭിച്ചു. ഈ തുക പിന്നീട് റിലയൻസ് ഗ്രൂപ്പിന്റെ കമ്പനിയായ റിലയൻസ് ഇന്നൊവെഞ്ചേഴ്സിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അതിന് ശേഷം ഇഎംഐടിഎസ് എന്ന കമ്പനി പിരിച്ചുവിടപ്പെട്ടവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലിന് തുല്യമാണെന്നും കോബ്രാപോസ്റ്റ് പറയുന്നു.
കമ്പനി നിയമം, ഫെമ, പിഎംഎൽഎ, സെബി ആക്ട്, ആദായനികുതി നിയമം എന്നിവയുടെ ലംഘനങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് നടത്തിയെന്ന് കോബ്രാ പോസ്റ്റ് റിപ്പോർട്ടിൽ ആരോപിക്കുന്നു. കോർപ്പറേറ്റ് കാര്യ മന്ത്രാലയം, സെബി, റിസർവ് ബാങ്ക്, എൻസിഎൽടി എന്നിവിടങ്ങളിലെ രേഖകളെയും ഉത്തരവുകളെയും അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകൾ എന്ന് കോബ്രാ പോസ്റ്റ് അവകാശപ്പെടുന്നു.
കോർപ്പറേറ്റ് ഫണ്ടുകൾ വ്യക്തിഗത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായും ആരോപണം ഉണ്ട്. ഇതിൽ 2008-ൽ ഒരു ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനി വഴി അനിൽ അംബാനി 20 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു ആഢംബര കപ്പൽ വാങ്ങിയതും ഉൾപ്പെടുന്നു. എഡിഎ ഗ്രൂപ്പ് സ്ഥാപനങ്ങൾ ഡസൻ കണക്കിന് പാസ്-ത്രൂ സ്ഥാപനങ്ങളും എസ്പിവികളും ഉപയോഗിച്ച് ഫണ്ടുകൾ വഴിതിരിച്ചുവിട്ടെന്നും പിന്നീട് ഈ ഫണ്ടുകൾ എഴുതിത്തള്ളിയെന്നും കോബ്രാ പോസ്റ്റ് അന്വേഷണം പറയുന്നു. ഇത് ആറ് പ്രധാന ലിസ്റ്റ് ചെയ്ത കമ്പനികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കി.
ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ്, സൈപ്രസ്, മൗറീഷ്യസ്, സിംഗപ്പൂർ, യുഎസ്, യുകെ തുടങ്ങിയിടങ്ങളിലെ ഡസൻ കണക്കിന് പാസ്-ത്രൂ സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ, ഷെൽ കമ്പനികൾ, ഓഫ്‌ഷോർ വാഹനങ്ങൾ എന്നിവ വഴി ആഭ്യന്തരവും വിദേശീയവുമായ 41,921 കോടി രൂപയിലധികം തിരിമറി നടന്നതായി കോബ്രാപോസ്റ്റ് ആരോപിക്കുന്നു.












Click it and Unblock the Notifications