
കൊവിഡ് പ്രതിരോധത്തിന് ട്രംപ് ഉപയോഗിച്ച കോക്ടെയില്‍ ഇന്ത്യയില്‍, വില കേട്ടാല്‍ ശരിക്കും ഞെട്ടും
ദില്ലി: മുന്‍ യുഎസ് പ്രസിഡന്റിന് കൊവിഡ് ബാധിച്ചപ്പോള്‍ ചികിത്സിച്ച കോക്ടെയില്‍ ആന്റിബോഡി ഇന്ത്യയില്‍ എത്തി. പ്രമുഖ മരുന്ന് കമ്പനിയായ റോച്ചെ ഇന്ത്യയാണ് ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. അതേസമയം ഇതിന്റെ വില എല്ലാവരെയും ഞെട്ടിക്കുന്നതാണ്. 59750 രൂപയാണ് ഒരു ഡോസിന്റെ വില. സിപ്ലയാണ് ഇത് മാര്‍ക്കറ്റ് ചെയ്യുന്നത്. ഒക്ടോബറില്‍ കൊവിഡ് ബാധിച്ചപ്പോഴായിരുന്നു റൊച്ചെയുടെ കോക്ടെയില്‍ ആന്റിബോഡി ട്രംപ് ഉപയോഗിച്ചത്.
കോക്ടെയിലിന്റെ ആദ്യ ബാച്ചാണ് ഇന്ത്യയിലെത്തിയത്. രണ്ടാം ബാച്ച് ജൂണ്‍ പകുതിയാവുമ്പോള്‍ ഇന്ത്യയിലെത്തും. രണ്ട് ലക്ഷത്തോളം കൊവിഡ് രോഗികള്‍ക്ക് ഈ കോക്ടെയില്‍ ഗുണകരമാകും. ഒരുലക്ഷം പാക്കുകളിലാണ് ഇത് എത്തുക. കാസിറിവിമാബ്, ഇംഡിവിമാബ് എന്നിവയുടെ 600 ഗ്രാം വീതമുള്ള ഒരു ഡോസിനായി 59750 രൂപ വില. രണ്ട് ഡോസ് അടിക്കുമ്പോള്‍ 1,19500 രൂപയോളം വരും. അതേസമയം ഇത് എത്ര പേര് ഉപയോഗിക്കുമെന്ന് അറിയില്ല. ഓരോ പാക്കും രണ്ട് രോഗികളെ വരെ ഈ ഡോസ് കൊണ്ട് ചികിത്സിക്കാനാവുമെന്നാണ് സിപ്ല പറയുന്നത്.
ആശുപത്രികളിലൂടെയും കൊവിഡ് ചികിത്സാ സെന്ററുകളിലൂടെയുമാണ് ഈ കോക്ടെയില്‍ ലഭ്യമാവുക. രോഗസാധ്യത കൂടിയവര്‍ക്കാണ് ഈ മരുന്ന് ഉപയോഗിക്കുക. ഇവരുടെ രോഗം വഷളാവുന്നതിന് മുമ്പ് ഈ കോക്ടെയില്‍ ഉപയോഗിച്ചാല്‍ രക്ഷപ്പെടുത്താന്‍ സാധിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കാനും മരണസാധ്യത 70 ശതമാനത്തോളം കുറയ്ക്കാനും ഈ കോക്ടെയില്‍ ആന്റിബോഡിയെ കൊണ്ട് സാധിക്കും. രോഗലക്ഷണങ്ങള്‍ നാല് ദിവസങ്ങള്‍ കൊണ്ട് കുറയ്ക്കാനും സാധിക്കും.
ഒരു ലക്ഷം രൂപ കൊടുത്താലും ആദ്യ പാക്ക് കൊണ്ട് രണ്ട് പേര്‍ക്ക് പ്രതിരോധ ചികിത്സ നല്‍കാം. ആദ്യ ഡോസിനായി വയല്‍ പൊട്ടിച്ച് കഴിഞ്ഞാല്‍, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് പൂര്‍ണമായും ഉപയോഗിക്കണം. 18 വയസ്സിന് മുകളിലുള്ളവര്‍ക്കും, പീടിയാട്രിക് രോഗികള്‍ക്കും ഈ വാക്സിന് ഉപയോഗിക്കാം. ഈ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ രോഗം വരാനുള്ള സാധ്യതയുള്ളത് കൊണ്ട് ഈ കോക്ടെയില്‍ ആന്റിബോഡി കൂടുതല്‍ ഉപകരിക്കുമെന്ന് റൊച്ചെ ഇന്ത്യ പറയുന്നു.