വാട്‌സാപ്പിലെ സ്റ്റാറ്റസ്..ശരീരത്തില്‍ കത്തുന്ന രാസലായിനി; മുബിന്‍ ചാവേറാണോ എന്ന് സംശയം
പാലക്കാട്: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ അറസ്റ്റിലായ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയില്‍ ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2019-ല്‍ ദുബായില്‍നിന്ന് നാടുകടത്തപ്പെട്ടയാളാണ്. ഇന്ത്യയിലെത്തിയ ശേഷവും ഫിറോസ് ഐ.എസുമായി ബന്ധം തുടര്‍ന്നിരുന്നതായാണ് കണ്ടെത്തല്‍. ഫിറോസിന് കൊല്ലപ്പെട്ട ജമീഷ മുബീനുമായി അടുത്തബന്ധം ആണ് ഉള്ളത് എന്നാണ് റിപ്പോർട്ട്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബിന്‍ ചാവേര്‍ തന്നെയാണെന്ന സംശയം പോലീസിന് ഉണ്ട്. ഈ സംശയം ഇപ്പോൾ ബലപ്പെട്ടിരിക്കുകയാണ്.. ഇയാളുടെ ശരീരത്തില്‍ തീപിടിക്കുന്ന രാസലായനിയുടെ അംശം ഉണ്ടായിരുന്നതായാണ് വിവരം. കൊല്ലപ്പെട്ട ജമീഷ വാട്സ്ആപ്പിൽ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു, ഇത് ഇയാളുടെ മേലുള്ള സംശയത്തിന് ബലം കൂട്ടി. തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം എന്നാണ് മരിക്കുന്നതിന് മുമ്പ് മുബിന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നത്.

കോയമ്പത്തൂരിലെ വിവിധ ക്ഷേത്രങ്ങള്‍, കളക്ടറേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയവയുടെ രേഖാചിത്രങ്ങള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെടുത്തു എന്നാണ് വിവരം.. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചുപേര്‍ക്ക് പുറമേ കേസില്‍ ഏഴ് പേര്‍കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.

ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് കോട്ടൈ ഈശ്വരന്‍ കോവിലിനുമുന്നില്‍ കാറിലുണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് ജമീഷ മുബീന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ജമീഷയുടെ വീട്ടില്‍നിന്ന് വലിയ അളവില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, ചാര്‍ക്കോള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തിരുന്നു. ഫിറോസ് ഇസ്മയിലിന് പുറമേ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ മുഹമ്മദ് ദല്‍ഹ (25), മുഹമ്മദ് അസ്ഹറുദ്ദീന്‍ (23), മുഹമ്മദ് റിയാസ് (27), നവാസ് ഇസ്മായില്‍ (26) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് ദല്‍ഹ 'അല്‍ ഉമ്മ' സ്ഥാപകന്‍ ബാഷയുടെ സഹോദരന്‍ നവാബ് ഖാന്റെ മകനാണ്.

അതേസമയം, തമിഴ്നാട്ടിലെ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രധാന ക്ഷേത്രങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ സ്‌ഫോടനത്തിനു പിന്നില്‍ തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, തീവ്രവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാൻ പോലീസ് മേധാവികള്‍ തയ്യാറായിട്ടില്ല. എന്നാൽ ഇത് തള്ളിക്കളഞ്ഞിട്ടുമില്ലല.

ചെന്നൈയിലെ പ്രധാന ആരാധനാലയങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്താനും സുരക്ഷ ഏര്‍പ്പെടുത്താനും സിറ്റി പോലീസ് കമ്മിഷണര്‍ ശങ്കര്‍ ജവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഫോടനത്തിൽ തകർന്ന കാറിൽ ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ആണികളും മാർബിൾ കഷണങ്ങളും കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു. എൻജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീനെ ഐഎസ് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് 2019-ൽ എൻഐഎ ചോദ്യംചെയ്തിരുന്നതായും റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications