പുലിനഖ മാലയുണ്ടെന്ന് യൂട്യൂബറോട് പറഞ്ഞു; പ്രതീക്ഷിച്ചത് വൈറലാകുമെന്ന്, സംഭവിച്ചത് അറസ്റ്റ്, സംഭവം ഇങ്ങനെ
കോയമ്പത്തൂർ: മാൻ കൊമ്പും പുലി നഖവും അനധികൃതമായി കൈവശം വെച്ചതിന് കോയമ്പത്തൂരിലെ വ്യാപാരിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പുളിയകുളം സ്വദേശി എസ് ബാലകൃഷ്ണൻ ( 54 ) ആണ് അറസ്റ്റിലായത്. നഗരത്തിലെ ഒരു വ്ലോഗർ ബാലകൃഷ്ണന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന സംഭവം ഉണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്ന് വാങ്ങിയ പുലി നഖം കൊണ്ടാണ് തന്റെ മാലയുടെ ലോക്കറ്റ് നിർമ്മിച്ചതെന്ന് ബാലകൃഷ്ണൻ വീഡിയോയിൽ പറഞ്ഞിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ ശനിയാഴ്ച ഉച്ചയോടെ മധുക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ അരുണ്ഡ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. ആ സമയം ബാലകൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് രണ്ട് മാൻ കൊമ്പുകളുടെ കഷ്ണങ്ങൾ സംഘം കണ്ടെടുത്തതായും വനംവകുപ്പ് പറഞ്ഞു.

തുടർന്ന് വനംവകുപ്പ് ബാലകൃഷ്ണനെതിരെ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 39,48, 59 എന്നി പ്രകാരമാണ് കേസെടുത്തത്. ഞായറാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. പുലിയുടെ നഖം കൊണ്ട് നിർമ്മിച്ചതാണെമ്മ് വ്ലോഗറോട് പറഞ്ഞ ലോക്കറ്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രണ്ട് വർഷം മുൻപ് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ ഒരാളിൽ നിന്ന് 1800 രൂപയ്ക്ക് രണ്ട് പുലി നഖം വാങ്ങിയതായി അന്വേഷണത്തിൽ ഇയാൾ തങ്ങളോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കൊമ്പിന്റെ കഷ്ണങ്ങൾ പുള്ളി മാന്റേതാണ് എന്ന് ബാലകൃഷ്ണൻ പറഞ്ഞു. പിടികൂടിയ പുലിനഖങ്ങളും കൊമ്പിന്റെ കഷ്ണങ്ങളും കോടതിയുടെ അനുവാദത്തോടെ പരിശോധിച്ച് സ്ഥിരീകരണത്തിന് ശേഷം വണ്ടല്ലൂരിലെ അഡ്വാൻസ്ഡ് ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് വൈൽഡ് ലൈഫ് കൺസർവേഷനിലേക്ക് അയക്കും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.












Click it and Unblock the Notifications