വോട്ട് വിവരങ്ങൾ 3 വർഷത്തേക്കെങ്കിലും സൂക്ഷിക്കാൻ കമീഷന് നിർദ്ദേശം നൽകണം; സുപ്രീം കോടതിയോട് കപിൽ സിബൽ
ഡൽഹി: ഇലക്ട്രോണിക് യന്ത്രത്തിൽ വോട്ട് ചെയ്ത സമയവും മറ്റും അടങ്ങുന്ന സുപ്രധാന വിവരങ്ങൾ ചുരുങ്ങിയത് മൂന്ന് വർഷത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമീഷന് നിർദ്ദേശം നൽകണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് രാജ്യസഭ എംപി കപിൽ സിബൽ. ഈ വിവരങ്ങൾ കമ്മീഷൻ നിലവിൽ 30 ദിവസത്തേക്ക് മാത്രമാണ് സൂക്ഷിക്കുന്നത്. നമ്മൾ ആരോപണം ഉയർത്തുമ്പോൾ ഇത്തരം വിവരങ്ങൾ സുരക്ഷിതമായി കമ്മീഷൻ സൂക്ഷിക്കേണ്ടതുണ്ടെന്നും കപിൽ പറഞ്ഞു.
എല്ലാ മെഷീനുകളിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്, അതുപോലെ തന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം). ഇവിഎമ്മുകളുടെ ഈ ലോഗ് സുരക്ഷിതമായി സൂക്ഷിക്കണം. ഏത് സമയത്താണ് വോട്ടെടുപ്പ് അവസാനിച്ചതെന്നും എത്ര വോട്ടുകൾ അസാധുവാണെന്നുള്ളതും ഏത് സമയത്താണ് വോട്ട് രേഖപ്പെടുത്തിയത് എന്നതെല്ലാം കൃത്യമായ രേഖപ്പെടുത്തേണ്ടതുണ്ട്. ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട തെളിവുകളാണ്.

ഈ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ 30 ദിവസം വരെയാണ് സൂക്ഷിക്കുന്നത്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയെന്ന് അവർ വെളിപ്പെടുത്താറില്ല. രേഖപ്പെടുത്തിയ വോട്ടുകളെക്കുറിച്ച് വിവരം സൂക്ഷിക്കൽ അവരുടെ ഉത്തരവാദിത്തമാണെന്നും വാർത്തസമ്മേളനത്തിൽ സിബൽ പറഞ്ഞു. വോട്ടെണ്ണൽ നടക്കുമ്പോൾ ഫലം പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ച് സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല.
'വിവരങ്ങൾ സൂക്ഷിച്ച് വെയ്ക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. കാരണം എത്ര വോട്ട് രേഖപ്പെടുത്തിയെന്ന കണക്കുകൾ കമ്മീഷൻ നൽകുന്നില്ല. ഫലം പ്രഖ്യാപിച്ച് സർക്കാർ രൂപീകരിച്ച് കഴിഞ്ഞിട്ട് ഒന്നും പറയാനാകില്ല. അതിനാൽ ഈ വിവരങ്ങൾ രണ്ടോ മൂന്നോ വർഷത്തേക്ക് സൂക്ഷിക്കണം',അദ്ദേഹം പറഞ്ഞു.
പോളിങ് സ്റ്റേഷൻ തിരിച്ചുള്ള വിവരങ്ങൾ വിവേചനരഹിതമായി വെളിപ്പെടുത്തുന്നതും വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുന്നതും തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ താറുമാറാകാൻ കാരണമാകുമെന്ന് കഴിഞ്ഞ ദിവസം കമ്മീഷൻ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിബൽ കോടതിയിൽ വിഷയം ഉയർത്തിയത്.
അതേസമയം ഇന്ന് പത്രസമ്മേളനത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ഇവിഎമ്മിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ചും സിബൽ വിശദീകരിച്ചു. 'മെഷിൻ തുറക്കുന്ന സമയം ജൂൺ 4 നാണെന്ന് ഉറപ്പാക്കണം. ഈ സമയത്തിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ മെഷീൻ മുൻപ് തുറന്നിട്ടുണ്ടെന്നാണ് അർത്ഥം.കൺട്രോൾ യൂണിറ്റിൻ്റെ സീരിയൽ നമ്പറിന്റെ പൊരുത്തവും നോക്കണം. എല്ലാ കണക്കുകളും പരിശോധിച്ച ശേഷം മാത്രമേ ബട്ടൺ അമർത്താവു. എല്ലാ രാഷ്ട്രീയ പാർട്ടികളും കൗണ്ടിംഗ് ഏജൻ്റുമാരും ഇക്കാര്യങ്ങൾ പാലിക്കണം. കൃത്രിമത്വം ഇല്ലെന്ന് എല്ലാവരും ഉറപ്പാക്കണം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications