കള്ളുകുടിയും പെണ്ണ് പിടിയും, ഗ്ലാസ്‌ഗോയില്‍ ഇന്ത്യക്ക് നാണക്കേട്
ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേട്ടങ്ങള്‍ കൊണ്ട് അഭിമാനം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും കയ്യിലിരിപ്പുകൊണ്ട് ചീത്തപ്പേരുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ. മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ സംഘത്തിലെ രണ്ട് പേരെയാണ് ഗ്ലാസ്‌ഗോയില്‍ അറസ്റ്റ് ചെയ്തത്.
മോശം പെരുമാറ്റം എന്ന് പറഞ്ഞാല്‍ ശരിക്കും മോശം പെരുമാറ്റം. അമിതമായി കള്ളുകുടിച്ചതിനാണ് ഒരാളെ അറസ്റ്റ് ചെയ്തതെങ്കില്‍ അടുത്തയാളെ പിടിച്ചത് ലൈംഗിക അതിക്രമത്തിന്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേത്തയേയും ഗുസ്തി റഫറി വീരേന്ദര്‍ സിങിനേയും ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ എന്തെന്ന് അറിയാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
അളവില്‍ കൂടുതല്‍ മദ്യം കഴിച്ച് ലൈസെന്‍സ് ഇല്ലാതെ വാഹനം ഓടിച്ചു എന്നാണത്രെ രാജീവ് മേത്തക്കെതിരെയുള്ള കുറ്റം. ഹോട്ടലില്‍ വച്ച് ലൈംഗിക അതിക്രമം കാണിച്ചതിനാണ് മാലിക്കിനെ പിടികൂടിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് ഇന്ത്യയെ ഇവര്‍ നാണം കെടുത്തിയത്. എന്നാല്‍ കായിക താരങ്ങളാരും ഇതില്‍ പെട്ടില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍.
രണ്ട് ഇന്ത്യന്‍ ഒഫീഷ്യല്‍സിനെ അറസ്റ്റ് ചെയ്ത കാര്യം സ്‌കോട്‌ലന്റ് യാര്‍ഡ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരേയും കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications