കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസിന് തുല്യനോ പി പരമേശ്വരൻ? സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് ചർച്ചകൾ

Google Oneindia Malayalam News

കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വിത്ത് പാകുന്നതിന് തുടക്കം കുറിച്ച സംഘപരിവാര്‍ നേതാക്കളിലെ ആദ്യത്തെ കണ്ണിയാണ് പി പരമേശ്വരൻ. അദ്ദേഹത്തിന്റെ മരണം സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വിപുലമായ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഋഷിതുല്യനെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി പരമേശ്വരനെ അനുസ്മരിച്ചത്.

മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ വലിയൊരിടം പി പരമേശ്വരന് വേണ്ടി മാറ്റി വെച്ചിരിക്കുന്നു. ഹിന്ദുത്വത്തില്‍ ഊന്നിയ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കേരളത്തിലെ മുഖമായ പി പരമേശ്വരന്റെ ലാളിത്യത്തിലും പാണ്ഡിത്യത്തിലും സൗമ്യതയിലുമൂന്നിയാണ് അനുസ്മരണക്കുറിപ്പുകള്‍. ഇഎംഎസ് നമ്പൂതിരിപ്പാടിന് തുല്യനാണ് പി പരമേശ്വരന്‍ എന്നാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ച നടക്കുന്നത്. പി പരമേശ്വരന്‍ എന്ന പരമേശ്വര്‍ജിക്ക് എങ്ങനെയാണ് ഇഎംഎസിനൊപ്പം തലപ്പൊക്കമെത്തുന്നത് ?

കമ്യൂണിസവും ഹിന്ദുത്വവും

കമ്യൂണിസവും ഹിന്ദുത്വവും

എണ്‍പതുകളില്‍ കേരളത്തിലെ ബൗദ്ധിക സംവാദ മേഖലയില്‍ കമ്യൂണിസവും ഹിന്ദുത്വവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ കുറിച്ച് പി പരമേശ്വരന്‍ തന്നെ എഴുതിയിട്ടുണ്ട്. ഒരു വശത്ത് പി ഗോവിന്ദപ്പിളളയും ഇഎംഎസും അടക്കമുളളവരും മറുവശത്ത് പി പരമേശ്വരനും ആയിരുന്നു നിലകൊണ്ടത്. ഇംഎംഎസ് മുന്നോട്ട് വെച്ച, കമ്മ്യൂണിസ്റ്റ്-പുരോഗമനപര ജനാധിപത്യ മതേതരത്വ ആശയങ്ങളെ ബൗദ്ധിക തലത്തില്‍ പ്രതിരോധിക്കാന്‍ ആര്‍എസ്എസിന്റെ ഏക പ്രതിനിധി പി പരമേശ്വരന്‍ ആയിരുന്നുവെന്ന് പറയാം.

ഇഎംഎസിന് തുല്യനോ?

ഇഎംഎസിന് തുല്യനോ?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇഎംഎസ് എന്തായിരുന്നുവോ അതാണ് സംഘപരിവാറിന് പി പരമേശ്വരന്‍ എന്നാണ് വാദം ഉയരുന്നത്. മുഖ്യമന്ത്രി ആയിരുന്നില്ലെങ്കിലും ഇഎംഎസിന് തുല്യന്‍ തന്നെ ആയിരുന്നു പി പരമേശ്വരന്‍ എന്നും വാദിക്കുന്നവരുണ്ട്. അതേസമയം ഇഎംഎസിനെ പോലെ കേരളത്തിന് പി പരമേശ്വരന്‍ എന്ത് സംഭാവനകള്‍ നല്‍കി എന്ന ചോദ്യം മറുവശത്ത് നിന്നും ഉയരുന്നുണ്ട്.

ഹിന്ദുത്വത്തിലൂന്നിയ ദേശീയവാദം

ഹിന്ദുത്വത്തിലൂന്നിയ ദേശീയവാദം

സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞ് വെച്ച പ്രചാരകനാണ് പി പരമേശ്വരന്‍. ഹിന്ദുത്വത്തിലൂന്നിയുളള മതരാഷ്ട്ര സങ്കല്‍പ്പത്തിന്റെ ആചാര്യനായ എംഎസ് ഗോള്‍വാള്‍ക്കറാല്‍ ആകര്‍ഷിക്കപ്പെട്ടാണ് പി പരമേശ്വരന്‍ സജീവ ആര്‍എസ്എസ് പ്രചാരകനായി മാറുന്നത്. ഹിന്ദുത്വത്തിലൂന്നിയ ദേശീയവാദവും ഇഎംഎസ് ഉയര്‍ത്തിപ്പിടിച്ച ഇഎംഎസ് മതേതരത്വത്തില്‍ ഊന്നിയുളള സാമൂഹ്യ മുന്നേറ്റ രാഷ്ട്രീയവും രണ്ടറ്റത്ത് നില്‍ക്കുന്നു.

വിരുദ്ധ ആശയങ്ങൾ

വിരുദ്ധ ആശയങ്ങൾ

സ്വന്തം സമുദായമായ നമ്പൂതിരിമാര്‍ക്കിടയില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സാമൂഹ്യ പ്രവര്‍ത്തനത്തിന് തുടക്കമിട്ട നേതാവാണ് ഇഎംഎസ്. നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വാക്കിലൂടെയും എഴുത്തിലൂടെയും കരുത്ത് നല്‍കി. ജാതിരഹിതവും മതേതരവുമായി കേരളം ഉണ്ടാകേണ്ടതിനെ കുറിച്ച് ഇഎംഎസിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അത് പി പരമേശ്വരന്‍ പ്രതിനിധീകരിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. പി പരമേശ്വരന്‍ ഉയര്‍ത്തിയ തര്‍ക്കങ്ങള്‍ക്ക് ഇഎംഎസ് മറുപടി നല്‍കിയത് സമന്മാരായി കണ്ടത് കൊണ്ടാണെന്നും വാദങ്ങളുണ്ട്.

രാഷ്ട്രീയം അളവ് കോൽ

രാഷ്ട്രീയം അളവ് കോൽ

ഇരുനേതാക്കളും വിപരീത ധ്രുവങ്ങളിലുളള രണ്ട് പ്രത്യയശാസ്ത്രങ്ങളുടെ സുപ്രധാന വക്താക്കളാണ് എന്നതില്‍ തര്‍ക്കമില്ല. ഇഎംഎസിന്റെയും പി പരമേശ്വരന്റെയും തുല്യത അളക്കാന്‍ രാഷ്ട്രീയം മാറ്റിവെച്ചൊരു താരതമ്യത്തിന് പ്രസക്തിയില്ല. മാറാട് കലാപത്തിന് മുസ്ലീംകള്‍ക്ക് മേല്‍ പിഴ ചുമത്തണമെന്നും ആ തുക പിരിച്ച് ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട പി പരമേശ്വരനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎ ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കേരളത്തെ സാമുദായികമായി വിഭജിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നിലെ സാന്നിധ്യങ്ങളില്‍ പി പരമേശ്വരന്റെ പങ്കും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇഎംഎസ് അംഗീകരിച്ചെന്ന്

ഇഎംഎസ് അംഗീകരിച്ചെന്ന്

സംഘപരിവാര്‍ രാഷ്ട്രീയത്തിന് അല്ലാതെ കേരള ജനസമൂഹത്തിന് പി പരമേശ്വരന്‍ എന്ന ഹിന്ദുത്വ സൈദ്ധാന്തികന്‍ എന്ത് സംഭാവന നല്‍കി എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. അതുകൊണ്ട് തന്നെയാണ് മനോരമ അടക്കമുളള പത്രങ്ങള്‍ പി പരമേശ്വരന് വേണ്ടി മാറ്റിവെച്ച സ്‌പേസിനെതിരെ വലിയ വിമര്‍ശനം ഉയരുന്നത്. മനോരമയിലെ മാധ്യമ പ്രവര്‍ത്തകന്‍ സുജിത് നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വാദിക്കുന്നത് തനിക്ക് പോന്ന പ്രതിയോഗിയായി ഇഎംഎസ് പി പരമേശ്വരനെ അംഗീകരിച്ചിരുന്നു എന്നാണ്.

ഇഎംഎസ് മറുപടി നൽകി

ഇഎംഎസ് മറുപടി നൽകി

ഇഎംഎസ് സ്വാധീനിച്ചത് പോലെ എത്ര പേരെ പി പരമേശ്വരന് സ്വാധീനിക്കാനായിട്ടുണ്ട് എന്ന ചോദ്യം ഉന്നയിച്ചാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് സുജിത്ത് നായരുടെ പോസ്റ്റിനോട് പ്രതികരിച്ചിട്ടുളളത്. ഇഎംഎസ് എപ്പോഴാണ് പി പരമേശ്വരനെ തുല്യനായി അംഗീകരിച്ചത് എന്ന ചോദ്യവും ഉയരുന്നു. സംഘപരിപാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നുളള നേതാക്കളില്‍ പി പരമേശ്വരന് മാത്രമേ ഇഎംഎസ് മറുപടി നല്‍കിയിരുന്നുളളൂ എന്നതാണ് തുല്യനായി കണ്ടിരുന്നു എന്ന വാദത്തിനുളള അതിദുർബലമായ ഉത്തരം.

English summary
Comparison of P Parameswaran with EMS in social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X