ബോറ മുസ്ലിംകളെ പുകഴ്ത്തി നരേന്ദ്ര മോദി; ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ പ്രധാനമന്ത്രി
ഇന്‍ഡോര്‍; ബോറ മുസ്ലിംകള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്കുള്ള വ്യത്യസ്തമായ സ്വത്വം, ലോകം ഒരു കുടുംബമാണെന്ന വസുദൈവ കുടുംബ സങ്കല്‍പ്പമാണെന്ന് മോദി പറഞ്ഞു. ഈ സങ്കല്‍പ്പം ലോകത്തിന് നല്‍കിയത് ഇന്ത്യയാണ്. ദാവൂദി ബോറ സമുദായക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

ദാവൂദി ബോറക്കാരുടെ മത നേതാവ് സയ്യിദുനാ മുഫദ്ദല്‍ സൈഫുദ്ദീന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. വസുദൈവ കുടുംബത്തിന്റെ ഉത്തമ ഉദാഹരണമാണ് ബോറ സമുദായം. ദാവൂദി ബോറകളുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ഷിയാക്കളില്‍പ്പെട്ട ഒരു വിഭാഗമാണ് ദാവൂദി ബോറകള്‍. അറബി മാസമായ മുഹര്‍റവുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ദാവൂദി ബോറകള്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. പ്രവാചകനെയും പൗത്രന്‍ ഇമാം ഹുസൈനെയും ഓര്‍ക്കുന്ന ഷിയാക്കളുടെ പ്രത്യേക ചടങ്ങ് മുഹര്‍റത്തില്‍ നടക്കാറുണ്ട്.
സമാധാനത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സമുദായമാണ് ദാവൂദി ബോറകളെന്ന് മോദി പറഞ്ഞു. ഒരുവേള ഈ സമുദായം മഹാത്മാ ഗാന്ധിയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്ന് മോദി ഓര്‍മിപ്പിച്ചു. ബോറ സമുദായവുമായി തനിക്ക് ഏറെ കാലത്തെ ബന്ധമുണ്ട്. ഒരു വീട്ടിലുള്ളവരെ പോലെയാണ് ആ ബന്ധം. ഇന്നും അവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗുജാറാത്തിലെ ബോറ സമുദായക്കാരെ കുറിച്ചും മോദി വാചാലനായി.
ഗുജറാത്തില്‍ ബോറ സമുദായക്കാരുടെ സംഭാവന കൊണ്ട് ഒട്ടേറെ ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ വികസനത്തില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് ബോറ വിഭാഗം. വ്യാപാരത്തിലും വ്യവസായത്തിലും ഇവര്‍ മാന്യത പുലര്‍ത്തുന്നു. മറ്റുള്ളവര്‍ക്കും ബോറ സമുദായം ഒരു മാതൃകയാണെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications