മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്
ഡൽഹി: മണിപ്പൂരിൽ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോഖൻ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്.
കാങ്പോക്പിക്കും ഇംഫാൽ വെസ്റ്റ് ജില്ലയ്ക്കും ഇടയിലുള്ള അതിർത്തിയിലാണ് ഖോകെൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്.സൈനികരുടേതിന് സമാനമായ വാഹനത്തിൽ സൈന്യത്തെ പോലെ വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. തുടർന്ന് ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്റീജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം ആവശ്യപ്പെട്ടു.

പള്ളിയിൽ പ്രാർത്ഥിച്ചിരിക്കുമ്പോഴാണ് സ്ത്രീയെ അക്രമികൾ വെടിവെച്ചതെന്ന് ഐ എൽ ടി എഫ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സൈന്യത്തെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അതിനിടെ മണിപ്പൂർ കലാപം അന്വേഷിക്കാൻ സി ബി ഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 98 പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 305 പേർക്കാണ് പരിക്കേറ്റത്. 4014 കേസുകൾ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട 144 ആയുധങ്ങളും 11 മാഗസിനുകളും കണ്ടെടുത്തു. കണ്ടെടുത്ത ആയുധങ്ങളിൽ 29 സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), 15 കാർബൈനുകൾ, 12 ഇൻസാസ് റൈഫിളുകൾ, 10 ഗ്രനേഡ് ലോഞ്ചറുകൾ എന്നിവ ഉൾപ്പെടുന്നതായും അധികൃതർ അറിയിച്ചു.
സംഘർഷത്തിൽ ഇതുവരെ 3,734 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്, 1,257. കാങ്‌പോക്പി (932), ബിഷ്ണുപൂർ (844) എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.












Click it and Unblock the Notifications