ആര്‍ജെഡിയില്‍ അധികാരതര്‍ക്കം; തേജസ്വിയുടെ പ്രസംഗത്തിനിടെ ഇറങ്ങിപോയി തേജ് പ്രതാപ്, ഞെട്ടിത്തരിച്ച് ലാലു
പാട്‌ന: രാഷ്ട്രീയ ജനതാ ദളില്‍ (ആര്‍ ജെ ഡി) അധികാര തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയില്‍ തേജസ്വി യാദവ് സംസാരിക്കുന്നതിനിടെ ജ്യേഷ്ഠ സഹോദരനായ തേജ് പ്രതാപ് യാദവ് ഇറങ്ങി പോയതാണ് ഇരുവരും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നത്. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം. രണ്ട് ആണ്‍മക്കള്‍ക്കൊപ്പം വേദി പങ്കിടുകയായിരുന്നു ലാലു. എന്നിരുന്നാലും, തേജസ്വി സംസാരിച്ചു തുടങ്ങിയ ഉടന്‍ തന്നെ തേജ് പ്രതാപ് എഴുന്നേറ്റ് വേദി വിടുകയായിരുന്നു.
തേജ് പ്രതാപ് വേദിയില്‍ നിന്ന് ഇറങ്ങുന്നത് കണ്ട് ലാലു പ്രസാദ് യാദവ് ഞെട്ടിപ്പോയതായി യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും പാര്‍ട്ടിയുടെ തലപ്പത്ത് എത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണെങ്കിലും, ലാലു പ്രസാദ് യാദവ് ഇളയ മകന്‍ തേജസ്വിക്ക് അധികാരം കൈമാറുമെന്ന് സൂചനയുണ്ട്. ഇത് തേജ് പ്രതാപിനെ സഹോദരനുമായി ഭിന്നതയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തേജസ്വിയെ ആര്‍ ജെ ഡിയുടെ പുതിയ തലവനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തേജ് പ്രതാപ് നിരസിക്കുകയും തങ്ങളുടെ പിതാവ് ലാലു പ്രസാദ് യാദവ് തന്നെ പാര്‍ട്ടിയെ നയിക്കുന്നത് തുടരുമെന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ തങ്ങള്‍ തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമാണെന്നും തന്റെ അനുജനെ 'അര്‍ജുന്‍' എന്നും തന്നെ 'കൃഷ്ണന്‍' എന്നുമാണ് വിശേഷിപ്പിക്കാനാഗ്രഹിക്കുന്നതെന്നും തേജ് പ്രതാപ് പറഞ്ഞിരുന്നു. അതേസമയം തേജസ്വിക്ക് ആര്‍ ജെ ഡി ദേശീയ അധ്യക്ഷ സ്ഥാനം കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ ലാലു പ്രസാദ് യാദവും തള്ളിക്കളഞ്ഞിട്ടുണ്ട്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കുന്നവര്‍ വിഡ്ഢികളാണെന്നും അദ്ദേഹം പറഞ്ഞു. മുലായം സിംഗ് യാദവ് ചെയ്ത അതേ തെറ്റ് അദ്ദേഹം ചെയ്യില്ല', മുന്‍ യു പി മുഖ്യമന്ത്രി എസ് പിയുടെ ഭരണം മകന്‍ അഖിലേഷിന് കൈമാറിയതിനെ പരാമര്‍ശിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ആര്‍ജെഡി നേതാവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

മെമ്പര്‍ഷിപ്പ് ഡ്രൈവ്, ദേശീയ അധ്യക്ഷന്‍, ബ്ലോക്ക്, ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പുകള്‍ എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആര്‍ ജെ ഡി ദേശീയ എക്സിക്യൂട്ടീവ് വ്യാഴാഴ്ച യോഗം ചേരും.2020 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ലാലു പ്രസാദ് യാദവ് ജയിലിലായതിനാല്‍ തേജസ്വി യാദവായിരുന്നു പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ചിരുന്നത്. ഇതിന് പിന്നാലെയൊണ് തേജസ്വി യാദവ് പ്രസിഡന്റാകുമെന്ന ഊഹാപോഹങ്ങളും ബലപ്പെട്ടത്. അനാരോഗ്യം കാരണം ലാലുവിനു നേതൃ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യമുണ്ട്.

2009 ലെ ലോക്‌സഭാ പ്രചാരണ വേളയിലാണ് ലാലുപ്രസാദ് തേജസ്വിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തേജസ്വിയും തേജ് പ്രതാപും ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. നിതീഷ് കുമാറിന്റെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായും തേജസ്വി തിളങ്ങിയിരുന്നു.

2017 ല്‍ നിതീഷ് വീണ്ടും ബി ജെ പിക്കൊപ്പം പോയപ്പോള്‍ പ്രതിപക്ഷത്തിന്റെ മുഖമായി തേജസ്വി യാദവ് മാറി. ബി ജെ പി ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബീഹാറില്‍ എന്‍ ഡി എയ്ക്ക് വന്‍ ജയം നല്‍കാതിരുന്നത് തേജസ്വയുടെ തന്ത്രങ്ങളായി വിലയിരുത്തിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തേജസ്വി യാദവ് എത്തുമെന്ന ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചത്.












Click it and Unblock the Notifications