'ഓരോ എംഎല്‍എമാര്‍ക്കും 50 കോടി'; കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ ലോട്ടസ്
ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പി വീണ്ടും ഓപ്പറേഷന്‍ ലോട്ടസിന് ശ്രമിക്കുകയാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ച് മാണ്ഡ്യ കോണ്‍ഗ്രസ് എം എല്‍ എ രവികുമാര്‍ ഗനിഗ രംഗത്തെത്തി. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും രവികുമാര്‍ ഗനിഗ പറഞ്ഞു.
2019 ലെ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവര്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ മന്ത്രിസ്ഥാനവും 50 രൂപയും വാഗ്ദാനം ചെയ്ത് നിലവിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രവികുമാര്‍ ഗനിഗ പറഞ്ഞു. ഇതിന്റെ വീഡിയോ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും വീഡിയോ ഉടന്‍ മാണ്ഡ്യയില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

''ഞങ്ങളുടെ എം എല്‍ എമാരെ സമീപിച്ചവര്‍ പ്രത്യേക വിമാനങ്ങള്‍ ക്രമീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച സംഘടിപ്പിക്കുമെന്നും പറഞ്ഞു. തങ്ങള്‍ക്ക് ആവശ്യത്തിന് എം എല്‍ എമാരുണ്ടെന്നും കൂടുതല്‍ നിയമസഭാംഗങ്ങളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തുടനീളം ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു,' രവികുമാര്‍ പറഞ്ഞു.
അവര്‍ തങ്ങളുടെ നാല് എം എല്‍ എമാരെ സമീപിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എമാരെ സമീപിച്ചവരില്‍ ഒരാള്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മുന്‍ പി എയാണ് എന്നും മൈസൂര്‍ മേഖലയില്‍ നിന്നുള്ള ഒരാളും ബെലഗാവി മേഖലയില്‍ നിന്നുള്ള മറ്റൊരാളും ഈ ടീമിന്റെ ഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈസൂരു, ബെലഗാവി, അര്‍സികെരെ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ശ്രമം നടക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗനിഗ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ നീക്കം പരാജയപ്പെടും. വാസ്തവത്തില്‍, ബി ജെ പി എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. ഞങ്ങള്‍ അവര്‍ക്ക് യാതൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെങ്കിലും അവര്‍ ഞങ്ങള്‍ക്കൊപ്പം വരുന്നു എന്നും രവികുമാര്‍ ഗനിഗ കൂട്ടിച്ചേര്‍ത്തു.
'സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അവര്‍ മതിപ്പുളവാക്കുന്നുണ്ട്. 135 എം എല്‍ എമാരുള്ള ഭൂരിപക്ഷ സര്‍ക്കാരാണ് ഞങ്ങള്‍ക്കുള്ളത്. സര്‍ക്കാരിനെ നയിക്കാന്‍ ഞങ്ങള്‍ക്ക് ഒരു പിന്തുണയും ആവശ്യമില്ല, ''അദ്ദേഹം പറഞ്ഞു. അതിനിടെ സിദ്ധരാമയ്യയുടെ രണ്ടര വര്‍ഷത്തെ ഭരണത്തിന് ശേഷം ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications