ഒറ്റയ്ക്ക് ജയിക്കാനാകുമെന്ന് കോണ്‍ഗ്രസ്; തനിച്ച് മല്‍സരിക്കുമെന്ന് എഎപി... തലവേദനയാകുമോ ഹരിയാന
ഛണ്ഡീഗഡ്: ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് ചേരാനിരിക്കെ വെല്ലുവിളിയായി ഹരിയാനയിലെ നേതാക്കള്‍. ഒറ്റയ്ക്ക് മല്‍സരിച്ച് ജയിക്കാനാകുമെന്നാണ് ഹരിയാന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പറയുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാനാണ് തീരുമാനമെന്ന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സന്ദീപ് പഥക് പ്രതികരിച്ചു. 15 ദിവസങ്ങള്‍ക്കകം വില്ലേജ് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പ് ഒരുക്കം വേഗത്തിലാക്കി പ്രചാരണം ആരംഭിക്കുമെന്നും പഥക് പറഞ്ഞു.

ഹരിയാനയുടെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമാണ് ഭൂപീന്ദര്‍ സിങ് ഹൂഡ. സംസ്ഥാനത്തെ 10 ലോക്‌സഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മല്‍സരിച്ച് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ കോണ്‍ഗ്രസിന് ഒരു ലോക്‌സഭാ സീറ്റ് പോലും ഹരിയാനയിലില്ല. 2019ലെ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലും ജയിച്ചത് ബിജെപിയാണ്.
കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. അടുത്ത കാലത്ത് ഇവിടെ എഎപി പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 46 സീറ്റില്‍ എഎപി മല്‍സരിച്ചിരുന്നു എങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ എഎപിക്ക് ഹരിയാനയില്‍ ശക്തിയില്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ഹരിയാനയില്‍ എഎപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയാല്‍ ഇന്ത്യ സഖ്യത്തിന് ക്ഷീണമാകും. സഖ്യം രൂപീകരിച്ചാല്‍ എഎപിക്ക് വലിയ നേട്ടവുമാകും. പാര്‍ട്ടിക്ക് അത്രവലിയ സ്വാധീനമില്ലാത്ത സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സാധിക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ എഎപിയുമായി ദേശീയ തലത്തില്‍ സഖ്യമാകാമെങ്കിലും ഹരിയാനയില്‍ സഖ്യം വേണ്ട എന്നാണ് ഹൂഡ സൂചിപ്പിക്കുന്നത്.
ബുധനാഴ്ച ഇന്ത്യ സഖ്യത്തിന്റെ യോഗം നടക്കും. ഹരിയാനയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പറയാനാകില്ല. എന്നാല്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. യോഗത്തിന്റെ അജണ്ട സംബന്ധിച്ച് തനിക്ക് അറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചയായേക്കും- സന്ദീപ് പഥക് പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ബിജെപി നേതാക്കളും എഎപി കണ്‍വീനര്‍ കെജ്രിവാളും തമ്മില്‍ ശക്തമായ വാക് പോര് നടന്നിരുന്നു.
ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ രൂപീകരിച്ച 14 അംഗ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ യോഗമാണ് ഡല്‍ഹിയില്‍ ഇന്ന് ചേരുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലാണ് യോഗം. സഖ്യത്തിന്റെ ഭാവി പരിപാടികള്‍ സംബന്ധിച്ച് അന്തിമ രൂപം നല്‍കിയേക്കും. പ്രചാരണം ശക്തമാക്കുന്നത് സബ് കമ്മിറ്റികള്‍ ഇന്ന് രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications