ഉത്തരാഖണ്ഡില്‍ രഹസ്യ യോഗങ്ങളുമായി കോണ്‍ഗ്രസ്, ബിജെപിയും അതേ പാതയില്‍, ഭൂരിപക്ഷത്തില്‍ ഉറപ്പില്ല
ദില്ലി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനെ പോലെ ബിജെപിയും ആശങ്കയില്‍. ഭൂരിപക്ഷം കിട്ടുമെന്ന് രണ്ട് പേര്‍ക്കും ഉറപ്പില്ല. ഡെറാഡൂണില്‍ ഇരുപാര്‍ട്ടികളും രഹസ്യ യോഗങ്ങള്‍ ചേര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇരുപാര്‍ട്ടികളെയും നിരാശരാക്കിയിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്നാണ് സര്‍വേകള്‍ പറയുന്നത്. ചില സര്‍വേകളില്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട് ചിലതില്‍ കോണ്‍ഗ്രസുമായി കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് പ്രവചിക്കുന്നത്. തൂക്കുസഭ വരുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പറയുന്നത്. ആംആദ്മി പാര്‍ട്ടി അങ്ങനെ വന്നാല്‍ ഉത്തരാഖണ്ഡില്‍ കിംഗ് മേക്കറാവുമെന്നാണ് സൂചന.

സംസ്ഥാനത്ത് ഭൂരിപക്ഷത്തിനായി വേണ്ടത് 36 സീറ്റുകളാണ്. ബിജെപിക്കെതിരെ കടുത്ത ജനവികാരം ഉത്തരാഖണ്ഡിലുണ്ട്. മുഖ്യമന്ത്രിമാര്‍ പലതവണ മാറിയത് അടക്കം ബിജെപിക്കുള്ള പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ മത്സരം ഇത്തവണ കടുപ്പമായിരുന്നു. പക്ഷേ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടാന്‍ സാധിക്കില്ലെന്നാണ് മിക്ക സര്‍വേകളും പറയുന്നത്. 2012ലേതിന് സമാന അവസ്ഥയാണ് ഇത്തവണ വരാന്‍ പോകുന്നതെന്നാണ് സൂചന. അന്ന് കോണ്‍ഗ്രസിന് 32 സീറ്റും ബിജെപിക്ക് 31 സീറ്റും ലഭിച്ചിരുന്നു. ഇഞ്ചോടിഞ്ചായിരുന്നു അന്ന് പോരാട്ടം. സ്വതന്ത്രരുടെയും ബിഎസ്പിയുടെയും സഹായത്തോടെയാണ് കോണ്‍ഗ്രസ് ആ സമയം സര്‍ക്കാരുണ്ടാക്കിയത്.
ഇത്തവണ എക്‌സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആകെ നിരാശയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പ്രവചനം. ഗോവയിലും ഉത്തരാഖണ്ഡിലും ഏറ്റവും വലിയ കക്ഷിയാവാനുള്ള സാധ്യത കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളിലൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കി. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് അവരുടെ പിന്തുണ നേടി അധികാരത്തിലെത്തും. ഉത്തരാഖണ്ഡില്‍ വിജയം കോണ്‍ഗ്രസിന് തന്നെയായിരിക്കുമെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി ഈ വാദങ്ങളെ തള്ളി. എല്ലാ എക്‌സിറ്റ് പോളുകളിലും ബിജെപിയാണ് മുന്നില്‍. ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റാണ് ജനങ്ങള്‍ നല്‍കിയതെന്ന് പുഷ്‌കര്‍ സിംഗ് ധമി പറഞ്ഞു. എന്നാല്‍ ബിജെപി ക്യാമ്പിലും ആശങ്കയുണ്ട്. ഒരു റിസ്‌കും എടുക്കേണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്. കൈലാഷ് വിജയ് വര്‍ഗീയയും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഏത് വിധത്തിലും ഭൂരിപക്ഷം പിടിക്കാനാണ് ഇവരുടെ പ്ലാന്‍. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് തവണയാണ് കൂടിക്കാഴ്ച്ച നടത്തിയത്. സ്വതന്ത്രരുമായി അടക്കം ബിജെപി ബന്ധപ്പെട്ട് കഴിഞ്ഞു. എല്ലാവരെയും ഒന്നിച്ച് പിടിക്കാനാണ് ബിജെപിയുടെ തീരുമാനം. കോണ്‍ഗ്രസ് വിമതന്‍ സഞ്ജയ് ദോബല്‍ രണ്ട് പാര്‍ട്ടികളും തന്നെ ബന്ധപ്പെട്ടതായി സ്ഥിരീകരിച്ചു.












Click it and Unblock the Notifications