അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് സമരത്തിന്; ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം, മറുതന്ത്രവുമായി കേന്ദ്രം
ന്യൂഡല്‍ഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെ കോണ്‍ഗ്രസും സമരത്തിന്. ഡല്‍ഹിയില്‍ ഞായറാഴ്ച സമരം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പാര്‍ട്ടിയുടെ എംപിമാരും നേതാക്കളും ജന്തര്‍ മന്ദറില്‍ സത്യഗ്രഹം സംഘടിപ്പിക്കും. എല്ലാവരോടും ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന യുവാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സത്യഗ്രഹം. എംപിമാര്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍ എന്നിവരെല്ലാം സത്യഗ്രഹത്തില്‍ പങ്കെടുക്കും. രാവിലെ 10 മണി മുതലാണ് സത്യഗ്രഹം. രാജ്യത്തെ യുവാക്കള്‍ ജോലിക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് ബാധ്യതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

പത്തോളം സംസ്ഥാനങ്ങളില്‍ സമരം ശക്തമാണ്. പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴി മാറി. തീവണ്ടികളും ബസുകളും സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്‌റ്റേഷനുകളും കത്തിച്ചു. സമരക്കാരെ ശാന്തരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിക്കുകയും അഗ്നിവീര്‍ സേവനം കഴിയുന്നവര്‍ക്ക് മറ്റു സേനാ വിഭാഗത്തില്‍ സംവരണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സമരക്കാരെ ശാന്തരാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ഈ പ്രഖ്യാപനമൊന്നും സമരം അവസാനിക്കാന്‍ ഇടയാക്കിയിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും ഏതെങ്കിലും ഒരു സംഘടനയുടേയോ പാര്‍ട്ടിയുടേയോ നേതൃത്വത്തില്‍ അല്ല അഗ്നിപഥ് പദ്ധതിക്കെതിരായ സമരം. അതുകൊണ്ടുതന്നെ സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരിന് വേഗത്തില്‍ സാധ്യമല്ല. പകരം ഇളവുകള്‍ പ്രഖ്യാപിച്ച് സമരക്കാരെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
അതേസമയം, ബിഹാറില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെയാണ് പലയിടത്തും ആക്രമണങ്ങള്‍. 200 കോടി രൂപയുടെ നഷ്ടം ഇതുവരെയുണ്ടായതായി റെയില്‍വെ അറിയിച്ചു. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിന് പുറമെ എഎപിയും ടിആര്‍എസും ആവശ്യപ്പെട്ടു. കാര്‍ഷിക നിയമം പിന്‍വലിച്ച പോലെ അഗ്നിപഥ് പദ്ധതിയും മോദി സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അതേസമയം, പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. യുപിയില്‍ സമരത്തില്‍ പങ്കെടുത്തവരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. മധ്യപ്രദേശിലും നിരവധി പേരെ അറസ്റ്റ് ചെയ്തു. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ദക്ഷിണേന്ത്യയിലേക്കും സമരം വ്യാപിച്ചിരിക്കുകയാണ്. തെലങ്കാന, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെല്ലാം സമരം തുടരുകയാണ്.












Click it and Unblock the Notifications