ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ചു; 110 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് 110 ജില്ലകളിലൂടെ യാത്ര സംഘടിപ്പിക്കുന്നത്. ഭാരജ് ജോഡോ യാത്ര പോലെ ന്യായ് യാത്രയും കോണ്‍ഗ്രസിന്റെ ജനപ്രീതി വര്‍ധിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് നേതൃത്വം.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ചത്. നീതി കിട്ടും വരെ എന്നാണ് മുദ്രാവാക്യം. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ജയറാം രമേശ്, സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14ന് ആരംഭിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക നീതി ലഭിക്കാന്‍ വേണ്ടിയുള്ള സുപ്രധാന ചുവടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് എന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
കലാപം നടന്ന മണിപ്പൂരിലേക്ക് മോദി ഒരുതവണ പോലും പോയില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. മണിപ്പൂര്‍ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കാനും തയ്യാറായില്ല. പാര്‍ലമെന്റില്‍ തങ്ങള്‍ വിഷയം ഉന്നയിച്ചു. എന്നാല്‍ ചരിത്രത്തിലില്ലാത്ത വിധം 146 എംപിമാരെ സഭയില്‍ നിന്ന് പുറത്താക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വളരെ കുറച്ച് മാത്രമാണ് മോദി ലോക്‌സഭയില്‍ വന്നത്. രാജ്യസഭയില്‍ വന്നതുപോലുമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
ജനുവരി 14ന് ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മാര്‍ച്ച് 20-21ന് അവസാനിക്കും. 110 ജില്ലകളിലൂടെ 6713 കിലോമീറ്ററാണ് യാത്ര കടന്നുപോകുക. 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും 337 നിയമസഭാ മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. മണിപ്പൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മുംബൈയിലാണ് സമാപിക്കുക. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലൂടെയും യാത്ര കടന്നുപോകുന്നുണ്ട്.
മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, മണിപ്പൂര്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡീഷ തുടങ്ങി നേരത്തെ ഭാരത് ജോഡോ യാത്ര സാന്നിധ്യമറിയിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളാണ് ഇത്തവണ ന്യായ് യാത്ര ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന് സാന്നിധ്യം കുറവുള്ള സംസ്ഥാനങ്ങളാണ് മിക്കതും. അതുകൊണ്ടുതന്നെ ഈ യാത്ര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എത്രത്തോളം ഗുണം ചെയ്യുമെന്ന് അറിയാന്‍ കാത്തിരിക്കണം.












Click it and Unblock the Notifications