പഞ്ചാബിലെ കോണ്‍ഗ്രസ് കളികള്‍ ഒന്നും കാണാതെയല്ല; ഈ കണക്കുകള്‍ ഉത്തരം നല്‍കും... പക്ഷേ, ക്യാപ്റ്റന്‍ പൊറുക്കുമോ?

ചാണ്ഡിഗഢ്: രാജ്യം മുഴുവന്‍ കൈവിട്ടുപോയിക്കൊണ്ടിരുന്നപ്പോഴും കോണ്‍ഗ്രസിന് ശക്തമായ അടിത്തറിയുണ്ടെന്ന് കരുതിയിരുന്ന സംസ്ഥാനം ആയിരുന്നു പഞ്ചാബ്. പത്ത് വര്‍ഷം അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിനെ 2017 ലെ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിച്ചതും അധികാരത്തില്‍ എത്തിച്ചതും ക്യാപ്റ്റര്‍ അമരീന്ദര്‍ സിങ് ആയിരുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ അവസാനവാക്ക് എന്നായിരുന്നു അമരീന്ദറിനെ വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍, ബിജെപി വിട്ട് മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിധു കോണ്‍ഗ്രസില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആദ്യഘട്ടത്തില്‍ അമരീന്ദറും സിധുവും ഒരുമയോടെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പഞ്ചാബ് കണ്ടത് കടുത്ത വിഭാഗീയതയുടെ നാളുകള്‍ ആയിരുന്നു. ഒടുവില്‍ അത് അമരീന്ദര്‍ സിങിന്റെ സ്ഥാനഭ്രംശത്തിനും വഴിവച്ചു. ഒടുവില്‍ പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ദളിത് മുഖ്യമന്ത്രിയെ വാഴിച്ചുകൊണ്ട് വലിയ രാഷ്ട്രീയ കളിയ്ക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുന്നത്.

1

പഞ്ചാബ് ഒരു സംസ്ഥാനമായി രൂപീകരിക്കപ്പെട്ടത് 1956 നവംബര്‍ 1 ന് ആണ്. കേരളപ്പിറവി പോലെ തന്നെ പഞ്ചാബ് ദിനവും നവംബര്‍ 1 ന് ആഘോഷിക്കപ്പെടുന്നുണ്ട്. രൂപീകരിക്കപ്പെട്ട് 65 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പഞ്ചാബില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത് 18 പേരായിരുന്നു. അതില്‍ ഒരാള്‍ പോലും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നില്ല. പഞ്ചാബ് രൂപീകരിക്കപ്പെട്ട അതേ ദിനം തന്നെ രൂപീകരിക്കപ്പെട്ട കേരളത്തില്‍ അങ്ങനെ ഒരു ദളിത് മുഖ്യമന്ത്രിയുണ്ടായിരുന്നോ എന്നും ചോദിക്കാവുന്നത്. അതിന് ഒരു ഉത്തരവും ഉണ്ട്.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

2

പഞ്ചാബ് ജനസംഖ്യയുടെ 32 ശതമാനം വരും അവിടത്തെ ദളിത് സമൂഹങ്ങള്‍. അങ്ങനെയുള്ള ദളിത് സമൂഹത്തിന് ഭരണ തലത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചോ എന്ന ചോദ്യമാണ് കുറച്ച് കാലമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ മറുവശം കൂടി കണക്കിലെടുക്കാം. ആകെ ജനസംഖ്യയുടെ 20 ശതമാനം ആണ് ഝാട്ട് സിഖുകള്‍. എന്നാല്‍ ഈ 65 വര്‍ഷത്തിനിടയ്ക്ക് ഝാട്ട് സിഖുകളില്‍ നിന്ന് ഉണ്ടായത് 13 മുഖ്യമന്ത്രിമാര്‍ ആണ്. ജാതി സമവാക്യങ്ങള്‍ എങ്ങനെ ആണ് പഞ്ചാബില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ കണക്ക് മാത്രം മതിയാവും.

3

മുപ്പത്തിരണ്ട് ശതമാനം ജനസംഖ്യ വരുന്ന ഒരു വിഭാഗത്തിന്റെ പിന്തുണ തിരഞ്ഞെടുപ്പുകളില്‍ എത്രത്തോളം നിര്‍ണായകമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതും പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ആഭ്യന്തര കലാപങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കാലത്ത്! അതുതന്നെ ആണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത് എന്ന് കരുതേണ്ടി വരും. പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിധുവിനെ അവരോധിച്ചത് വഴി, വേറേയും വോട്ടുലക്ഷ്യങ്ങള്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്.

4

ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ അകാലി ദളിന്റെ നീക്കങ്ങള്‍ക്ക് കൂടി തിരിച്ചടി നല്‍കുകയാണ് കോണ്‍ഗ്രസ്. പഞ്ചാബില്‍ അകാലി ദളും ബിഎസ്പിയും സഖ്യത്തിലാണ്. പഞ്ചാബ് രാഷ്ട്രീയത്തില്‍ ബിഎസ്പിയ്ക്ക് എന്ത് സ്വാധീനം എന്ന് ചോദിക്കാം. എന്നാല്‍ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന രാംദാസിയ സമുദായത്തില്‍ അവര്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. അത് വോട്ടാക്കി മാറ്റാം എന്നായിരുന്നു അകാലി ദളിന്റെ വിലയിരുത്തല്‍. എന്നാല്‍ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ഇതേ സമുദായത്തില്‍ പെട്ട ആളാണ്. ആ വോട്ടുകള്‍ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം അത്ര ബുദ്ധിമുട്ടേറിയതല്ല.

5

പഞ്ചാബില്‍ ബിജെപി ഒരു പ്രധാന ശക്തിയൊന്നും അല്ല. കഴിഞ്ഞ തവണ ആകെ മൂന്ന് സീറ്റുകളില്‍ ആണ് അവര്‍ക്ക് ജയിക്കാനായത്. കിട്ടിയത് 5.4 ശതമാനം വോട്ടുവിഹിതവും. എന്നിരുന്നാലും കോണ്‍ഗ്രസിന് ഒരു ദളിത് നേതാവിനെ സുപ്രധാന പദവിയില്‍ നിയമിക്കാന്‍ കഴിയുമോ എന്നായിരുന്നു ഇക്കാലമത്രയും ബിജെപിയുടെ ചോദ്യം. ആ ചോദ്യത്തിനും ചന്നിയുടെ സ്ഥാനലബ്ധിയോടെ മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയ്ക്കാണെങ്കില്‍, അവരുടെ പ്രചാരണ പദ്ധതികള്‍ മാറ്റേണ്ടിയും വരും.

6

ആം ആദ്മി പാര്‍ട്ടിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള ഒരു പാര്‍ട്ടി. കഴിഞ്ഞ തവണ 112 മണ്ഡലങ്ങളില്‍ ആയിരുന്നു ആം ആദ്മി പാര്‍ട്ടി മത്സരിച്ചത്. 20 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി അവര്‍ മാറുകയും ചെയ്തു. ദളിത് വോട്ടുകള്‍ ലക്ഷ്യംവച്ചാണ് ആം ആദ്മി പാര്‍ട്ടിയും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നത്. കാന്‍ഷിറാമിന്റെ കുടുംബാംഗങ്ങളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നുകൊണ്ടായിരുന്നു ദളിത് സമൂഹത്തിലേക്കിറങ്ങിച്ചെല്ലാന്‍ എഎപി ശ്രമിച്ചത്. പഞ്ചാബുകാരനായ കാന്‍ഷിറാം 1980 കളുടെ തുടക്കത്തില്‍ ദളിത് മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഇവിടെ തന്നെ ആയിരുന്നു. പിന്നീട് അദ്ദേഹം ഉത്തര്‍ പ്രദേശിലേക്ക് പ്രവര്‍ത്തന മേഖല മാറ്റുകയായിരുന്നു. എന്തായാലും കാന്‍ഷിറാം കുടുംബം വഴി ആം ആദ്മി പാര്‍ട്ടി നടത്തിയ നീക്കങ്ങള്‍ ഒന്നും കാര്യമായ ഫലം പഞ്ചാബ് രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയിട്ടില്ല, ഇനി ഉണ്ടാക്കാനും ഇടയില്ല.

7

2017 ലെ തിരഞ്ഞെടുപ്പ് ഫലം ഒന്നുകൂടി പരിശോധിക്കാം. ദളിത് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള 34 സീറ്റുകളാണ് പഞ്ചാബിലുള്ളത്. അതില്‍ 22 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. മറ്റ് കക്ഷികളിലേക്ക് ദളിത് വോട്ടുകള്‍ കാര്യമായി വിഘടിച്ചുപോയിരുന്നില്ല എന്നതിന്റെ തെളിവ് കൂടിയാണിത്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസിനും അകാലിദളിനും ആയി വിഘടിച്ചുപോകുന്നതാണ് ദളിത് വോട്ടുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റത്തിന്റെ ഫലം കൊയ്യാന്‍ ആണ് അവസാന നിമിഷം തരണ്‍ജിത് സിങ് ചന്നിയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത് എന്നും പറയാം.

8

അമരീന്ദര്‍ സിങ്ങിനെതിരെ കലാപക്കൊടി ഉയര്‍ത്തി നടന്നിരുന്ന നവജ്യോത് സിങ് സിധു ലക്ഷ്യം വച്ചിരുന്നത് മുഖ്യമന്ത്രി കസേര തന്നെ ആണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. എന്തായാലും ഭരണത്തിന്റെ അവസാന നാളുകളില്‍ ആ കസേര ലഭിച്ചത് ചന്നിയ്ക്കാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സിധു നയിക്കും എന്നൊക്കെയാണ് പറയപ്പെടുന്നത്. എന്നാല്‍, അത് മറ്റൊരു സന്ദേശം ദളിത് വിഭാഗങ്ങള്‍ക്ക് നല്‍കില്ലേ എന്ന ആശങ്കയും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്.

9

അമരീന്ദര്‍ സിങ് അടിയുറച്ച ഒരു കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. മുമ്പൊരിക്കല്‍ കോണ്‍ഗ്രസിനോട് പിണങ്ങി അകാലിദളില്‍ ചേര്‍ന്ന ചരിത്രവും ക്യാപ്റ്റനുണ്ട്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ കലഹിച്ചുകൊണ്ടായിരുന്നു അത്. അകാലി ദള്‍ സര്‍ക്കാരില്‍ മന്ത്രിയായും ഇരുന്നിട്ടുണ്ട്. ഒടുവില്‍ അവിടെ നിന്ന് കലഹിച്ച് പുതിയ ഗ്രൂപ്പുണ്ടാക്കുകയും ആ ഗ്രൂപ്പോടെ 1998 ല്‍ കോണ്‍ഗ്രസില്‍ ലയിക്കുകയും ആയിരുന്നു. തിരിച്ചുവന്ന അമരീന്ദര്‍ സിങ്ങിനെ കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും പിസിസി അധ്യക്ഷനാക്കുകയും ചെയ്തു. 2002 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുകയും മുഖ്യമന്ത്രിയാവുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ പഴയ കഥകള്‍ മറന്ന് എന്തെങ്കിലും ചെയ്യുമോ എന്ന ചോദ്യവും നിര്‍ണായകമാണ്. ഇപ്പോഴും, പഞ്ചാബില്‍ ഏറ്റവും അധികം ജനസമ്മിതിയുള്ള നേതാക്കളില്‍ ഒരാളാണ് ക്യപ്റ്റന്‍ അമരീന്ദര്‍ സിങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q