കോണ്‍ഗ്രസിന് വന്‍ നാണക്കേട്: ഇന്‍ഡോറിലെ സ്ഥാനാർത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേർന്നു
ഭോപ്പാല്‍: കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി നല്‍കി സ്ഥാനാർത്ഥിയുടെ മലക്കം മറിച്ചില്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇൻഡോറിലെ ലോക്‌സഭാ സ്ഥാനാർത്ഥി അക്ഷയ് ബാം മത്സരത്തിൽ നിന്ന് പിന്മാറിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി മാറിയിരിക്കുന്നത്. സ്ഥാനാർത്ഥിത്വം പിന്‍വലിച്ചതിന് പിന്നാലെ അക്ഷയ് ബാം ബി ജെ പിയിൽ ചേരുകയും ചെയ്തു. ബി ജെ പി നിയമസഭാംഗം രമേഷ് മെൻഡോളയ്‌ക്കൊപ്പം കളക്ടറുടെ ഓഫീസില്‍ എത്തിയ അക്ഷയ് ബാം കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ നല്‍കിയ പത്രിക പിന്‍വിക്കുകയായിരുന്നു.
മുതിർന്ന ബി ജെ പി നേതാവും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ കൈലാഷ് വിജയ വർഗിയ അക്ഷയ് ബാമിനൊപ്പം കാറിലിരിക്കുന്ന ഫോട്ടോയും എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. അക്ഷയ് ബാമിനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം എക്സില്‍ കുറിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ എന്നിവരുടെ നേതൃത്വത്തിൽ ഇൻഡോറിലെ കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാമിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു' വിജയ വർഗിയ കുറിച്ചു.

ഇൻഡോറിലെ ബി ജെ പി സിറ്റിങ് എംപി ശങ്കർ ലാൽവാനിനെതിരെയായിരുന്നു കോൺഗ്രസ് ബാമിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മെയ് 13 ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിലാണ് ഇൻഡോറില്‍ വോട്ടെടുപ്പ് നടക്കുന്നത്. സൂറത്ത് ലോക്‌സഭാ സീറ്റിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് ബി ജെ പി മധ്യപ്രദേശിലും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പിന്തുണ തള്ളിയതോടെ ബി ജെ പി എതിരില്ലാതെ വിജയിക്കുകയും ചെയ്തു. പത്രികയിൽ കോണ്‍ഗ്രസിനെ നിർദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളുകയായിരുന്നു. കോൺഗ്രസിന്റെ പകരക്കാരനായ സ്ഥാനാർഥി സുരേഷ് പദ്‌ലസയെ നിർദേശിച്ചയാളും പിൻമാറി.
കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളില്ലാത്ത സാഹചര്യമുണ്ടായതിന് പിന്നാലെ ബി എസ് പി സ്ഥാനാർത്ഥിയും സ്വതന്ത്രരും പത്രിക പിന്‍വലിച്ച് ബി ജെ പിക്ക് സ്ഥാനാർത്ഥിക്ക് ഏകപക്ഷീയ വിജയത്തിന് വഴിയൊരുക്കി. ഇദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്നു നാമനിർദേശ പത്രികയില്‍ ഒപ്പിട്ട മൂന്നുപേരും. നിലേഷ് ബി ജെ പിയുമായി ചേർന്ന് നീക്കം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇദ്ദേഹത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.












Click it and Unblock the Notifications