ബംഗാളില്‍ രാഷ്ട്രീയ പോര്; മമത പിന്തുണച്ച പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍
നന്തിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാന്‍ അറസ്റ്റില്‍. ഇദ്ദേഹത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി പിന്തുണ പ്രഖ്യാപിച്ച പിന്നാലെയാണ് അറസ്റ്റ്. 2007ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. ബിജെപി രാഷ്ട്രീയ പാപ്പരത്തം കാണിക്കുന്നു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മമത ബാനര്‍ജിക്ക് ഇന്ന് തിരിച്ചടിയുടെ ദിനമാണ്. അവരുടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പകരം പേരും ചിഹ്നവും നല്‍കി. മാത്രമല്ല, നന്തിഗ്രാമില്‍ പത്രിക സമര്‍പ്പിച്ച ടിഎംസി സ്ഥാനാര്‍ഥി ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തൊട്ടുപിന്നാലെ അവര്‍ പത്രിക പിന്‍വലിച്ചു.

സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ മറ്റു വഴികളില്ലാതായ മമത ബാനര്‍ജി നന്തിഗ്രാമില്‍ തൃണമൂല്‍ മല്‍സരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. ബിജെപിയെ പുറത്താക്കാന്‍ ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കുമെന്നും മമത പറഞ്ഞു. തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിജെപി രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്ന് തൃണമൂല്‍ കുറ്റപ്പെടുത്തി.
നന്തിഗ്രാമില്‍ ടാറ്റയുടെ വന്‍കിട പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതിനെതിരെ വന്‍ പ്രതിഷേധം നടന്നിരുന്നു. 2007ല്‍ നടന്ന ഈ പ്രതിഷേധത്തിന്റെ പേരിലാണ് മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. 2007ലെ സമരത്തിനിടെ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. ബംഗാളില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണം വീഴാന്‍ ഇടയാക്കിയ സമരമായിരുന്നു ഇത്.
തുടര്‍ന്ന് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. 2026 വരെ ഈ ഭരണം തുടര്‍ന്നു. മമതാ ബാനര്‍ജിയെ വീഴ്ത്തിയാണ് ഇത്തവണ ബിജെപി ഭരണം പിടിച്ചത്. തൊട്ടുപിന്നാലെ തൃണമൂല്‍ പിളരുകയും വലിയൊരു വിഭാഗം എംഎല്‍എമാര്‍ വിമതപക്ഷം ചേരുകയും ബിജെപി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെയും വിമതരെയും നേരിടേണ്ട അവസ്ഥയിലാണ് മമത.
ഈ സാഹചര്യത്തില്‍ കൂടിയാണ് നന്തിഗ്രാമില്‍ അവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് മമത ബാനര്‍ജി ഈ തീരുമാനം എടുത്തത്. ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാകണം എന്ന അഭിപ്രായമാണ് മമതയ്ക്ക്. എന്നാല്‍ അവരുടെ പഴയ നിലപാടുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനവും ശക്തമാണ്.


Click it and Unblock the Notifications
