മേഘാലയയിൽ തിരിച്ചുവരവിന് തയ്യാറെടുത്ത് കോൺഗ്രസ്; പുതിയ 3 സമിതികൾ.. മുതിർന്ന നേതാക്കളിറങ്ങും
ദില്ലി: 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു മേഘാലയിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത്. 60 അംഗ നിയമസഭയിൽ 21 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. അതായത് കേവല ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകളുടെ കുറവ്. ബി ജെ പിക്ക് ലഭിച്ചത് വെറും 2 സീറ്റുകളായിരുന്നു.
എന്നാൽ കോൺഗ്രസ് അധികാരത്തിലേറുന്നത് തടയാൻ 20 സീറ്റുകൾ ഉള്ള നാഷ്ണൽസ് പീപ്പിൾസ് പാർട്ടിയുമായി ബി ജെ പി കൈകോർത്തു. ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം അധികാരം നഷ്ടപ്പെട്ടെന്ന് മാത്രമല്ല കോൺഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൂടെയാണ് മേഘലയയിൽ പാർട്ടി കടന്ന് പോകുന്നത്. അഞ്ച് വർഷങ്ങൾക്കിപ്പുറം കോൺഗ്രസിന്റെ എംഎൽമാർ വെറും രണ്ട് പേർ മാത്രമാണ്.

ദേശീയ മോഹം ലക്ഷ്യം വെച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ ഇറങ്ങിയതോടെ വലിയ നഷ്ടമാണ് സംസ്ഥാനത്ത് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ഒറ്റയടിക്ക് 12 എം എൽ എമാർ തൃണമൂലിലേക്ക് ചേക്കേറി. എൻപിപിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് സർക്കാറിനെ പിന്തുണച്ചതോടെ അഞ്ച് എം എൽ എമാരെ അടുത്തിടെ പാർട്ടി സസ്പെന്റ് ചെയ്തിരുന്നു. അവരിൽ രണ്ടുപേർ ഈ ആഴ്ച ആദ്യം ഭരണകക്ഷിയായ എൻപിപിയിൽ ചേർന്നു.

കനത്ത തിരിച്ചടികളിൽ നിന്നും ശക്തമായ തിരിച്ചുവരവിനുള്ള ശ്രമമാണ് ഇപ്പോൾ കോൺഗ്രസ് ഇവിടെ നടത്തുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചുള്ള പ്രവർത്തനം കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ വിൻസെന്റ് എച്ച് പാലയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും പാർട്ടി മുൻ പ്രസിഡന്റ് സെലസ്റ്റിൻ ലിംഗ്ദോയെ പ്രചാരണ കമ്മിറ്റി ചെയർമാനുമായും നിയമിച്ചു. പ്രചരണ സമിതിയിൽ മുതിർന്ന 10 നേതാക്കൾ, പ്രധാനമായും മുൻ എം എൽ എമാരെ നിയമിക്കും. ലിങ്ദോയെ കൂടാതെ 15 നേതാക്കളേയും പ്രചരണ സമിതി അംഗങ്ങളായി നിയമിക്കും. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിൽ ജനങ്ങൾ അതൃപ്തിയിലാണെന്നും സംസ്ഥാനത്ത് വീണ്ടും കോൺഗ്രസ് അധികാരത്തിലേറുമെന്നും പാല അവകാശപ്പെട്ടു.

അതേസമയം മറുവശത്ത് ഭരണസഖ്യവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കോപ്പ് കൂട്ടുന്നുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ എൻ പി പി തനിച്ച് മത്സരിക്കുമോയെന്നാണ് ഉറ്റുനോകകപ്പെടുന്നത്. അടുത്തിടെ ബി ജെ പി- എൻ പി പി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. അറ്റകൈയെന്ന നിലയ്ക്ക് തങ്ങൾ തനിച്ച് മത്സരിക്കുമെന്ന വെല്ലുവിളി എൻ പി പി നടത്തിയിട്ടുണ്ട്. അതേസമയം എൻ പി പിയുമായി സഹകരിച്ച് പോകാനാണ് ബി ജെ പി തീരുമാനം. എന്നാൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള ശ്രമങ്ങളും ബി ജെ പി നടത്തുന്നുണ്ട്.

ഇത്തവണ തൃണമൂൽ കോൺഗ്രസ് കൂടി തിരഞ്ഞെടുപ്പ് കളത്തിൽ ഉണ്ട്. മിഷൻ മേഘാലയ പ്രഖ്യാപിച്ച് മമതയുടെ പ്രത്യേക റാലികളും പരിപാടികളും തൃണമൂൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മമതയ്ക്ക് ഇവിടെ അട്ടിമറി സൃഷ്ടിക്കാനാകുമോ അതോ കോൺഗ്രസിന്റെ വോട്ടുബാങ്കിൽ പാർട്ടി വലിയ വിള്ളൽ വീഴ്ത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications