ഗെലോട്ട്- പൈലറ്റ് തര്‍ക്കം തെരുവിലേക്ക്; അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, കോണ്‍ഗ്രസിന് തീരാതലവേദന
ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ട് - സച്ചിന്‍ പൈലറ്റ് തര്‍ക്കം തെരുവിലേക്കും. അജ്മീറില്‍ അശോക് ഗെലോട്ട് - സച്ചിന്‍ പൈലറ്റ് പക്ഷക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി പൊലീസ് അറിയിച്ചു. ക്രിസ്റ്റ്യന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ കരണ്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. എ ഐ സി സിയുടെ രാജസ്ഥാന്‍ കോ-ഇന്‍ചാര്‍ജ് അമൃത ധവാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു സംഘര്‍ഷം.
നഗരത്തിലെ വൈശാലി നഗര്‍ ഏരിയയിലെ സ്ഥലത്തായിരുന്നു യോഗം നിശ്ചയിച്ചത്. ഇരു നേതാക്കളുടെയും അനുയായികള്‍ തമ്മില്‍ ഉടലെടുത്ത ഇരിപ്പിട ക്രമീകരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ചതായി കരണ്‍ സിംഗ് പറഞ്ഞു. എന്നാല്‍ ഇരുപക്ഷത്തും കാര്യമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ മുന്‍നിര നേതാക്കളുടെ പോര് ദേശീയ നേതൃത്വത്തിനും തീരാതലവേദനയായി മാറിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സച്ചിന്‍ പൈലറ്റ് നടത്തിയ 'ജന്‍ സംഘര്‍ഷ് യാത്ര' വലിയ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കത്തിന് പുതിയ മാനം നല്‍കിയിരുന്നു. ഏപ്രിലില്‍ സച്ചിന്‍ പൈലറ്റ് വസുന്ധര രാജെ സര്‍ക്കാരിന്റെ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നടക്കുന്ന പോര് കോണ്‍ഗ്രസിനുള്ളില്‍ മുറകുകയാണ്. 2020 ല്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള 18 എം എല്‍ എമാര്‍ ഗെലോട്ട് സര്‍ക്കാരിന് എതിരെ വിമതനീക്കം നടത്തിയിരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന ഈ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ താഴെ വീഴും എന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിനെ ഗെലോട്ട് സര്‍ക്കാര്‍ അതിജീവിച്ചിരുന്നു.
ഇതിന് പിന്നാലെ കേന്ദ്ര നേതാക്കള്‍ ഇടപെട്ട് സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ഒത്തുതീര്‍പ്പായി മാറിയത്. അടുത്തിടെ രാജസ്ഥാനിലെ പ്രതിസന്ധി കാലത്ത് സര്‍ക്കാരിനെ രക്ഷിച്ചത് ബി ജെ പി നേതാവ് വസുന്ധര രാജെയാണെന്ന് അശോക് ഗെലോട്ട് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് എതിരെ സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നിരുന്നു. ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയാണെന്നും സോണിയ അല്ലെന്നുമായിരുന്നു സച്ചിന്റെ മറുപടി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ഭിന്നത രൂപപ്പെട്ടത്.












Click it and Unblock the Notifications