'യുപി ടൈപ്പ്'; ഉത്തർ പ്രദേശിലെ ജനങ്ങളെ നിർമല സീതാരാമൻ അപമാനിച്ചുവെന്ന് കോൺഗ്രസ്, 'മാപ്പ് പറയണം'
ദില്ലി: ഉത്തര്‍ പ്രദേശിലെ ജനങ്ങളെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. നിര്‍മല സീതാരാമന്‍ ഉത്തര്‍ പ്രദേശിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബജറ്റുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നേതാക്കള്‍ നടത്തിയ വാദപ്രതിവാദങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ വിവാദം.
നിര്‍മല സീതാരാമന്‍ ഇന്നലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രാജ്യമെമ്പാടും ദുരിതങ്ങളാണ്. നമ്മുടെ യുവാക്കള്‍ക്ക് മുന്നില്‍ ഒരു ഭാവി ഇല്ല. ഒരിക്കല്‍ കൂടി മോദി സര്‍ക്കാരിന്റെ ബജറ്റ് ഈ വേദനപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മോദി സര്‍ക്കാരിന്റെ ബജറ്റ് സീറോ ബജറ്റ് ആണ്. ജീവനക്കാര്‍ക്കോ മധ്യവര്‍ഗത്തിനോ പാവപ്പെട്ടവര്‍ക്കോ യുവാക്കള്‍ക്കോ കര്‍ഷകര്‍ക്കോ വേണ്ടി ഒന്നും ബജറ്റില്‍ ഇല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു.

സാമ്പത്തിക സഹമന്ത്രി പങ്കജ് ചൗധരി രാഹല്‍ ഗാന്ധിക്ക് മറുപടിയുമായി രംഗത്ത് എത്തി. ഭാവിയിലേക്കുളള ഈ ബജറ്റ് ചിലപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് മനസ്സിലായിക്കാണില്ല എന്നാണ് പങ്കജ് ചൗധരി പ്രതികരിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുളള ബിജെപി എംപി കൂടിയാണ് പങ്കജ് ചൗധരി. പിന്നാലെ പ്രതികരണവുമായി നിര്‍മല സീതാരാമന്‍ തന്നെ രംഗത്ത് എത്തി. ഉത്തര്‍ പ്രദേശില്‍ നിന്നും ഓടിപ്പോയ രാഹുല്‍ ഗാന്ധിക്ക് പങ്കജ് ചൗധരി നല്‍കിയത് ടിപ്പിക്കല്‍ യുപി ടൈപ്പ് മറുപടിയാണെന്നും അത് മതിയാകും എന്നുമാണ് നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്.
എന്താണ് പറഞ്ഞത് എന്ന് രാജ്യത്തെ ഏറ്റവും പഴക്കമുളള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് മനസ്സിലായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണ് എന്നും നിര്‍മല സീതാരാമന്‍ പരിഹസിച്ചു. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത് എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് നിര്‍മല സീതാരാമന്റെ പരിഹാസത്തിന് പ്രിയങ്ക ഗാന്ധിയുടെ തിരിച്ചടിയുമുണ്ടായി. ബജറ്റില്‍ ഉത്തര്‍ പ്രദേശിന് വേണ്ടി ഒന്നും ഇല്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. അതിനൊപ്പം എന്തായിരുന്നു ഉത്തര്‍ പ്രദേശിലെ ആളുകളെ ഇത്തരത്തില്‍ അപമാനിക്കേണ്ട ആവശ്യമെന്നും പ്രിയങ്ക ചോദിച്ചു. യുപി ടൈപ്പ് ആണെന്നതില്‍ ഇവിടുത്തെ ജനങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഇവിടുത്തെ ഭാഷയിലും സംസ്‌ക്കാരത്തിലും ചരിത്രത്തിലും അഭിമാനം മാത്രമേ ഉളളൂ എന്നും പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. ഉത്തർപ്രദേശിലെ 25 കോടി ജനങ്ങളെ ആണ് അപമാനിച്ചിരിക്കുന്നതെന്നും നിർമല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്ഷമ പറയണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു.












Click it and Unblock the Notifications