റഫാല്‍ കരാർ: മധ്യസ്ഥന് പണം നൽകിയെന്ന റിപ്പോർട്ട് തള്ളി ബിജെപി, അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ദില്ലി: റഫാല്‍ കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ഫ്രഞ്ച് കമ്പനിയായ ദസ്സോ ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളി കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പും കോണ്‍ഗ്രസ് പാര്‍ട്ടി ഇത് വലിയ വിഷയമാക്കിയിരുന്നുവെന്നും എന്നാല്‍ ഫലമുണ്ടായില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
''റഫേല്‍ വിഷയത്തെ കുറിച്ച് കോണ്‍ഗ്രസ് എന്തിനാണ് വീണ്ടും സംസാരിക്കുന്നത്. റാഫേല്‍ കരാറില്‍ പ്രശ്‌നമൊന്നും ഇല്ലെന്നാണ് സുപ്രീം കോടതിയും സിഎജിയും കണ്ടെത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാഫേല്‍ കരാര്‍ കോണ്‍ഗ്രസ് വലിയ വിവാദമാക്കിയതാണ്. എന്നാല്‍ അതില്‍ പരാജയപ്പെട്ടു. ഒരു ഫ്രണ്ട് ജേര്‍ണല്‍ ആണ് ഇതിപ്പോള്‍ വാര്‍ത്ത ആക്കിയിരിക്കുന്നത്. ഫ്രാന്‍സിലെ കോര്‍പറേറ്റ് തല മത്സരങ്ങളുടെ ഭാഗമായിട്ടാണിത്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിയില്‍ അറസ്റ്റിലായ സുഷേന്‍ ഗുപ്തയുടെ പേര് ആ വാര്‍ത്തയിലുണ്ട്. ഗുപ്തയെ അറിയാമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പരസ്യമായി പറഞ്ഞതാണ്'', രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

റാഫേല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ബാലക്കോട്ട് ആക്രമണത്തില്‍ അത് വലിയ സഹായമാകുമായിരുന്നു. ഉറി, ബലാക്കോട്ട് ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് തെളിവ് ചോദിച്ചിരുന്നു. രാജ്യത്തെ പ്രതിരോധ സേനയുടെ ആത്മധൈര്യത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
റാഫേല്‍ കരാറിലെ മധ്യസ്ഥന് പണം നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റാഫേല്‍ കരാര്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ശരിയാണെന്ന് വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. 2016ല്‍ റാഫേല്‍ കരാര്‍ ഒപ്പ് വെച്ചതിന് ശേഷം റാഫേല്‍ വിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ 1.1 മില്യണ്‍ യൂറോ ഇന്ത്യന്‍ കമ്പനിയായ ഡെഫ്‌സിസ് സൊലൂഷന്‍സിന് നല്‍കി എന്ന് ഫ്രഞ്ച് ആന്റി കറപ്ഷന്‍ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications