വഖഫ് ഭേദഗതി ബില്ലിനെതരെ കോൺഗ്രസ് നിയമപോരാട്ടത്തിലേക്ക്; സുപ്രീം കോടതിയിൽ ഹർജി
ഡൽഹി: വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ്. എംപി മുഹമ്മദ് ജാവേദ് ആണ് ഹർജി ഫയൽ ചെയ്തത്. നിയമത്തിലെ വ്യവസ്ഥകൾ വഖഫ് സ്വത്തുക്കൾക്കും അവയുടെ നടത്തിപ്പിനും ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും മുസ്ലീം സമുദായത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ജാവേദ് പറഞ്ഞു. വഖഫ് (ഭേദഗതി) ബില്ലിനായുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ അംഗമായിരുന്ന വ്യക്തിയാണ് ജാവേദ്.
ആർട്ടിക്കിൾ 300 എ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്വത്തവകാശങ്ങളെ ദുർബലപ്പെടുത്തുന്നതാണ് വഖഫ് ബില്ലിലെ ഭേദഗതികൾ. വഖഫ് സ്വത്തുക്കളിലേക്ക് സർക്കാർ കൈകടുത്തുന്നതോടെ മതപരമായ ആവശ്യങ്ങൾക്കായി ഭൂമി കൊടുക്കാനുള്ള വ്യക്തികളുടെ കഴിവിനെ പരിമിതപ്പെടുത്തുകയാണ്. വഖഫ് സ്വത്തുക്കൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് നിയമം. മതപരമായ കാര്യങ്ങൾ മതേതരത്വ സംവിധാനങ്ങൾക്ക് കൈമാറുന്നത് മതപരമായ അവകാശങ്ങളിലേക്കുള്ള കൈകടത്തലാണെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ കൂടി ലംഘനമാണ് ഭേദഗതിയെന്നും അദ്ദേഹം ഹർജിയിൽ പറഞ്ഞു.

ഹിന്ദു, സിഖ് മത ട്രസ്റ്റുകൾ ഒരു പരിധിവരെ സ്വയം നിയന്ത്രണം ആസ്വദിക്കുമ്പോഴാണ് ഇത്തരത്തിൽ മുസ്ലീം സമുദായത്തിന്റെ അവകാശങ്ങളിൽ സർക്കാർ ഇടപെടലുകൾ നടത്തുന്നതെന്നും ജാവേദ് ഹർജിയിൽ പറഞ്ഞു. നിലവിലെ ബിൽ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം) ലംഘിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ലോക്‌സഭാ എം പിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ ഐ എം ഐ എം) മേധാവിയുമായ അസദുദ്ദീൻ ഒവൈസിയും ബില്ലിനെ എതിർത്ത് മറ്റൊരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വഖഫും അവയുടെ നടത്തിപ്പും ഭരണവുമെല്ലാം ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനാ സംരക്ഷണത്തിന് അർഹതയുണ്ടെന്നും ഒവൈസി ഹർജിയിൽ ചൂണ്ടിക്കാട്ടി.
'ജനങ്ങളുടെ ആഗ്രഹങ്ങളെയാണ് പാർലമെന്റ് പ്രതിനീധികരിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ഒരു കാവൽക്കാരനെന്ന നിലയിൽ സുപ്രീം കോടതി അതിന്റെ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണം', ഒവൈസി ഹർജിയിൽ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായത്. നീണ്ട 14 മണിക്കൂറത്തെ ചർച്ചയ്ക്ക് ശേഷമായിരുന്നു നടപടി. 125 പേരായിരുന്നു ബില്ലിനെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications