സിദ്ധരാമയ്യയ്‌ക്കെതിരായ ഒളിക്യാമറാ വിവാദം; കൃപ ആല്‍വയെ പുറത്താക്കി കോണ്‍ഗ്രസ്
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന്, പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൃപ ആല്‍വയെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ആറ് വര്‍ഷത്തേക്ക് പുറത്താക്കി. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും. കെപിസിസി വൈസ് പ്രസിഡന്റ് എം. നാരായണസ്വാമിയാണ് കൃപയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാദം മാധ്യമങ്ങളില്‍ നെഗറ്റീവ് വാര്‍ത്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും വഴിവെക്കുകയും അതുവഴി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തതു എന്നാണ് പുറത്താക്കല്‍ ഉത്തരവില്‍ പറയുന്നത്. 'ഈ സ്റ്റിംഗ് ഓപ്പറേഷന്‍ കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ പേര് ഉയര്‍ന്നുവരികയും, ഇക്കാര്യത്തിലുള്ള നിങ്ങളുടെ പെരുമാറ്റം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍, കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം, നിങ്ങളെ പാര്‍ട്ടയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കുന്നു.,' എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ വിശദീകരണം തേടിക്കൊണ്ട് കൃപ ആല്‍വയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, ഇതുവരെ അവര്‍ യാതൊരു മറുപടിയോ വിശദീകരണമോ നല്‍കിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ അപകീര്‍ത്തികരമായ വീഡിയോയ്ക്ക് പിന്നില്‍ കൃപ ആല്‍വയാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
ഈ വീഡിയോ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ തടഞ്ഞുകൊണ്ട് അദ്ദേഹം കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവും നേടിയിട്ടുണ്ട്. സിദ്ധരാമയ്യയ്ക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള ലൈംഗിക പീഡന ആരോപണം കൃത്രിമമായി മെനഞ്ഞെടുത്തതും ബോധപൂര്‍വം കെട്ടിച്ചമച്ചതുമായ ഒരു കഥയുടെ ഭാഗമാണെന്നാണ് ബെംഗളൂരു പൊലീസ് കണ്ടെത്തല്‍.
വീഡിയോയില്‍ പരാമര്‍ശിച്ചിരിക്കുന്ന തരത്തിലുള്ള ഒരു സംഭവവും നടന്നതായി സ്ഥിരീകരിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ തീരദേശ മേഖലയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവാണ് കൃപ ആല്‍വ. കെ പി സി സിയില്‍ വിവിധ സംഘടനാ പദവികള്‍ വഹിച്ചിട്ടുള്ള കൃപ പാര്‍ട്ടിയുടെ വക്താവായും, സംസ്ഥാനതല പ്രചാരണ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
1992-ല്‍ കൊല്ലപ്പെട്ട, മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയ വ്യക്തിത്വവുമായിരുന്ന അമര്‍ ആല്‍വയുടെ ഭാര്യയാണ് കൃപ ആല്‍വ. 2015-ല്‍, സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷയായിരുന്നു.
സിദ്ധരാമയ്യയെ ഒളിക്യാമറ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചത് എന്നും ഡികെ ശിവകുമാറാണ് ഇതിന് പിന്നിലെന്നും ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം കൊടുമ്പിരിക്കൊണ്ടത്


Click it and Unblock the Notifications
