കോണ്‍ഗ്രസ് നോട്ടം 150 സീറ്റില്‍; ചര്‍ച്ച വഴിമുട്ടുമോ? ഉത്തര്‍ പ്രദേശില്‍ ഇത്തവണ പോരാട്ടം കനക്കും
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 150 സീറ്റില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ആലോചന. സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് മല്‍സരിക്കുക എന്നാണ് ഇതുവരെയുള്ള വിവരം. സഖ്യമുണ്ടാകുമെന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പറയുന്നു. എങ്കിലും സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്.
എസ്പിക്കൊപ്പവും ബിഎസ്പിക്കൊപ്പവും സഖ്യം ചേര്‍ന്ന് മല്‍സരിച്ചിട്ടുണ്ട് കോണ്‍ഗ്രസ്. ബിഎസ്പിയുടെ ശക്തി ക്ഷയിച്ചതോടെ ഉത്തര്‍ പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി എസ്പി മാത്രമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ എസ്പിക്കൊപ്പം ചേര്‍ന്നു നിന്നാണ് തിരഞ്ഞെടുപ്പ് നേരിടുക. ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചേക്കില്ല.

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു ഉത്തര്‍ പ്രദേശ്. 1990കള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് കാലിനടിയിലെ മണ്ണ് നഷ്ടമായത്. ന്യൂനപക്ഷവും പിന്നാക്ക വിഭാഗങ്ങളും കോണ്‍ഗ്രസിനെ കൈവിട്ട് മറ്റു പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം ചേരുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ വന്നു. മാത്രമല്ല, ബിജെപിയുടെ ശക്തമായ മുന്നേറ്റത്തില്‍ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും അടിതെറ്റുകയും ചെയ്തു.
എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് കരുത്ത് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എസ്‌ഐആര്‍ വിവാദം, ജെന്‍സി സമരം, ബിജെപിക്കെതിരായ വികാരം, അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ഇതെല്ലാം പ്രതിപക്ഷ ചേരിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. ബിജെപി ഏത് രീതിയില്‍ തിരഞ്ഞെടുപ്പ് നേരിടുമെന്നാണ് അറിയേണ്ടത്. എന്നാല്‍ ആര്‍എസ്എസ് സ്വാധീനത്തില്‍ കൃത്യമായ പദ്ധതി ആവിഷ്‌കരിച്ച് ജയിക്കാന്‍ സാധിക്കുമെന്ന് കരുതുന്ന ബിജെപി നേതാക്കളുമുണ്ട്.
എന്നാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്
അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാകും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. 403 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 150 സീറ്റുകളില്‍ മല്‍സരിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതത്രെ. ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് കണ്ടെത്തി എന്നാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ എസ്പിയാണ് സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം എടുക്കുക.
മൂന്ന് കാറ്റഗറിയായി മണ്ഡലങ്ങളെ തിരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 150 സീറ്റുകള്‍ എ കാറ്റഗറിയില്‍ വരുന്നുണ്ട്. ഇവ ആവശ്യപ്പെടാനാണ് ധാരണ. എന്നാല്‍ എസ്പി ഇത്രയും സീറ്റ് വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ സീറ്റ് വിഭജന ചര്‍ച്ച കീറാമുട്ടിയാകും. എങ്കിലും 100ല്‍ താഴെ സീറ്റുകളില്‍ മല്‍സരിക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
2024ല്‍ കരുത്തരായി എസ്പിയും കോണ്‍ഗ്രസും
ബ്രാഹ്മിണ്‍, ദളിത് വോട്ടുകള്‍ നോട്ടമിട്ടാണ് കോണ്‍ഗ്രസ് നീക്കം. ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, സഹാറന്‍പൂര്‍ എംപി ഇമ്രാന്‍ മസൂദ് എന്നിവരെ മുന്നില്‍ നിര്‍ത്തി മുസ്ലീം വോട്ടുകള്‍ പിടിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതേസമയം, ഇന്ത്യ സഖ്യത്തില്‍ ചേരാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതൃത്വവും യുപിയില്‍ മല്‍സരിക്കാനുള്ള സാധ്യത തേടുന്നുണ്ട്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിക്ക് അഞ്ച് സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചിരുന്നത്. 2024 ആയപ്പോള്‍ എസ്പി 37 സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും ജയിച്ചു. എന്‍ഡിഎയെ പിന്നിലാക്കിയാണ് അന്ന് ഇന്ത്യ സഖ്യം ഉത്തര്‍ പ്രദേശില്‍ കുതിച്ചത്. ഇത് കേന്ദ്രത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായി. തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വലിയ പ്രതീക്ഷയിലാണ്.


Click it and Unblock the Notifications
