കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ 'മിഷൻ യുപി'; ഉത്തർപ്രദേശിൽ പതിവുകൾ പൊളിച്ച് കോൺഗ്രസ്..പ്രഖ്യാപനം ഉടൻ

Google Oneindia Malayalam News

ദില്ലി; ഒരു കാലത്ത് കോൺഗ്രസിന്റെ തട്ടകമായിരുന്ന ഉത്തർപ്രദേശിൽ ഇപ്പോൾ പാർട്ടിക്ക് വലിയ സ്വാധീനമില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പോലും വെറും 7 സീറ്റിലായിരുന്നു കോൺഗ്രസ് വിജയിച്ചത്.എന്നാൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സംസ്ഥാനത്ത് അരയും തലയും മുറുക്കി ഇറങ്ങുകയാണ് കോൺഗ്രസ്.

നിലവിലെ സ്ഥിതിയിൽ തനിച്ച് സംസ്ഥാനത്ത് അധികാരം പിടിക്കാമെന്ന വ്യാമോഹമൊന്നും കോൺഗ്രസിനില്ല. മുഖ്യ പ്രതിപക്ഷ പാർട്ടിയായ സമാജ്വാദിയേയും ബിഎസ്പിയേയും മറികടക്കുകയെന്നതാണ് പാർട്ടി ലക്ഷ്യം. ഇതിനായി പതിവുകൾ പൊളിച്ചുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. വിശദാംശങ്ങളിലേക്ക്

1

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റുകളിൽ കോൺഗ്രസിന് ലഭിച്ചത് വെറും 7 സീറ്റുകൾ. സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ട് കൂടിയായിരുന്നു ഈ ദയനീയ പ്രകടനം. എന്നാൽ ഇത്തവണ സംസ്ഥാനത്ത് വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് നേതൃത്വം. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പ്രവർത്തർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഘടനാ ദൗർബല്യമാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ ശാപം. പാർട്ടിയെ അടിമുടി പൊളിച്ച് കൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി ഇതിന് പരിഹാരം കണ്ടത്. ഇതിനോടകം തന്നെ താഴെ തട്ടിൽ ഉൾപ്പെടെ വലിയ പൊളിച്ചെഴുത്തുകൾ പ്രിയങ്ക ഗാന്ധി നടത്തി കഴിഞ്ഞു.

2

തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തകർക്ക് പ്രത്യേക പരിശീലനങ്ങളും കോൺഗ്രസ് നടത്തി വരികയാണ്. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലുമുള്ള നേതാക്കൾക്കാണ് പരിശീലനം നൽകിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഭവർ ജിതേന്ദ്ര സിംങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ദീപേന്ദ്ര ഹൂഡ, പ്രിയങ്ക ഗാന്ധി ,വർഷ ഗൈയ്ക്ക്വാദ്, അജയ് സിംഗ് ലല്ലു തുടങ്ങിയവരാണ് സമിതി അംഗങ്ങൾ. ഇത് കൂടാതെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിൽ പ്രത്യേക തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

3

ഇപ്പോഴിതാ ഉടൻ തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാൻ ഒരുങ്ങുകയാണ് കോൺഗ്രസ് എന്നാണ് വിവരം.സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാറുള്ളത്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി നേതാക്കൾക്ക് അതത് മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാൻ അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നീക്കം. നിലവിൽ 150 സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തിയിട്ടുണ്ടെന്നും നവരാത്രി ദിനത്തോടനുബന്ധിച്ച് പട്ടിക പുറത്തുവിടുമെന്നും ദേശീയ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.

4

നേരത്തേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ 11,000 രൂപ നിക്ഷേപമായി നൽകണമെന്ന് കോണ‍ഗ്രസ് സർക്കുലർ ഇറക്കിയിരുന്നു.മാത്രമല്ല മത്സരിക്കാൻ താത്പര്യമുള്ള വ്യക്തികൾക്ക് മുൻപ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നോ, നേതാവെന്ന നിലയിലുള്ള പ്രകടനം, മത്സര രംഗത്തെ അനുഭവങ്ങൾ , സോഷ്യൽ മീഡിയയിലെ സാന്നിധ്യം എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഉൾപ്പെടുന്ന അപേക്ഷയും പൂരിപ്പിച്ച് നൽകാൻ നേതൃത്വം വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന് ഏറെ നിര്ണായകമായത് കൊണ്ട് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പഴുതടച്ചുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്.

5

അതേസമയം അപേക്ഷ സമർപ്പിച്ച് പണമടച്ച മുഴുവൻ പേർക്കും അവസരം നൽകില്ലെന്ന സൂചനയാണ് നേരത്തേ തന്നെ നേതൃത്വം നൽകിയത്. ഓരോ മണ്ഡലത്തിലേയും സാധ്യതകൾ പരിശോധിച്ച് പരമാവധി ജനപ്രിയരായ നേതാക്കളെ മത്സരിപ്പിക്കാനാണ് പാർട്ടി തിരുമാനം. സ്ഥാനാർത്ഥികളെ കണ്ടെത്താനായി ജില്ലാ കമ്മിറ്റികളോടും പ്രാദേശിക തലത്തിൽ നിന്നും നേതാക്കളോട് പ്രിയങ്ക അഭിപ്രായം തേടിയിരുന്നു.

7

അതിനിടെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള പട്ടിക പാർട്ടി പരിശോധിച്ചുവെന്നും ചില മണ്ഡലങ്ങളിൽ ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നേതാക്കളോട് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി . പോളിംഗ് തന്ത്രങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 78 നിയമസഭ മണ്ഡലങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുൽ പറയുന്നു.

7

പോളിംഗ് തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് സ്വപ്നം കാണുന്നില്ല. സ്ഥാനാർത്ഥികൾക്ക് വോട്ടർമാരിലേക്ക് എത്താൻ മതിയായ സമയം ലഭിക്കുന്നതിനാണ് പതിവ് രീതികളിൽ നിന്ന് വിരുദ്ധമായി സ്ഥാനാർത്ഥികളെ നേരത്തെ കണ്ടെത്തിയതെന്നും നേതാക്കൾ പ്രതികരിച്ചു. അതിനിടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നതിനുള്ള ചർച്ചകളും കോൺഗ്രസിൽ സജീവമായി. സ്ത്രീ സുരക്ഷയ്ക്കും കർഷകരുടെ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന പ്രകടന പത്രികയാകും കോൺഗ്രസിന്റേതെന്ന് നേരത്തേ തിരഞ്ഞെടു്പപ് കമ്മിറ്റി അംഗം സൽമാൻ ഖുർഷിദ് വ്യക്തമാക്കിയിരുന്നു. കൂടാതെ ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലൾക്കും പ്രകടന പത്രികയിൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും പത്രിക തയ്യാറാക്കുക.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
8

അതേസമയം പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രിയങ്ക ഗാന്ധി അടുത്ത ആഴ്ചയോടെ ലഖ്നൗവിലെത്തും. തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവർ വിലയിരുത്തും. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബർ ആദ്യ ആഴ്ചയോടെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്രയ്ക്കും തുടക്കമാകും. 12,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലെ ഭൂരിപക്ഷം ഗ്രാമ-പ്രദേശ നഗരങ്ങളിലൂടെയാകും കടന്ന് പോകുക. മീററ്റ്, ഗൊരഖ്പൂർ, പ്രഗ്യാരാജ് തുടങ്ങിയ സുപ്രധാന പ്രദേശങ്ങളിലും പ്രിയങ്ക പദയാത്ര നടത്തും. അതേസമം പദയാത്രയ്ക്ക് ഒടുവിൽ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതിനോടകം തന്നെ പ്രിയങ്ക കോൺഗ്രസിനെ നയിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഈ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്നുള്ള സൂചനകൾ മുതിർന്ന നേതാക്കളും നൽകുന്നുണ്ട്. പ്രിയങ്ക എത്തുന്നത് കോൺഗ്രസിന് സംസ്ഥാനത്ത് വലിയ ബൂസ്റ്റാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാ്‍ ഹൈക്കമാന്റ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Congress finalized candidates in UPs 150 constituencies; may soon announce the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X