കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്തുചെയ്തു: നജ്മ ഹെപ്തുള്ള
മുംബൈ: മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ള. കോണ്‍ഗ്രസിന്റെ മതേതര മുഖം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുളള തന്ത്രം മാത്രമാണ്. കഴിഞ്ഞ 65 വര്‍ഷമായി വികസനത്തിന്റെ പാതയില്‍ നിന്നും മുസ്ലിങ്ങളെ തള്ളിപ്പുറത്താക്കുക മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്.
എന്നാലും കോണ്‍ഗ്രസ് സ്വയം വിളിക്കുന്നത് മതേതര പാര്‍ട്ടി എന്നാണ്. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴും രാജ്യത്ത് വര്‍ഗീയ കലാപങ്ങളില്‍ ഒരു കുറവും ഉണ്ടായില്ല. എന്ന് മാത്രമല്ല അതിന്റെ എണ്ണം കൂടിക്കൊണ്ടിരുന്നു - നജ്മ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വികസന അജണ്ട തയ്യാറാക്കാനുള്ള പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നജ്മ.

കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടില്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം വരെ എത്തുമായിരുന്നു. 2004 ല്‍ എന്‍ ഡി എയ്‌ക്കെതിരെ കോണ്‍ഗ്രസ് വിജയിച്ചുനില്‍ക്കുമ്പോഴാണ് താന്‍ പാര്‍ട്ടി വിട്ടത്. രാജ്യസഭയിലെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു അപ്പോള്‍ താന്‍. കോണ്‍ഗ്രസില്‍ നിന്നിരുന്നെങ്കില്‍ ഇതിനോടകം രാഷ്ട്രപതി വരെ ആയിട്ടുണ്ടാകുമായിരുന്നു. എന്നാല്‍ തനിക്ക് മനസമാധാനം കിട്ടുമായിരുന്നില്ല.
കോണ്‍ഗ്രസ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരുപാട് മാറിപ്പോയി. ഇന്ന് മുസ്ലിങ്ങള്‍ക്ക് വലിയ വലിയ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഒന്നും പ്രാവര്‍ത്തികമാക്കില്ല. നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ 25000 മുസ്ലിങ്ങള്‍ കൊല്ലപ്പെടും എന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിപ്പോയി എന്നും അഞ്ച് തവണ രാജ്യസഭാംഗമായ നജ്മ ഹെപ്തുള്ള പറഞ്ഞു.












Click it and Unblock the Notifications