രാജസ്ഥാനില്‍ സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യല്ലേയെന്ന അഭ്യർത്ഥനയുമായി കോണ്‍ഗ്രസ്
ജയ്പൂർ: തങ്ങളുടെ സ്ഥാനാർത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓരോ പാർട്ടികളും ജനങ്ങളെ സമീപിക്കുന്നതാണ് ഏത് തിരഞ്ഞെടുപ്പായാലും പ്രധാന പ്രചരണ രീതി. എന്നാല്‍ രാജസ്ഥാനിലെ ഗോത്രവർഗക്കാർ കൂടുതലുള്ള ബൻസ്‌വാര-ദുംഗർപൂർ ലോക്‌സഭാ മണ്ഡലത്തിലേക്ക് വരികയാണെങ്കില്‍ തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന് കോൺഗ്രസ് ജനങ്ങളോട് അഭ്യർഥിക്കുന്ന വിചിത്രമായ കാഴ്ച കാണാന്‍ സാധിക്കും.
നിരവധി ചർച്ചകള്‍ക്കൊടുവില്‍ ഭാരത് ആദിവാസി പാർട്ടിയുമായി (ബിഎപി) സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിക്കുകയും ഇരു പാർട്ടികളും അവരുടെ സംയുക്ത സ്ഥാനാർത്ഥിയായി രാജ്കുമാർ റോട്ടിനെ രംഗത്തിറക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, സഖ്യ പ്രഖ്യാപനത്തിന് മുമ്പ് തീരുമാനിച്ച കോൺഗ്രസ് സ്ഥാനാർത്ഥി അരവിന്ദ് ദാമോർ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയ്യാറായില്ല. ഇതോടെയാണ് കോണ്‍ഗ്രസിന് സ്വന്തം പാർട്ടിക്കെതിരെ പ്രചരണം നടത്തേണ്ടി വന്നത്.

ബി ജെ പിയും കോൺഗ്രസ്-ബി എ പി സഖ്യവും തമ്മിലുള്ള നേരിട്ടുള്ള മത്സരം പ്രതീക്ഷിച്ച ഇടത്ത് നിന്നും ശക്തമായ ത്രികോണ മത്സരത്തിലേക്ക് എത്തിക്കാന്‍ അരവിന്ദ് ദാമോറിന് സാധിച്ചിട്ടുണ്ട്. പ്രചരണത്തിലും അദ്ദേഹം സജീവമാണ്. ഇതോടെ സ്വന്തം അണികളെ കൂടുതല്‍ ബോധവത്കരിക്കേണ്ട സാഹചര്യം കോണ്‍ഗ്രസിന് ഉണ്ടാകുകയായിരുന്നു. അരവിന്റെ മത്സരം കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ബി ജെ പി സ്ഥാനാർത്ഥി മഹേന്ദ്രജിത് സിംഗ് മാളവ്യയ്ക്ക് മുൻതൂക്കം നൽകുകയും ചെയ്യുന്നു.
സ്വന്തം സ്ഥാനാർത്ഥിക്ക് പകരം റോട്ടിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ജനങ്ങളോട് അഭ്യർത്ഥിക്കുമ്പോൾ, ബിഎപിയുമായുള്ള സഖ്യത്തിന് എതിരായ പാർട്ടി നേതാക്കളുടേയും പ്രവർത്തകരുടേയും പിന്തുണ തനിക്കുണ്ടെന്നാണ് അരവിന്റെ അവകാശവാദം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി റോട്ടിനെ പിന്തുണയ്ക്കുന്നതായി ജില്ലാതല നേതാവും കോൺഗ്രസ് എംഎൽഎ അർജുൻ ബാംനിയയുടെ മകനുമായ വികാസ് ബാംനിയ പറഞ്ഞു.
"ഞങ്ങളുടെ നിലപാട് വ്യക്തമാണ്, ഞങ്ങൾ ഒറ്റക്കെട്ടായി ബിഎപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നു. ജനങ്ങളുടെ വികാരവും പാർട്ടിയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും കണക്കിലെടുത്താണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, ബാംനിയ പറഞ്ഞു. കോൺഗ്രസ്-ബിഎപി സഖ്യത്തിൻ്റെ ഔദ്യോഗിക സ്ഥാനാർഥി റോട്ടാണെന്ന് മറ്റൊരു പ്രാദേശിക കോൺഗ്രസ് നേതാവും വ്യക്തമാക്കി.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ രാജസ്ഥാനിൽ സ്ഥാപിതമായ ബി എ പിക്ക് റോട്ട് ഉൾപ്പെടെ മൂന്ന് എം എൽ എമാർ നിയമസഭയിലുണ്ട്. ബൻസ്‌വാര-ദുംഗർപൂർ പട്ടികവർഗ സംവരണ സീറ്റാണ്. ഇവിടേക്ക് റോട്ട് വരുന്നതോടെ കോണ്‍ഗ്രസ് വിജയ സാധ്യതയും മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ സ്വന്തം പാർട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നേരത്തെ സ്ഥാനാർത്ഥിയായി കണ്ടെത്തിയ അരവിന്ദ് ദാമോർ തയ്യാറാവാതിരിക്കുകയായിരുന്നു.












Click it and Unblock the Notifications