ദല്‍ഹി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റം; ആം ആദ്മിക്ക് പിന്തുണ?
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദല്‍ഹി ഓര്‍ഡിനന്‍സില്‍ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്. നേരത്തെ ആം ആദ്മി സര്‍ക്കാരിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്ന കോണ്‍ഗ്രസ് നിലപാടില്‍ മാറ്റം വരുത്തുന്നു എന്നാണ് സൂചന. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ ഇന്നത്തെ പ്രതികരണം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
'സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഫെഡറല്‍ ഘടനയ്ക്കെതിരായ ഏത് ആക്രമണത്തെയും കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും എതിര്‍ത്തിട്ടുണ്ട്, അത് തുടരും. പാര്‍ലമെന്റിനകത്തും പുറത്തും' എന്നാണ് ജയ്‌റാം രമേശ് ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത് ദല്‍ഹി ഓര്‍ഡിന്‍സിനെതിരായ ആം ആദ്മി പാര്‍ട്ടിയുടെ പോരാട്ടത്തെ പിന്തുണക്കുന്നു എന്ന സൂചനയാണ് എന്നാണ് നിഗമനം.

ഓര്‍ഡിനന്‍സ് ബില്ലിനെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എതിര്‍ക്കുമോ എന്ന ചോദ്യത്തിനായിരുന്നു സംസ്ഥാന സര്‍ക്കാരുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടികളെ പാര്‍ട്ടി തുടര്‍ച്ചയായി എതിര്‍ക്കുന്നുണ്ട് എന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടിയത്.
നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളിലും ഭാവി യോഗങ്ങളിലും പങ്കെടുക്കണമെങ്കില്‍ കോണ്‍ഗ്രസ് ദല്‍ഹി ഓര്‍ഡിനന്‍സില്‍ വ്യക്തമായ അഭിപ്രായം പറയണം എന്ന് ആം ആദ്മി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ വിഷയത്തില്‍ എ എ പിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്.
പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം ചേര്‍ന്നിരുന്നു. ദല്‍ഹിയിലെ സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം മെയ് 19 ന് ആണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പൊലീസ്, പൊതു ക്രമം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടവ ഒഴിവാക്കി ദല്‍ഹിയിലെ സേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനാണ് എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
ഇതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് നീക്കം. കേന്ദ്ര നീക്കത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജ്യവ്യാപകമായി പര്യടനം നടത്തി ബിജെപി ഇതര കക്ഷികളില്‍ നിന്ന് പിന്തുണ തേടിയിരുന്നു. രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികള്‍ വിഷയത്തില്‍ ആം ആദ്മി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാട്‌നയില്‍ കഴിഞ്ഞ പ്രതിപക്ഷ യോഗത്തില്‍ ആം ആദ്മി ഓര്‍ഡിനന്‍സ് വിഷയം മുന്നോട്ടുവെച്ചിരുന്നു.












Click it and Unblock the Notifications