വടിയെടുത്ത് ഹൈക്കമാന്റ്; 'തരൂർ ഉടൻ സോണിയയുടെ വസതിയിൽ എത്തണം'
ഡൽഹി: ലേഖന വിവാദത്തിൽ ഹൈക്കമാന്റ് ഇടപെടൽ. ഉടൻ തന്നെ ശശി തരൂർ സോണിയ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ എത്തണമെന്ന് ലോക്സസഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പിണറായി സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാർട്ടിയിൽ വലിയ ചർച്ചക്കും വിമർശനങ്ങൾക്കുമാണ് വഴിവെച്ചത്. ലേഖനത്തിനെതിരെ സംസ്ഥാന നേതൃത്വം ഹൈക്കമാന്റിൽ പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് തരൂരിനെ നേതൃത്വം വിളിപ്പിച്ചത്.
ഉടൻ തന്നെ ശശി തരൂരും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ചയിൽ പങ്കെടുക്കുമോയെന്നത് വ്യക്തമല്ല. പിണറായി വിജയൻ സർക്കാർ വ്യാവസായിക രംഗത്ത് കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തിയായിരുന്നു ശശി തരൂർ കുറിപ്പ് പങ്കിട്ടത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുന്നുവെന്നായിരുന്നു പരാമർശം. ലേഖനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.

ഇതോടെ ഫേസ്ബുക്കിലൂടെ തരൂർ വിശദീകരണം നൽകി. 'ആ ലേഖനത്തിൽ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിൽ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും കേരളത്തിന് കാതലായ വളർച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഒരു ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റ് എ കെ ആൻറണി സർക്കാറിൻ്റെ കാലത്ത് നടത്തിയതും പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു. സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തിൽ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതിൽ മാറ്റങ്ങൾ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകൾ ആയിരുന്നു എൻ്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം', എന്നായിരുന്നു തരൂർ വ്യക്തമാക്കിയത്.
അതേസമയം തരൂരിന്റെ അഭിപ്രായം വലിയ രീതിയിൽ ഭരണപക്ഷവും ചർച്ചയാക്കി. കേരളം മുന്നേറണമെന്ന നമ്മുടെ നാടിന്റെ പൊതുവായ താത്പര്യമാണ് ശശി തരൂർ എംപി പ്രകീർത്തിച്ചത് എന്നായിരുന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്.












Click it and Unblock the Notifications